നരേന്ദ്ര മോദി മഹാത്മാ ഗാന്ധി ആകുന്നുവോ?
ഒരു സാധാരണ രാഷ്ട്രീയക്കാരനായിരുന്നുവെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതി ഇപ്പോള്‍ അതിന്റെ അടിത്തട്ടില്‍ എത്തുമായിരുന്നു. എന്തെങ്കിലും പണിയെടുക്കുന്ന മൂന്ന് ഇന്ത്യക്കാരില്‍ രണ്ടു പേര്‍ക്കും അദ്ദേഹം മാര്‍ച്ച് 24നു പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ് ഒരു സര്‍വേ പറയുന്നത്. രണ്ടു മാസത്തിലേറെയായി പഴുത്തു വൃണമായിക്കിടക്കുന്ന കുടിയേറ്റക്കാരുടെ പ്രതിസന്ധി നേരിടുന്നതില്‍ അദ്ദേഹം വന്‍ പരാജയമാണ്. അടച്ചിരിപ്പ് തുടങ്ങിയതില്‍ പിന്നീട് ഇന്ത്യന്‍ ഭവനങ്ങളിലുള്ള പാതിപേരും തങ്ങള്‍ ആഹരിക്കുന്നതിന്റെ തവണകള്‍ കുറച്ചിരിക്കുന്നു. പക്ഷേ അത്ഭുതമെന്നു പറയട്ടെ, മോദിയോട് ആര്‍ക്കും യാതൊരു വിരോധവുമില്ല. അദ്ദേഹം എന്നത്തെയും പോലെ ജനസമ്മതന്‍.
മെയ് 12നു രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രധാനമന്ത്രി കുടിയേറ്റത്തൊഴിലാളികളോട് അനുതാപം കാണിച്ചില്ലെന്നതോ പോകട്ടെ, അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അംഗീകരിക്കുക പോലും ചെയ്തില്ല. മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്ത തരത്തില്‍ ആളുകള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചോ, അവശ്യസാധനങ്ങള്‍ കിട്ടാതാവുന്നതിനെക്കുറിച്ചോ തികച്ചും നിരാശാനിര്‍ഭരമായ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ മിണ്ടിയില്ല. മറ്റൊരു നേതാവിനും അതിജീവിക്കാനാകാത്ത ദുരന്തമായിരുന്നു 2016ലെ നോട്ടുനിരോധനം. അതുമൂലം ജനങ്ങള്‍ക്കുണ്ടായ വ്യാപകമായ ദുരിതങ്ങളെ അദ്ദേഹം എപ്രകാരം അംഗീകരിക്കാതിരുന്നുവോ അതുപോലെ തന്നെ. മോദിയാണ് വലിയൊരളവോളം ജനങ്ങള്‍ക്കു നേരിട്ട ദുരിതങ്ങള്‍ക്കു കാരണക്കാരന്‍. എന്നിട്ടും അദ്ദേഹം അവയ്ക്കു രാഷ്ട്രീയമായ വിലകൊടുക്കേണ്ടി വരാതിരിക്കുന്നത് എന്തുകൊണ്ടാണ്?. ജനങ്ങളുടെ പ്രയാസങ്ങളെ ബോധപൂര്‍വം അവഗണിക്കുന്നു. എന്നിട്ടും അദ്ദേഹം അപ്രാപ്യനും ക്രൂരനുമാണെന്നു ഭൂരിപക്ഷം ആളുകള്‍ക്കും തോന്നാത്തത് എന്തുകൊണ്ടാണ്?.
