ഡി.എം.കെ പ്രകടനപത്രിക പുറത്തിറക്കി: രാജിവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കും
ചെന്നൈ: രാജിവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും മോചിപ്പിക്കും, വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും, ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും തുടങ്ങിയ ഉറപ്പുകള്‍ മുന്നോട്ടുവച്ച് ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. പത്രികയില്‍ ഉള്‍പെടുത്താനുള്ള നിര്‍ദേശങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് കഴിഞ്ഞ ഫെബ്രുവരി 22ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ തേടിയിരുന്നു.
അണ്ണാ ഡി.എം.കെ തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി ഏതാനും മണിക്കൂറുകള്‍ക്കകമാണ് സ്റ്റാലിനും പ്രകടന പത്രിക പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. മാനുഷിക പരിഗണന മുന്‍നിര്‍ത്തി രാജിവ് ഗാന്ധി വധക്കേസിലെ പേരറിവാളന്‍ ഉള്‍പെടെയുള്ള ഏഴു പ്രതികളുടെയും മോചനത്തിനുള്ള നടപടി സ്വീകരിക്കും. 27 വര്‍ഷമായി ഇവര്‍ ജയില്‍മോചനം കാത്ത് കഴിയുകയാണ്. നോട്ട് നിരോധനത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം, നീറ്റ് പരീക്ഷയില്‍ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കും, പെട്രോള്‍-ഡീസല്‍ വില തമിഴ്‌നാട്ടില്‍ നിയന്ത്രിക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റു പ്രധാന വാഗ്ദാനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."