ഉടുമ്പന്‍ചോല സ്റ്റേഷനിലേക്ക് 49 പൊലിസുകാര്‍
നെടുങ്കണ്ടം: പുതുതായി അനുവദിച്ച ഉടുമ്പന്‍ചോല പൊലിസ് സ്റ്റേഷനിലേക്കു 49 പൊലിസുകാരെ നിയമിച്ചു സര്‍ക്കാര്‍ ഉത്തരവ്. അധികമായി വേണ്ടിവരുന്ന ഉദ്യോഗസ്ഥരെ സമീപ സ്റ്റേഷനുകളില്‍നിന്നു വിന്യസിക്കും. ജൂലൈ ഒന്‍പതിനാണു പൊലിസ് സ്റ്റേഷന്റെ ഉദ്ഘാടനം. മുഖ്യമന്ത്രിയെക്കൊണ്ടു പൊലിസ് സ്റ്റേഷന് ഉദ്ഘാടനം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മന്ത്രി എം.എം.മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഉടുമ്പന്‍ചോലയില്‍ പൊലിസ് സ്റ്റേഷന് സ്ഥാപിക്കുന്നത്.
ഉടുമ്പന്‍ചോല പൊലിസ് സ്റ്റേഷന് പ്രവര്‍ത്തിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരുക്കിവരികയാണ്. പൊലിസ് സ്റ്റേഷന് നിര്‍മാണത്തിനായി ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് ശശികല മുരുകേശന്റെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. 1936 ല്‍ നിര്‍മിച്ച പഴയ പൊലിസ് സ്റ്റേഷന് കെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മാണം, തറ ടൈല്‍ പതിപ്പിക്കല്‍, വാതില്‍, കതകുകള്‍, ജനാലകളുടെ നിര്‍മാണം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളാണു പുരോഗമിക്കുന്നത്.
പഴയ പൊലിസ് സ്റ്റേഷന് അധികം രൂപമാറ്റം വരാത്തവിധത്തിലാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. നിലവില്‍ ഉടുമ്പന്‍ചോലയില്‍ പൊലിസ് സ്റ്റേഷന് ഔട്പോസ്റ്റ് മാത്രമാണു നിലവിലുള്ളത്. ഇതോടെ ജില്ലയിലെ 30 ാ മത്തെ സ്റ്റേഷനാണ് ഉടുമ്പന്‍ചോല പൊലിസ് സ്റ്റേഷന്. മൂന്നാര്‍ ഡിവൈഎസ്പിയുടെ ഡിവിഷനില്‍ നിന്നാണ് പൊലിസ് സ്റ്റേഷന് സ്ഥാപിക്കണമെന്ന പ്രപ്പോസല്‍ നല്‍കിയിരുന്നത്.
തോട്ടം മേഖലയായ ഉടുമ്പന്‍ചോലയില്‍ സമീപവര്‍ഷങ്ങളില്‍ കുറ്റകൃത്യങ്ങളുടെ തോത് ഉയര്‍ന്നതും കഞ്ചാവ്- ലഹരി മരുന്ന മാഫിയ പിടിമുറുക്കിയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും പൊലിസ് സ്റ്റേഷന് സ്ഥാപിക്കുന്നതിനു കാരണമായി. സമീപകാലത്തായി പിടികൂടിയ ഹാഷിഷ് ഇടപാടുമായി ബന്ധപ്പെട്ട് ഉടുമ്പന്‍ചോല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘമുള്ളതായും രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ പൊലിസ് സ്റ്റേഷന് എത്തുന്നതോടെ കഴിയുമെന്നാണു പൊലിസ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."