ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ അനുമതിയില്ല
ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഡി.ഐ.ജി ഡി.ജി വന്‍സാര, റിട്ട. ഡി.വൈ.എസ്.പി നരേന്ദ്രകുമാര്‍ അമിന്‍ എന്നിവരുള്‍പ്പടെ അഞ്ചു പൊലിസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് അനുമതി നിഷേധിച്ചു.
അനുമതി നിഷേധിക്കപ്പെട്ടതായി ഇന്നലെ അഹമ്മദാബാദിലെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് കെ. പാണ്ഡെ മുന്‍പാകെ സി.ബി.ഐ അഭിഭാഷകന്‍ ആര്‍. സി കോഡേക്കര്‍ വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കണമെന്ന് പ്രതികളുടെ അഭിഭാഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ മാസം 26ന് ഇതിനായി കോടതിയില്‍ ഹരജി സമര്‍പ്പിക്കാന്‍ കോടതി പ്രതികളുടെ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സി.ആര്‍.പി.സി 197ാം വകുപ്പു പ്രകാരം സര്‍ക്കാരിന്റെ അനുമതി വേണം. ഈ അനുമതി നേടാതെ മുന്നോട്ടു പോകാനുള്ള സാധ്യതയാണ് സി.ബി.ഐ ഇപ്പോള്‍ തേടുന്നത്. നേരത്തെയും കേസ് അവസാനിപ്പിക്കാന്‍ പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി സമ്മതിച്ചിരുന്നില്ല. 2004 ജൂണ്‍ 15നാണ് ഇശ്‌റത്ത് ജഹാന്‍, ആലപ്പുഴ സ്വദേശി പ്രാണേഷ് പിള്ള എന്ന ജാവേദ് ഗുലാം ശൈഖ്, ഷീഷാന്‍ ജൗഹര്‍, അംജദ് അലി റാണ എന്നിവരെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനെത്തിയ ലഷ്‌ക്കര്‍ ഭീകരര്‍ എന്നാരോപിച്ച് വന്‍സാരയുടെ നേതൃത്വത്തിലുളള ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്.
ഏറ്റുമുട്ടല്‍ വ്യാജമായിരുന്നുവെന്ന് പിന്നീട് ജുഡീഷ്വല്‍ അന്വേഷണത്തില്‍ കണ്ടെത്തി. ഇതെത്തുടര്‍ന്നാണ് തുടരന്വേഷണമുണ്ടാകുന്നത്.
കേസില്‍ വന്‍സാരയെയും അമീനെയും കൂടാതെ ഗുജറാത്ത് മുന്‍ ഡി.ജി.പി പി.പി പാണ്ഡേ, ഐ.ബി മുന്‍ ഡയരക്ടര്‍ രജീന്ദര്‍കുമാര്‍, ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജി.എല്‍ സിംഗാള്‍, റിട്ട. പൊലിസ് ഉദ്യോഗസ്ഥന്‍ തരുണ്‍ ബാരറ്റ് എന്നിവരും പ്രതികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."