മദ്യത്തിന് ടോക്കണ്‍ ആദ്യദിനം തന്നെ ആപ്പ് ആപ്പിലായി; കച്ചവടം കൂടുതലും ബാറുകളില്‍
തിരുവനന്തപുരം: ലോക്ക്ഡൗണിനുശേഷം മദ്യശാലകള്‍ തുറന്ന ആദ്യദിനത്തില്‍ ആപ്പ് നിര്‍മാണത്തിലെ പാകപ്പിഴകള്‍ കാരണം വില്‍പ്പന താളംതെറ്റി. സാങ്കേതിക പിഴവുകളും വാങ്ങാനെത്തിയവരുടെ വര്‍ധനവും ആപ്പിനെ തന്നെ ആപ്പിലാക്കി. ബാറുകള്‍ക്ക് കൂടുതല്‍ ടോക്കണുകള്‍ ലഭിച്ചതിനാല്‍ സാമൂഹിക അകലം പോലും പാലിക്കാതെ ജനം കൂട്ടംകൂടി. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലും പാസ്‌വേഡ് ലഭിക്കുന്നതിനും സാങ്കേതിക പിഴവുകള്‍ വന്നതോടെ ഇന്നത്തെ ബുക്കിങ്ങിന്റെ കാര്യവും അനിശ്ചിതത്വത്തിലായി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് ആപ്പ് പ്ലേസ്റ്റോറിലെത്തിയത്. ബെവ്ക്യു വഴി ഇന്ന് രാവിലെ ആറ് മണി വരെ ബുക്കിംഗ് അനുവദിച്ചിരുന്നു. പക്ഷേ ബുക്ക് ചെയ്യാന്‍ നോക്കിയ പലര്‍ക്കും ഒടിപി കിട്ടുന്നില്ലെന്നും, ഒടിപി രണ്ടാമത് അയക്കാന്‍ നോക്കുമ്പോള്‍ വീണ്ടും അയക്കുകയെന്ന ഓപ്ഷന്‍ വര്‍ക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഒ.ടി.പി സേവനദാതാക്കളെ തേടുകയാണ് ബെവ്ക്യു. ഇന്നലെ രണ്ട് ലക്ഷത്തി പതിനാറായിരം പേര്‍ക്ക് ടോക്കണ്‍ നല്‍കയ ശേഷം ബുക്കിങ്ങ് അവസാനിപ്പിച്ചിരുന്നു. നിലവില്‍ ഒരു കമ്പനിയാണ് ഒ.ടി.പി നല്‍കുന്നതെന്ന് ഫെയര്‍കോഡ് ടെക്‌നോളജീസ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ വര്‍ധനവ് അനുസരിച്ച് ഇത് മൂന്നെണ്ണമെങ്കിലും ആക്കും. ഇതിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. കൂടുതല്‍ ഒ.ടി.പി പ്രൊവൈഡേഴ്‌സ് വന്നാല്‍ നാല് മണിക്കൂറിനുള്ളില്‍ നിലവിലുള്ള കാലതാമസം പരിഹരിക്കാനാകുമെന്നും ബെവ്ക്യു അധികൃതര്‍ വ്യക്തമാക്കുന്നു.
മാത്രമല്ല പല ബാറുകള്‍ക്കും യൂസര്‍നെയിമും പാസ്‌വേഡും ലഭിക്കുന്നതും വൈകി. അതുകൊണ്ടുതന്നെ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനുള്ള സംവിധാനവും പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രശ്‌നമുണ്ടായി. ഇതുകാരണം രാവിലെ ഒമ്പത് മണി സമയം ലഭിച്ച് വന്നവരുടെ ക്യൂ ആരംഭിച്ച് പത്ത് മണിയോടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വന്നതോടെ പല ബാറുകളുലെ കൗണ്ടറുകള്‍ക്ക് മുന്നിലും സാമൂഹ്യ അകലം പോലും പാലിക്കാതെ ആളുകളുടെ കൂട്ടമായി.
അവസാനം ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന പരിപാടി ഉപേക്ഷിച്ച് ടോക്കണുമായി വന്നവരുടെ സമയം പരിശോധിച്ചശേഷം ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തി മദ്യം വില്‍ക്കുയായിരുന്നു.
അതേസമയം ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകളില്‍ ടോക്കണുകള്‍ കുറച്ചു മാത്രം നല്‍കി ബാറുകള്‍ക്ക് കൂടുതല്‍ കച്ചവടം നല്‍കിയത് ആസുത്രിതനീക്കമാണെന്നും ആക്ഷേപം ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."