സാധാരണ നിലയിലുള്ള രാഷ്ട്രീയ വിശകലനങ്ങളെ കൂട്ടിക്കുഴക്കുന്ന ആളാണ് മോദി. അതായത്, വെറും രാഷ്ട്രീയമായ വ്യക്തിപ്രഭാവമല്ല അദ്ദേഹത്തിന്റേത്. ആ വ്യക്തിത്വം പാതി മതകീയമാണ്. ഒരു മിശിഹാ രൂപംപോലെ. മഹാത്മാ ഗാന്ധിയെപ്പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുണ്യവാള ബിംബമാണ് അദ്ദേഹം എന്നാണു രാഷ്ട്രീയ ചിന്തകനായ മോറിസ് ജോണ്‍സ് പറയുന്നത്. കുടുംബവുമായോ ഭൗതിക സ്വത്തുക്കളുമായോ യാതൊരു കെട്ടുപാടുകളുമില്ലാത്ത ഫക്കീര്‍ ആയി അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നു. ഇന്ത്യയെ രാഷ്ട്രീയമായി നയിക്കാന്‍ വേണ്ടി മാത്രമല്ല താന്‍ വന്നിട്ടുള്ളത്. അതിനോടൊപ്പം തന്നെ സാമൂഹ്യമായും ധാര്‍മികമായും ആത്മീയമായും കൂടിയുള്ള നേതൃത്വമാണ് തന്റേത് എന്നു വരുത്തിത്തീര്‍ക്കുന്നു. ഇതുമൂലമാണ് അദ്ദേഹം ജനങ്ങള്‍ പിന്തുണക്കുന്ന നേതാവു മാത്രം അല്ലാതിരിക്കുന്നത്.
ജനങ്ങളുടെ ദുരിതങ്ങള്‍
വിശ്വാസ്യതയുടെ പരീക്ഷണം
കഷ്ടപ്പാട് നേരിടുന്ന സമയത്ത് നാം മിശിഹായെ കൈവിടുകയില്ല. ദൈവത്തെ കൈവിടാത്ത പോലെ തന്നെയാണിത്. നമ്മുടെ വിശ്വാസം ഇരട്ടിയാവുകയാണു ചെയ്യുന്നത്. മോക്ഷത്തിലേക്കുള്ള കല്ലും മുള്ളും നിറഞ്ഞ ഈ പാതയില്‍ ദൈവത്തിനു മാത്രമേ നിങ്ങളെ നയിക്കാന്‍ കഴിയൂ. ഒരു തവണ മാത്രം നിത്യകൂലിക്കാരായ തൊഴിലാളികളുടെ കഷ്ടപ്പാടുകളെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹം അതിനെ തപസ്യ എന്നാണു വിശേഷിപ്പിച്ചത്. നോട്ടുനിരോധന നടപടിയെ അഴിമതിക്കെതിരായ യജ്ഞം എന്നു വിശേഷിപ്പിച്ചതു പോലെ. ഏപ്രില്‍ 14നു ഒന്നാം ലോക്ക് ഡൗണ്‍ നീട്ടിയപ്പോള്‍ അദ്ദേഹം ആത്മീയ തള്ളില്‍ നിറച്ചുവച്ച അതേ പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ത്യാഗത്തിനും തപസിനും വേണ്ടി ആവശ്യപ്പെട്ടു. ഗാന്ധിജി ജനങ്ങളോടു പറഞ്ഞത്, ഇന്ത്യ ത്യാഗങ്ങളിലൂടെയും സ്വയം വിമലീകരണത്തിലൂടെയും സ്വാതന്ത്ര്യം നേടിയെടുക്കുമെന്നാണ്. മോദി ജനങ്ങളോടു പറയുന്നത്, ഇങ്ങനെ അവരുടെ ആത്മത്യാഗങ്ങളുടെയും പ്രായശ്ചിത്തങ്ങളുടെയും അടിത്തറയ്ക്കുമേല്‍ താന്‍ ഒരു സ്വാശ്രയരാഷ്ട്രം അഥവാ ആത്മനിര്‍ഭര ഭാരതം പടുത്തുയര്‍ത്തും എന്നാണ്. ഇതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ പ്രാചീനമായ മാഹാത്മ്യങ്ങള്‍ എടുത്തുദ്ധരിച്ച് സ്വന്തം പ്രസംഗം തുടങ്ങുന്നത്.
