അവധിക്കാലം ആഘോഷിക്കാനെത്തിയ സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങി മരിച്ചു
അടൂര്‍(പത്തനംതിട്ട): അവധിക്കാലം ആഘോഷിക്കുന്നതിനായി അമ്മാവന്റെ വീട്ടിലെത്തിയ സഹോദരങ്ങള്‍ പാറക്കുളത്തില്‍ മുങ്ങിമരിച്ചു. മുന്‍ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ എറണാകുളം ചിറ്റൂര്‍ കാഞ്ഞുപറമ്പില്‍ വീട്ടില്‍ സോയൂസിന്റെയും ഷര്‍മിളയുടെയും മകള്‍ അന്ന സോയൂസ്(12), പാല പിണ്ണാക്കനാട് പാലക്കുളങ്ങര ഷാബുവിന്റെയും ഷാരിദയുടെയും മകന് അമിത് (11) എന്നിവരാണ് അടൂര്‍ ഏനാദിമംഗലം കൈനകരി എസ്റ്റേറ്റിന് സമീപത്തെ പാറക്കുളത്തില്‍ വീണ് മരിച്ചത്. ഏനാദിമംഗലം കൈനകരി എസ്റ്റേറ്റില്‍ തളിപ്പറമ്പില്‍ വീട്ടില്‍ ഷിറാജ് കെ. തോമസിന്റെ വീട്ടില്‍ വിരുന്നിനെത്തിയ അദ്ദേഹത്തിന്റെ സഹോദരിമാരുടെ മക്കളാണ് പാറക്കുളത്തില്‍ വീണ് മരിച്ചത്.
ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പാറക്കുളത്തില്‍ അമിത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അന്നയുടെ മൃതദേഹവും പാറക്കുളത്തില്‍ നിന്ന് തന്നെ കണ്ടെടുത്തു. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറക്കുളമാണിത്. അടൂരില്‍ നിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. പാറക്കുളത്തില്‍ നിന്ന് എടുത്ത കുട്ടികളുടെ മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."