പണയ സ്വര്‍ണ തട്ടിപ്പ്: അറസ്റ്റിലായ പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി
എരുമേലി: മുളമൂട്ടില്‍ ഫിനാന്‍സിയേഴ്‌സിന്റെ എരുമേലി ശാഖയില്‍ നിന്നും നാലര കിലോയോളം സ്വര്‍ണ്ണം അപഹരിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രധാന പ്രതിയും സ്ഥാപനത്തിലെ ജീവനക്കാരിയുമായ കനകപ്പലം അലങ്കാരത്ത് ജെഷ്‌ന സലീം (34), ഇവരുടെ സുഹ്യത്ത് വെങ്ങേോശ്ശരി അബു താഹിര്‍ (24) എന്നിവരെയാണ് എരുമേലി ബസ് സ്റ്റാന്‍് റോഡില്‍ പ്രവര്‍ത്തിക്കുന്ന പണമിടപാട് സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ജെഷ്‌നയെ രാവിലെ 10.30നും, അബു താഹിറിനെ വൈകിട്ട് അഞ്ച് മണിയോടെയുമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
ബുധനാഴ്ച വൈകിട്ടോടെ കോടതി പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റിയില്‍ വിട്ടിരുന്നു. ജെഷ്‌നയുമായി എത്തിയ പൊലീസ് സ്ഥാപനത്തിലെ രേഖകളില്‍ നടത്തിയ തിരിമറികളെക്കുറിച്ചും സഹായികളുടെ പേരില്‍ ഇതേ സ്ഥാപനത്തില്‍ അപഹരിച്ച സ്വര്‍ണ്ണങ്ങള്‍ പണയംവെച്ച് പണം കൈക്കലാക്കിയതിനെക്കുറിച്ചും പരിശോധിച്ചു. തട്ടിപ്പ് നടത്തിയ രീതി പ്രതിയില്‍ നിന്നും മനസ്സിലാക്കിയ പൊലീസ് കൂടുതല്‍ പരിശോധനക്കായി പണയ രസീതുകളും ഏതാനും ഫയലുകളും മാനേജ്‌മെന്റില്‍ നിന്നും വാങ്ങിയിട്ടുണ്ട്. വെള്ളിയാഴ്ച ജെഷ്‌നയുടെ വീട്ടിലും തെളിവെടുപ്പിനായി കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. എരുമേലിയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലും ജെഷ്‌ന ജോലി ചെയ്തിരുന്ന സ്ഥാപനത്തിലും പലരെക്കൊണ്ടും സ്വര്‍ണ്ണം പണയംവെച്ചിട്ടുള്ളതായി മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ജെഷ്‌നയുടെ സഹായികളായ അഞ്ച് പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. എരുമേലി സ്വദേശി അനീഷ്, ഈരാറ്റുപേട്ട സ്വദേശി ഷിഹാബ് എന്നിവരാണ് പ്രധാന സഹായികളെന്ന് പൊലീസ് പറയുന്നു.
പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് ജനങ്ങള്‍ സ്ഥാപനത്തിന് മുന്നില്‍ തടിച്ചുകൂടിയതോടെ ഏറെ നേരത്തേക്ക് ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ആഡംബരജീവിതം ആഗ്രഹിച്ചിരുന്നതാണ് ജെഷ്‌നയെ തട്ടിപ്പിന് നയിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്ന് വര്‍ഷംകൊണ്ടാണ് 1.30 കോടി രൂപയോളം വിലവരുന്ന സ്വര്‍ണ്ണം തട്ടിപ്പിലൂടെ കവര്‍ന്നത്. പലിശയടക്കാത്ത പണയ സ്വര്‍ണ്ണം സ്വയം പലിശയടച്ചശേഷം നാണയവും സ്റ്റാപ്ലര്‍പിന്നും കവറില്‍വെച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഡി.വൈ.എഫ.ഐ എരുമേലി മേഖലാ സെക്രട്ടറിയായിരുന്ന അജിയുടെ ഭാര്യയാണ് ജെഷ്‌ന. സംഭവത്തില്‍ അജിക്ക് പങ്കില്ലെന്ന് ജെഷ്‌ന പൊലീസിനോട് പറഞ്ഞതായാണ് സൂചന. മേഖലാ സെക്രട്ടറി സ്ഥാനത്തു നിന്നും താത്ക്കാലികമായി അജിയെ മാറ്റിയെങ്കിലും ബ്ലോക്ക് കമ്മിറ്റിയംഗത്ത് തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."