ഒരു 'പ്രത്യേക നൈതിക' പ്രപഞ്ചത്തിലെ മിശിഹയാണു മോദി. ഈ പ്രപഞ്ചത്തില്‍ ഇന്ത്യ മഹത്തായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നമുക്ക് 1200 വര്‍ഷത്തെ അടിമത്തമാണ് ഉണ്ടായിരുന്നത് (സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള അടിമത്ത ബോധമടക്കം). നമ്മെ നമ്മുടെ പഴയ മാഹാത്മ്യത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ മോദി വന്നെത്തുന്നതു വരെ ഇതു തുടര്‍ന്നു. കൊറോണ വൈറസ് ഒരു പ്രയാസം ഇല്ലാതാക്കാന്‍ വേണ്ടിയുള്ള പരിശ്രമങ്ങളിലേക്കു നമ്മെ നയിക്കുന്ന പ്രതിസന്ധിയല്ല. ലോകനേതാക്കള്‍ ഇങ്ങനെയൊരു ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതും നടപടികള്‍ കൈക്കൊള്ളുന്നതും. എന്നാല്‍ കൊറോണ മോദിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയെ 'മഹത്തായ' ഒരു രാഷ്ട്രമാക്കി പുനര്‍ജനിപ്പിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള അവസരമാണ്. ഇതിനദ്ദേഹത്തിന് ആവശ്യം നിരുപാധികമായ വിശ്വാസമാണ്. ഈ ചട്ടക്കൂടില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ ഈ വിശ്വാസവഴിയിലെ ഒരു പരീക്ഷണമാണ്. നോട്ടുനിരോധനം പോലെത്തന്നെ. രാഷ്ട്രത്തിലും മോദിയുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് പരീക്ഷണവിധേയമാവുന്നത്. നിരാശരായ നിരവധി പേര്‍ ഈ വിശ്വാസത്തില്‍ തൂങ്ങിനില്‍ക്കുന്നത് യുക്തിയില്ലായ്കയില്ല. സ്വന്തം കഷ്ടപ്പാടുകള്‍ക്ക് അത് അര്‍ഥം നല്‍കുന്നുണ്ടല്ലോ. പൂര്‍ണമായ നിരാശാബോധത്തില്‍ ആണ്ടുമുങ്ങുന്നതിലും ഭേദമാണത്. മോദി അവരോടു പറയുന്നത്, നിസാരവും ദയനീയവുമായ ഈ അസ്തിത്വത്തെ മറികടന്ന് തങ്ങളേക്കാള്‍ വലിയ ചിലതിന്റെ ഭാഗമാകൂ എന്നാണ്.
ഈയിടെ ഈ വിശ്വാസത്തെ ചില അനുഷ്ഠാനങ്ങളിലൂടെ പവിത്രീകരിക്കുകയും ചെയ്തു. കോടിക്കണക്കിന് ആളുകള്‍ പാത്രം കൊട്ടിയതും വെളിച്ചം കൊളുത്തിയും അങ്ങിനെയാണ്. അതേസമയം താന്‍ യോഗ ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവിടുകയും ചെയ്തു. ഇത്തരം നടപടികളിലൂടെ ഇന്ത്യയ്ക്കുമേല്‍ തനിക്കുള്ള സാമൂഹ്യവും നൈതികവും ആത്മീയവുമായ നേതൃത്വം എന്ന അവകാശവാദം പറഞ്ഞുറപ്പിക്കുകയായിരുന്നു.
ആശ്വാസ നടപടികളോ,
സ്വന്തം ഔദാര്യങ്ങളോ?
