അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം മറ്റൊരു രാഷ്ട്രീയതന്ത്രം
അതിര്‍ത്തിയില്‍ മെയ് അഞ്ച് മുതല്‍ ചൈന തുടങ്ങിവച്ച സംഘര്‍ഷത്തിന് ഇന്നലെ വരെ അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസവും പ്രകോപന പ്രസ്താവനയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങില്‍ നിന്ന് ഉണ്ടായത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാനായി സൈന്യത്തോട് ഒരുങ്ങിയിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു യുദ്ധസാധ്യതയിലേക്കാണ് അദ്ദേഹം ഇതിലൂടെ സൂചന നല്‍കിയത്. അതു സംഭവിക്കുകയില്ലെങ്കിലും ഇത്തരം ആഹ്വാനങ്ങളിലൂടെ അദ്ദേഹം ലക്ഷ്യം വയ്ക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നായിരുന്നു. ഇതു ചൈന ലബോറട്ടറിയില്‍ വികസിപ്പിച്ചെടുത്ത വൈറസാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പരസ്യ പ്രസ്താവന നടത്തുകയും ചെയ്തു. ചൈനയുമായി വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കയില്‍ നിന്ന് ചൈനയ്‌ക്കെതിരേ നിരന്തരം പ്രസ്താവനകളും വന്നുകൊണ്ടിരുന്നു.
കൊറോണ വൈറസ് ലോകത്ത് പരത്തിയത് ചൈനയാണെന്നുള്ള ട്രംപിന്റെ ആരോപണം ചില രാഷ്ട്രങ്ങളെങ്കിലും ശ്രദ്ധിച്ചെന്നു വേണം കരുതാന്‍. ആരോപണത്തെ ട്രംപിന്റെ പതിവു വാചകമടിയായി തള്ളിക്കളയുവാന്‍ ഇന്ത്യയടക്കമുള്ള ചില രാഷ്ട്രങ്ങള്‍ തയാറായില്ല. അതിനെത്തുടര്‍ന്നാണ്, കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ആവശ്യപ്പെട്ടത്. ഈ നീക്കം ചൈനക്ക് വലിയ ക്ഷീണം ചെയ്തു. പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ജനപ്രീതിയില്‍ ഇത്തരം സംഭവങ്ങള്‍ വലിയ ഇടിവാണു വരുത്തിവച്ചത്. മാത്രമല്ല, ചൈനയില്‍ ലക്ഷങ്ങളാണ് രോഗം ബാധിച്ചു മരിച്ചതെന്നും ആ കണക്കുകള്‍ ലോകദൃഷ്ടിയില്‍ നിന്ന് ചൈന മറച്ചുവച്ചുവെന്ന ആരോപണവും ജിന്‍പിങ്ങിന്റെ ജനപ്രീതിയില്‍ സാരമായ ഇടിവ് ഉണ്ടാക്കി.
ഇതിനെയെല്ലാം തരണം ചെയ്യേണ്ടതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപ്രീതി തിരികെപ്പിടിക്കേണ്ടതും ജിന്‍പിങ്ങിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. ചൈനയ്‌ക്കെതിരേയുള്ള ലോക രാഷ്ട്രങ്ങളുടെയും ചൈനീസ് ജനതയുടെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും എതിര്‍പ്പുകള്‍ മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനുമാണ് ചൈനയുടെ പരമാധികാരിയായി മാറിയ പിങ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്നത്. രാഷ്ട്രീയക്കാരായ ഭരണാധികാരികള്‍ ഭരണരംഗത്തു പരാജയപ്പെടുമ്പോള്‍ രാഷ്ട്രങ്ങള്‍ യുദ്ധക്കളത്തിലേക്ക് നീങ്ങുമെന്ന ആപ്തവാക്യം ഇവിടെ അന്വര്‍ഥമാവുകയാണ്. ഈ ആപ്തവാക്യം ഇന്ത്യയ്ക്കും ചേരും.
കഴിഞ്ഞ അഞ്ചു വര്‍ഷം ഭരണരംഗത്ത് സമ്പൂര്‍ണ പരാജയമായിരുന്ന മോദി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വീണ്ടും അധികാരത്തില്‍ വന്നത് രാജ്യരക്ഷയും ദേശസ്‌നേഹവും പറഞ്ഞു കൊണ്ടായിരുന്നു. പാകിസ്താനെതിരേ യുദ്ധഭീഷണി മുഴക്കിയും അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കി. എല്ലാ രാഷ്ട്രങ്ങളിലെയും ഭരണാധികാരികളുടെ ഒരു നടപ്പുരീതിയാണ് ഭരണരംഗത്ത് പരാജയപ്പെടുമ്പോള്‍ അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിക്കുക എന്നത്.
നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന പതിവു റോന്തുചുറ്റലിനു തടസം സൃഷ്ടിച്ചുകൊണ്ടാണ് ചൈന പ്രകോപനത്തിനു തുടക്കമിട്ടത്. നേപ്പാള്‍ തുടങ്ങിവച്ച അതിര്‍ത്തി തര്‍ക്കത്തിലും ചൈനയുടെ കൈയുണ്ട്. നേപ്പാള്‍ ഇപ്പോള്‍ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. നേപ്പാള്‍ പ്രധാനമന്ത്രി ഖഡ്ഗപ്രസാദ് ശര്‍മ ഒലിക്ക് ഇന്ത്യയേക്കാളും അധികമടുപ്പം ചൈനയോടാണ്. ഇരു രാജ്യങ്ങളും ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായതുകൊണ്ടായിരിക്കാം ഈ അടുപ്പം. ദീര്‍ഘകാലം നേപ്പാള്‍ ഭരിച്ചിരുന്നത് നേപ്പാളി കോണ്‍ഗ്രസായിരുന്നു. അന്ന് ഇന്ത്യയുമായി നല്ല സൗഹാര്‍ദത്തിലായിരുന്നു. എന്നാല്‍ ഭരണമാറ്റത്തോടെ നേപ്പാള്‍ ചൈനയുടെ സ്വാധീനത്തിലായി. ഇത് തടയുന്നതില്‍ ഇന്ത്യയുടെ നയതന്ത്ര വിഭാഗം പരാജയപ്പെടുകയും ചെയ്തു. മാത്രമല്ല, ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളുമായെല്ലാം ചൈന സൗഹൃദബന്ധം സ്ഥാപിച്ചു. മ്യാന്‍മര്‍, ശ്രീലങ്ക, തിബറ്റ് എന്നീ രാജ്യങ്ങളെല്ലാം ഇപ്പോള്‍ ചൈനയുടെ സ്വാധീനവലയത്തിലാണ്.
ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയും തര്‍ക്കത്തിനു താന്‍ മധ്യസ്ഥം വഹിക്കാമെന്ന ട്രംപിന്റെ സന്നദ്ധതയും ഏതു വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ തയാറാണെന്ന ഇന്ത്യന്‍ സേനാധിപരുടെ നിലപാടുകളും ചൈനയെയും നേപ്പാളിനെയും അല്‍പം പിറകോട്ടടിപ്പിച്ചിട്ടുണ്ട്. ഈ തിരിച്ചറിവിനെ തുടര്‍ന്നായിരിക്കാം ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സന്‍ വിധോങ് ചര്‍ച്ചയ്ക്കു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടാവുക. ഇന്ത്യ അതിര്‍ത്തിയില്‍ സേനാവിന്യാസം വ്യാപിപ്പിച്ചതും ചൈനയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകണം. ഒരു യുദ്ധമുണ്ടായാല്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരിക്കും ഫലമെന്ന് ചൈന മനസിലാക്കിയെന്നു വേണം കരുതാന്‍.
ഇപ്പോഴത്തെ സംഘര്‍ഷത്തില്‍നിന്ന് ഇന്ത്യ പഠിക്കേണ്ട പാഠം അയല്‍ രാഷ്ട്രങ്ങളുമായി സൗഹാര്‍ദമുണ്ടാക്കുക എന്നതാണ്. ബംഗ്ലാദേശ് മാത്രമാണിപ്പോള്‍ ഇന്ത്യയുമായി സൗഹൃദം പങ്കിടുന്നത്. ചൈനയും നേപ്പാളും ഇടയ്ക്കിടെ നടത്തിക്കൊണ്ടിരിയ്ക്കുന്ന അതിര്‍ത്തി പ്രകോപനങ്ങള്‍ നേരിടാനുള്ള ഒരു വഴി മറ്റു അയല്‍പക്ക രാജ്യങ്ങളുമായുള്ള നമ്മുടെ ബന്ധം ഊഷ്മളമാക്കുക എന്നതാണ്. അല്ലാത്തപക്ഷം അതു നമ്മുടെ വിദേശമന്ത്രാലയത്തിന്റെ പരാജയമായേ കാണാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."