ആധാര്‍ റേഷന്‍ കാര്‍ഡുമായി ജൂലൈ ഒന്നു മുതല്‍ 15 വരെ റേഷന്‍ കടകളില്‍ ബന്ധിപ്പിക്കാം
ചങ്ങനാശേരി: സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ജൂലൈ ഒന്നു മുതല്‍ പതിനഞ്ചുവരെ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ഇപോസ് മെഷിനീലൂടെ ബന്ധിപ്പിക്കാന്‍ ഭക്ഷ്യമന്ത്രി ഉത്തരവിട്ടതായി റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന് മുക്കാടന്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടേയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. അവരവരുടെ റേഷന്‍ കടകളില്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി നേരിട്ടെത്തി ഇപോസ് മെഷിനീലൂടെ ബന്ധിപ്പിക്കാന്‍ കഴിയും. പുതിയ റേഷന്‍ കാര്‍ഡിനും, അംഗങ്ങളെ ചേര്‍ക്കുന്നതിനും മറ്റും അടുത്തമാസം 16 മുതല്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ ലൈന്‍ ആയി അപേക്ഷിക്കാവുന്നതാണെന്നും ബേബിച്ചന് മുക്കാടന്‍ അറിയിച്ചു. ആധാര്‍ നമ്പറും, തദ്ദേശ സ്ഥാപനങ്ങള്‍ നല്കിയ താമസ സര്‍ട്ടിഫിക്കറ്റും, വരുമാന സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ ഓണ്‍ ലൈന്‍ ആയി അപേക്ഷിച്ചാല്‍ രണ്ടു ദിവസത്തിനകം അക്ഷയ കേന്ദ്രങ്ങളില്‍ കൂടിതന്നെ റേഷന്‍ കാര്‍ഡ് ലഭിക്കും.
താലൂക്കു സപ്ലൈ ഓഫീസുകളില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സമയപരിധിയില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിന് കുറച്ചുദിവസം മാത്രമേയുള്ളൂ എന്ന് തെറ്റിദ്ധരിച്ച് അപേക്ഷകര്‍ കൂട്ടത്തോടെ സപ്ലൈ ഓഫീസുകളില്‍ എത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."