വെളിപാടുകളുടെ പരിവേഷം നിറച്ചുവച്ചവയാണ് മോദിയുടെ പ്രസംഗങ്ങള്‍. പ്രതിസന്ധികള്‍ക്കിടയില്‍ ഏതാണ്ടെല്ലാ ദിവസങ്ങളിലും ജനങ്ങളുമായി സംവദിക്കുന്നവരാണ് ജനാധിപത്യത്തിലെ നേതാക്കള്‍ എന്നാണു പൊതുവിചാരം. അവരില്‍നിന്ന് വ്യത്യസ്തമായി ആഴ്ചകള്‍ കഴിയുമ്പോള്‍ ഒരിക്കല്‍ ആളുകളോട് സംസാരിക്കുന്ന നേതാവാണ് മോദി. പുതിയ വെളിപാടിനു വേണ്ടി ആളുകളൊക്കൊണ്ട് അദ്ദേഹം കാത്തിരിപ്പിക്കുന്നു. ആളുകള്‍ തങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പ്രകടിപ്പിക്കുകയായി. തുടര്‍ന്ന് നിശ്ചിതസമയത്ത് പ്രത്യക്ഷപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഒരുഭാഗം ഉദ്‌ബോധനങ്ങളാണ്, ഒരുഭാഗം കല്‍പനകളും. പലപ്പോഴും അമ്പരപ്പിക്കുന്ന വലിയൊരു പ്രഖ്യാപനം അതില്‍ പറ്റിച്ചേര്‍ന്നിരിക്കും. മറ്റു ലോകനേതാക്കള്‍ പ്രതിസന്ധികളെ മറികടക്കാനുള്ള നടപടി എന്ന നിലയില്‍ വളരെ സമചിത്തതയോടെ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചപ്പോള്‍ നരേന്ദ്ര മോദിയുടെ വെളിപാടുകള്‍ സത്യസായി ബാബ സ്വര്‍ണമുട്ടകള്‍ തുപ്പുന്നതു പോലെയായിരുന്നു. ഇരുപതു ലക്ഷം കോടി എന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. പാക്കേജിന്റെ കേമത്തംകൊണ്ട് കേള്‍വിക്കാരെ മയക്കാനായിരുന്നു ശ്രമം. അതിനെ അദ്ദേഹം മോദിയുടെ പാക്കേജ് എന്ന വിളിച്ചില്ല. (അത്തരം വിശേഷണങ്ങളെല്ലാം അദ്ദേഹം തനിക്ക് വിടുപണിയെടുക്കുന്ന മീഡിയക്ക് വിട്ടുകൊടുത്തു. ജനങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത ഔദാര്യങ്ങള്‍ സ്വന്തം കൈയില്‍നിന്ന് എടുത്തുകൊടുക്കുംപോലെ).
മോദിയുടെ പാക്കേജ് പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥക്ക് തുല്യമാണ്, അല്ലെങ്കില്‍ അതിനേക്കാള്‍ വലുതാണ് എന്നൊക്കെ ആരാധകര്‍ വിളിച്ചുകൂവി. യഥാര്‍ഥ സാമ്പത്തികാനുകൂല്യങ്ങള്‍ മറ്റു രാജ്യങ്ങളുടെ നിലവാരം വച്ചുനോക്കിയാലോ ഇന്ത്യയുടെ ആവശ്യങ്ങള്‍ വച്ചുനോക്കിയാലോ പോലും ഏതാനും ലക്ഷം കോടികള്‍ മാത്രമാണ്. അതില്‍തന്നെ കൂടുതലും സര്‍ക്കാര്‍ ഈടിന്മേലുള്ള വായ്പകളും സര്‍ക്കാരിനുള്ള കടമടച്ചു തീര്‍ക്കലുമാണ്. ഇതു ഗുജറാത്ത് ഭരിച്ച കാലത്ത് അദ്ദേഹം പ്രയോഗിച്ച പഴയൊരു തന്ത്രമാണ്.
ആരായിരിക്കും ഉത്തരവാദികള്‍?
