പ്രണബ് മുഖര്‍ജിയുടെ മകന്‍ അടക്കം 55 പേരുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി, മുന്‍ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആദിര്‍ രഞ്ജന്‍ ചൗധരി, മുന്‍കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ ദീപ ദാസ് മുന്‍ഷി അടക്കമുള്ള 55 സ്ഥാനാര്‍ഥികളുടെ പട്ടിക ഇന്നലെ കോണ്‍ഗ്രസ് പുറത്തിറക്കി.
ഇത് അഞ്ചാമത്തെ പട്ടികയാണ് പാര്‍ട്ടി നേതൃത്വം പുറത്തുവിട്ടത്. ആന്ധ്രാപ്രദേശിലെ 22ഉം പ. ബംഗാളിലെ 11ഉം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികള്‍ ഇതില്‍ ഉള്‍പ്പെടും. തെലങ്കാനയില്‍ എട്ട്, ഒഡിഷയില്‍ ആറ്, അസമില്‍ അഞ്ച്, യു.പിയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ശനിയാഴ്ച ബംഗാളില്‍ സി.പി.എമ്മുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് 11 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
ബംഗാളിലെ ജംഗിപൂരില്‍നിന്നാണ് അബിജിത് മുഖര്‍ജി ജനവിധി തേടുക. ആദിര്‍ രഞ്ജന്‍ ചൗധരി ബെഹ്‌റാംപൂരിലും ദീപ ദാസ് മുന്‍ഷി റായ്‌ഗെഞ്ചിലും മത്സരിക്കും. ആന്ധ്രാപ്രദേശിലെ കാകിനഡയില്‍നിന്ന് മുന്‍കേന്ദ്ര മന്ത്രി എം.എം പള്ളം രാജുവും മുന്‍ രാജ്യസഭാംഗം ജെ.ഡി സീലം ബപ്പട്ട സംവരണം സീറ്റിലും മത്സരിക്കും. അസമിലെ മംഗള്‍ദോയ് മണ്ഡലത്തില്‍നിന്ന് മുന്‍രാജ്യസഭാംഗം ഭുപനേശ്വര്‍ കാലിത്തയും മുന്‍കേന്ദ്രമന്ത്രി ഭക്തി ചരണ്‍ ദാസ് ഒഡിഷയിലെ കലഹാണ്ടിയില്‍നിന്നും മത്സരിക്കും.
രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിനുശേഷമാണ് പട്ടിക പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."