ആര്‍.എം.പി നേതാക്കള്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി
വടകര/തിരുവനന്തപുരം: മണ്ഡലത്തിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനും തന്നെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ആര്‍.എം.പി നേതാക്കള്‍ ശ്രമിച്ചെന്ന് ആരോപിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
കെ.കെ രമ, എന്‍. വേണു, പി. കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരേ വക്കീല്‍ നോട്ടിസ് അയച്ചിരുന്നു.
പി. ജയരാജനെ കൊലയാളിയെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് പരാതി. അതേസമയം, വക്കീല്‍ നോട്ടിസ് ലഭിച്ചിട്ടില്ലെന്നും കിട്ടുന്നമുറക്ക് മറുപടി നല്‍കുമെന്നും ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞു. രണ്ട് കൊലക്കേസില്‍ പ്രതിയായ ആളെ കൊലയാളിയെന്നല്ലാതെ എന്ത് വിളിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താന്‍ സി.പി.എം നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ആര്‍.എം.പി നേതാവ് കെ.കെ രമക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കും പരാതി നല്‍കി.
വടകര ലോക്‌സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചുവെന്നാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."