ആത്മനിര്‍ഭര ഭാരതമെന്ന തന്റെ സങ്കല്‍പം യാഥാര്‍ഥ്യമാക്കുന്നതിനാവശ്യമായ നയങ്ങള്‍ രൂപപ്പെടുത്താനുള്ള ചുമതല ധനമന്ത്രി നിര്‍മ്മലാ സീതാരാമനെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. മോദി ഏതെങ്കിലും പദ്ധതി പ്രഖ്യാപിക്കാതിരിക്കുന്നതിനും വിശദാംശങ്ങളിലേക്ക് കടക്കാതിരിക്കുന്നതിനും കാരണം പ്രസ്തുത നയത്തിന്റെയോ പദ്ധതിയുടെയോ പേരില്‍ തന്നെ ആരും വിമര്‍ശിക്കരുത് എന്ന താല്‍പര്യം മൂലമാണ്. പദ്ധതികള്‍ പ്രതീക്ഷകള്‍ക്കൊത്ത് നടപ്പില്‍വരാതിരിക്കുമ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്വം മന്ത്രിമാര്‍ ഏറ്റെടുക്കുന്നു. കുടിയേറ്റത്തൊഴിലാളികളില്‍നിന്നു ട്രെയിന്‍ ടിക്കറ്റിന്റെ ചാര്‍ജ് ഈടാക്കുമ്പോള്‍ കുറ്റം റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റേതണ്. മോദിയുടെ മന്ത്രിമാര്‍ മനുഷ്യരാണ്, തെറ്റുപറ്റാവുന്നവരാണ്. അതിനാല്‍ കണക്കു പറയേണ്ടവരാണ്. മറുവശത്തോ, ഒരിക്കലും തെറ്റുപറ്റാത്ത, ആരോടും കണക്കു പറയേണ്ടതില്ലാത്ത മോദിയെന്ന അര്‍ധദൈവം!
ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇക്ക് തുല്യമായ പദവിയിലാണു മോദി സ്വയം പ്രതിഷ്ഠിച്ചിട്ടുള്ളത്. ഒരിക്കലും തെറ്റുപറ്റുന്ന, എല്ലാ സര്‍ക്കാര്‍ നടപടികളിലും അവസാനവാക്കായ, രാജ്യത്തിന്റെ രാഷ്ട്രീയദിശ നിര്‍ണയിക്കുന്ന ദൈവനിയുക്തനായ നേതാവ് എന്നാല്‍ സര്‍ക്കാരിന്റെ പരാജയങ്ങള്‍ക്ക് രാഷ്ട്രീയമായ കണക്കുപറയുന്നതിന് അപ്പുറത്താണദ്ദേഹം. അതിന്റെ ഉത്തരവാദിത്വം താഴെയുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകര്‍ത്താക്കളിലാണ്. മോദി ബാലറ്റ് പെട്ടികളിലൂടെ ജനാധിപത്യപരമായ നിയമസാധുത നേടാറുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പു കാലത്ത് അതിനെ മറികടക്കുന്ന മറ്റൊരുതരം നിയമസാധുത അദ്ദേഹം കൈവരിക്കുന്നു. അതാണ് അദ്ദേഹത്തെ പത്രസമ്മേളനങ്ങള്‍ക്ക് അതീതനാക്കുന്നത്, സുതാര്യതക്ക് അതീതനാക്കുന്നത്. ജനസമ്മതിയുടെ ബലത്തില്‍ അവയെ മുഴുവനും യാതൊരു ചാഞ്ചല്യവുമില്ലാതെ അദ്ദേഹം അവഗണിച്ചുതള്ളുന്നു.
