വിഷാംശം ഭയന്ന് മത്സ്യം വാങ്ങാനാളില്ല: തൊഴിലാളികള്‍ ദുരിതത്തില്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യമാണ് സംസ്ഥാനത്ത് എത്തുന്നതെന്ന് കണ്ടെത്തിയതോടെ മത്സ്യ വില്‍പനയും വിലയും ഗണ്യമായി കുറഞ്ഞു. ഉത്തര കേരളത്തിലെ മിക്ക മത്സ്യ മാര്‍ക്കറ്റുകളിലും ഇപ്പോള്‍ വ്യാപാരം മൂന്നിലൊന്നായി ചുരുങ്ങി. മത്സ്യവിലയിലും ഇടിവുണ്ടായിട്ടുണ്ട്.
തലശ്ശേരി മുതല്‍ പുതിയാപ്പ വരെയുള്ള 10 പ്രധാന മത്സ്യ മാര്‍ക്കറ്റുകളില്‍ ഇന്നലെ വ്യാപാരം പകുതിയില്‍ താഴെയായിരുന്നുവെന്ന് മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) സംസ്ഥാന ജന. സെക്രട്ടറി സാഹിര്‍ പാലക്കല്‍ പറഞ്ഞു. കേരളത്തിനു പുറത്തുനിന്നു വരുന്ന വളര്‍ത്തു മത്സ്യത്തിലാണ് വിഷ സാന്നിധ്യം കണ്ടെത്തിയതെന്നും കടല്‍മത്സ്യം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കമ്മിഷന്‍ ഏജന്റുമാര്‍ കൊണ്ടുവരുന്ന മത്സ്യത്തിലാണ് വിഷ സാന്നിധ്യം തെളിഞ്ഞത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്കു മത്സ്യം എത്തുന്നത്.
വിഷാംശം ഭയന്ന് തോണിക്കാര്‍ പിടിക്കുന്ന മത്സ്യം പോലും വാങ്ങാന്‍ ആളുകള്‍ തയാറാകുന്നില്ലെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ.പി അബ്ദുല്‍ കരീം പറഞ്ഞു. കേരളത്തിലെ ഹാര്‍ബറുകളില്‍നിന്ന് വിതരണം ചെയ്യുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിനോ മറ്റോ ചേര്‍ക്കുന്നില്ലെന്നും മായം ചേര്‍ത്ത മത്സ്യം സംസ്ഥാനത്തേക്കു കൊണ്ടുവരുന്നവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അയലയും മത്തിയും ചെമ്മീനും സുലഭമായി ലഭിക്കുന്ന സമയത്താണ് മായം ചേര്‍ക്കല്‍ വാര്‍ത്ത പുറത്തുവന്നതെന്നും ഇതു കച്ചവടത്തെ സാരമായി ബാധിച്ചതായും ചെറുകിട വ്യാപാരികള്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ കലൂരില്‍ കഴിഞ്ഞ 15ന് ട്രോളിങ് അവസാനിച്ച് ബോട്ടുകള്‍ കടലിലിറങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് വരുന്ന മത്സ്യത്തിനും ഡിമാന്‍ഡ് കുറഞ്ഞിട്ടുണ്ട്.
പെരുന്നാള്‍ സമയത്ത് കിലോക്ക് 1000 രൂപ കടന്ന അയക്കൂറക്ക് ഇപ്പോള്‍ 600 രൂപയും ആവോലിക്ക് 450 രൂപയും സ്രാവിന് 300 രൂപയുമാണ് വില. കഴിഞ്ഞ ദിവസം കിലോക്ക് 360 രൂപ വരെയായിരുന്ന അയലക്ക് 120 രൂപയായി കുറഞ്ഞു. 250 രൂപയുണ്ടായിരുന്ന തെരണ്ടിക്ക് 180 ഉം 240 രൂപവരെയുള്ള ചെമ്മീന് 180 ആയും കുറഞ്ഞു. 200 രൂപവരെയെത്തിയ മത്തിക്ക് 100 രൂപയാണ് ഇപ്പോള്‍ വില.
അതേസമയം മത്സ്യത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് സംയുക്ത സംഘത്തിന്റെ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, ഫിഷറീസ്, ആരോഗ്യ വകുപ്പ് എന്നിവ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുക. ജില്ലകളുടെ അതിര്‍ത്തികളിലും സംഭരണ, വിപണന കേന്ദ്രങ്ങളിലും പരിശോധന നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."