മെഡിക്കല്‍ കോളജില്‍ രോഗികള്‍ വരാന്തയില്‍: പ്രസവശേഷം 'തറ' വാര്‍ഡ്!
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡിന്റെ ഇപ്പോഴത്തെ അവസ്ഥ കാണേണ്ടതുതന്നെയാണ്. ചോരപ്പൈതങ്ങളും അമ്മമാരും തറയില്‍ പായവിരിച്ചു കിടന്നാണ് പരിചരിക്കപ്പെടുന്നത്. വാര്‍ഡ് നിറഞ്ഞുകവിഞ്ഞതു കാരണം വരാന്തകളില്‍ കിടന്നു ചികിത്സതേടുകയാണിവര്‍. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി ഭീഷണികള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രസവ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചിട്ടും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പ്രതിമാസം ഇവിടെ അഞ്ഞൂറോളം പ്രസവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. എന്നിട്ടും അറുപതു കിടക്കകള്‍ മാത്രമാണ് ഇപ്പോഴുമുള്ളത്.
വരാന്തകളില്‍ ചെറിയ കുട്ടികളുമായി കിടക്കുന്നതു വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പ്രസവ വാര്‍ഡിനു തൊട്ടടുത്താണ് മാനസികാരോഗ്യ പ്രശ്‌നമുള്ളവരെ കിടത്തി ചികിത്സിക്കുന്ന കലാവതി വാര്‍ഡുള്ളത്. ഇവിടേയ്ക്കുള്ള വഴിയില്‍ പോലും ചോരക്കുഞ്ഞുങ്ങളുമായി അമ്മമാര്‍ കിടക്കാന്‍ സ്ഥലംതേടിയിരിക്കുകയാണ്. കലാവതി വാര്‍ഡിലേക്കു പോകണമെങ്കില്‍ പ്രസവ വാര്‍ഡിന്റെ വരാന്തവഴി വേണം കടന്നുപോകാന്‍.
മെഡിക്കല്‍ കോളജിലെ ഇത്തരം സ്ഥല പരിമിതി വിവിധ ഘട്ടങ്ങളിലായി നടന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധനകളിലും കണ്ടെത്തിയിരുന്നു.
എന്നാല്‍, മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ അനിവാര്യമായ ശ്രദ്ധ പതിപ്പിച്ചില്ലെന്നത് അമ്മമാരുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിനുതന്നെ ഭീഷണി സൃഷ്ടിക്കുകയാണ്. പനിയും മറ്റു പകര്‍ച്ചവ്യാധികളും ഭീഷണി സൃഷ്ടിക്കുമ്പോള്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും പരിചരണം കുറ്റമറ്റതാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."