മോദിയുടെ അര്‍ധമതകീയ സ്വാധീനത്തിനത്തിന്റെ ആകെത്തുക, ഒരിക്കലും തെറ്റുപറ്റുകയില്ല എന്നതാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പദ്ധതികള്‍ മനസിലായില്ലെന്നു വരാം. എങ്കിലും നിങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ പദ്ധതികള്‍ നിങ്ങള്‍ക്ക് മനസിലാകാത്തതാണു നല്ലത്. കാരണം അത് അദ്ദേഹത്തിന്റെ നിഗൂഢ പരിവേഷത്തിനും അപ്രാപ്യമായ അവ്യക്തതയ്ക്കും ആഴംനല്‍കുന്നു. സര്‍ക്കാര്‍ പദ്ധതികള്‍ വിവരിക്കുമ്പോള്‍ മോദിക്കിഷ്ടം ശബ്ദഘോഷങ്ങളുടെ ആവര്‍ത്തനമാണ്. മന്ത്രോച്ചാരണംപോലെ അദ്ദേഹം വാക്കുകളുടെ ആദ്യാക്ഷരങ്ങളും മറ്റും. ചേര്‍ത്തുണ്ടാക്കുന്ന പ്രയോഗങ്ങള്‍ വിതറുന്നു. വാഗ്ദാനങ്ങള്‍ അവ്യക്തമാണ്. പക്ഷേ, നിങ്ങള്‍ അവ വിശ്വസിക്കണം.
ഹിന്ദുവിന്റെ മതമാണ് പ്രധാനം
രാഷ്ട്രീയ സ്വയം സേവക് സംഘ് പതിറ്റാണ്ടുകള്‍കൊണ്ട് ഉണ്ടാക്കിയെടുത്തതാണ് മോദിയുടെ അര്‍ധമത പ്രതിഛായ. ഈ പ്രതിഛായ ഹിന്ദുവിന്റെ മതത്തെ ദേശീയമായ ആരാധന എന്ന കള്‍ട്ട് സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ഉപയോഗിച്ചു. വിയോജിപ്പിനെ നിയമവിരുദ്ധമാക്കാനും അതിനെ ഈശ്വരനിന്ദയായി മുദ്രകുത്താനും ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും എതിര്‍ക്കുന്നവരെ ദേശവിരുദ്ധരെന്നു പറഞ്ഞ് പുറത്താക്കാനും ഹിന്ദുമതത്തെ ഉപയോഗിച്ചു. ഈ മതസങ്കല്‍പത്തില്‍ ദേശീയ മിശിഹയായി സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു മോദി.
ഇതിന്റെ പരിണതി, ഏതാണ്ട് പരമാധികാരമുള്ള, യാഥാര്‍ഥ്യങ്ങളോട് പ്രതിപ്രവര്‍ത്തനം നടത്തുന്ന കാര്യത്തില്‍ പ്രകടമായി. കണക്കു പറയേണ്ടതില്ലാത്ത ഒരു നേതാവിനു കീഴില്‍ ജനാധിപത്യം വിനാശകരമായ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു എന്നതാണത്. നോട്ടുനിരോധനത്തിന്റെയും ജി.എസ്.ടിയുടെയും ഫലമായി ഇപ്പോള്‍തന്നെ പ്രയാസപ്പെടുന്ന സമ്പദ്‌വ്യവസ്ഥ വളരെ വിനാശകരമായ ആഘാതമേറ്റ അവസ്ഥയിലാണ്. അതിന്റെ ഫലങ്ങള്‍ പതിറ്റാണ്ടുകള്‍ നീണ്ടുനില്‍ക്കും. പട്ടിണിമരണങ്ങളുടെ വാര്‍ത്തകളുണ്ട്, ഒരുപക്ഷേ വാര്‍ത്തയില്‍ വരാത്തവ കൂടുതലുണ്ടാകും. പക്ഷേ പുതിയ ദേശീയ ബോധത്തിന്റെ കറുപ്പ് ഇത്തിരി കഴിച്ചേക്കുക. നാം ആത്മനിര്‍ഭര ഭാരതത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. മോദി ഒരു വ്യാജപ്രവാചകനാണെന്നു വയ്ക്കുക, നരകത്തിലേക്കുള്ള പാതയെ അദ്ദേഹം ജ്വലിക്കുന്ന വെളിച്ചംകൊണ്ട് പ്രശോഭിതമാക്കിയിരിക്കുന്നു.
(ഡല്‍ഹി സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചില്‍ റിസര്‍ച്ച് അസോസിയേറ്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."