എ.എ.പി-കോണ്‍ഗ്രസ് സഖ്യം: മധ്യസ്ഥതയുമായി ശരത്പവാര്‍
ന്യൂഡല്‍ഹി: എ.എ.പിയുമായുള്ള സഖ്യത്തെ ചൊല്ലി കോണ്‍ഗ്രസില്‍ രൂപംകൊണ്ട പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥതയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍.
ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതുമായും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായും ശരത് പവാര്‍ ചര്‍ച്ച നടത്തി. പിന്നീട് ജില്ലാ കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റുമാര്‍ എ.എ.പിയുമായുള്ള സഖ്യം സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കുകയും ചെയ്തു.
രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായും എ.എ.പി നേതാവ് സഞ്ജയ് സിങുമായും ശരത് പവാര്‍ ഇന്നലെ രാവിലെ ചര്‍ച്ച നടത്തിയ ശേഷമാണ് ഷീല ദീക്ഷിത് ഉള്‍പെടെയുള്ളവരുമായി ചര്‍ച്ച നടത്തിയത്.
എ.എ.പിയുമായി സഖ്യം വേണ്ടെന്ന് വ്യക്തമാക്കി ഷീലാ ദീക്ഷിത് രാഹുല്‍ ഗാന്ധിക്കും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിക്കും കത്ത് നല്‍കിയിരുന്നു. സഖ്യം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഷീലയുടെ നിലപാടിനെ തള്ളി ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ രംഗത്തെത്തി. ബി.ജെ.പിക്കെതിരേ സമാനമനസ്കരെയെല്ലാം കൂട്ടിയോജിപ്പിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
തെരഞ്ഞെടുപ്പില്‍ എ.എ.പിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാന ഘടകത്തിന്റെ എതിര്‍പ്പാണ് ഇതിനു കാരണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ത്രികോണ മത്സരമുണ്ടായാല്‍ കാര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമാകുമെന്ന വിലയിരുത്തലാണ് എ.എ.പിയുടേത്. ഇതിനിടയിലാണ് ശരത് പവാറും സമവായ ചര്‍ച്ചയുമായി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."