കൊച്ചിയിലെ കൈകൊട്ടി പാട്ടിന്റെ അവസാനത്തെ പ്രധാന കണ്ണിയും വിടചൊല്ലി
മട്ടാഞ്ചേരി: ഒരു കാലത്ത് കൊച്ചിയിലെ മുസ്‌ലിം സമൂഹത്തിന്റെ കല്യാണ വീടുകളില്‍ ഉയര്‍ന്നിരുന്ന കൊച്ചിയുടെ സ്വന്തം കലയായ കൈകൊട്ടി പാട്ടിന്റെ അവസാനത്തെ പ്രധാന കണ്ണി വിടചൊല്ലി. വിവാഹ വീടുകളില്‍ ഒഴിച്ചുകൂട്ടാനാകാത്ത ഒരു ഗാന ശാഖയാണ് ഫോര്‍ട്ടുകൊച്ചി, പുല്ലുപാലം, സല്‍സബീല്‍ പള്ളിക്ക് സമീപം താമസിച്ചിരുന്ന പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ കുഞ്ഞു ബീവിയുടെ മരണത്തോടെ നഷ്ടമായത്. സ്ത്രീകളുടെ ഒരു സംഘമായിരുന്നു കൈകള്‍ കൊട്ടി വിവാഹ വീടുകളില്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നത്. വധുവിന്റെ വീട്ടില്‍ മൈലാഞ്ചി ഇടുന്ന ചടങ്ങ് ,വരനെ വധുവിന്റെ വീട്ടിലേക്ക് വരവേറ്റുകൊണ്ടും മണിയറയിലേക്ക് പ്രവേശിക്കുമ്പോഴും മറ്റും സ്ത്രീകള്‍ ചേര്‍ന്ന് പാടുന്ന ഈ കൈകൊട്ടി കളിയില്‍ സന്ദര്‍ഭത്തിന് അനുസൃതമായി പാടുന്നതില്‍ സംഘത്തിന്റെ നായികക്ക് പ്രത്യേക പാടവം പ്രകടിപ്പിച്ചിരുന്നു.
കൊച്ചിയുടെ സ്വന്തം കൈകൊട്ടികളി ക്രമേണ സൗണ്ട് സിസ്റ്റങ്ങള്‍ വ്യാപകമായതോടെ നിലച്ചു വരികയായിരുന്നു എന്നിരുന്നാലും ചില സിനിമകളില്‍ കൈകൊട്ടി പാട്ട് കൊച്ചിയിലെ പൈതൃക കല എന്ന നിലയില്‍ ഇടം പിടിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ പറവ എന്ന സിനിമയിലും കൊച്ചിയുടെ സ്വന്തം കൈകൊട്ടി പാട് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . 'വടക്കേലേ പാത്തൂനെ പെണ്‍കെട്ടാലോചിച്ച് അനേകം പേര്‍ വന്നാനേ' എന്നു തുടങ്ങുന്ന ഗാനം പാടിയത് കുഞ്ഞു ബീവിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു . കൊച്ചി മുസിരസ് ബിനാലേ തുടങ്ങിയപ്പോള്‍ ഉദ്ഘാടന ചടങ്ങില്‍ കുഞ്ഞു ബീവിയും കൂട്ടരും കൈകൊട്ടി പാട്ട് അവതരിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ പ്രശംസക്ക് പാത്രി ഭവിച്ചിരുന്നു. കുഞ്ഞു ബീവിയുടെ മരണത്തോടെ കൊച്ചിയുടെ ഒരു പൈതൃക കല കൂടിയാണ് ഇല്ലാതായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."