ബ്രിഡ്ജ് ഓഫ് ഹോപ്പ് പദ്ധതി അവസാനിപ്പിക്കുന്നു ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകല്‍ നോട്ടിസ്
ഫൈസല്‍ കോങ്ങാട്
പാലക്കാട്: ബിലീവേഴ്‌സ് ചര്‍ച്ചിനുകീഴില്‍ കെ.പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബ്രിഡ്ജ് ഓഫ് ഹോപ്പ് പദ്ധതി സംസ്ഥാനത്ത് അവസാനിപ്പിക്കുന്നു.
ഈ മാസം 31നാണ് പദ്ധതി അവസാനിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് അടച്ചുപൂട്ടലിന് കാരണമായി പദ്ധതിക്കുകീഴില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ജോലിക്കെത്തേണ്ടതില്ലെന്നും മറ്റു ഉപജീവന മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. കേരളത്തിലാകെ 33 സെന്ററുകളിലായി 400 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പാലക്കാട്- 4, വയനാട് - 25, ഇടുക്കി-2, പത്തനംതിട്ട-1, തിരുവനന്തപുരം-1 എന്നിങ്ങനെയാണ് സെന്ററുകള്‍. തിരുവല്ലയിലാണ് കേരളത്തിലെ ആസ്ഥാനം. പിന്നോക്ക മേഖലകളിലെ വിദ്യാഭ്യാസ, സാംസ്‌കാരിക, സാമൂഹിക വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന ബ്രിഡ്ജ് ഓഫ് ഹോപ്പ് പദ്ധതിക്കാവശ്യമായ ഫണ്ട് വിദേശരാജ്യങ്ങളില്‍ നിന്നാണ് എത്തിക്കൊണ്ടിരുന്നത്.
മോദി സര്‍ക്കാര്‍ എഫ്.സി.ആര്‍.എ അനുമതി മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും ലോക്ക് ഡൗണ്‍ ഉണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചയുമാണ് മുന്നോട്ടുപോകാനാകാത്തവിധം സ്ഥാപനത്തെ ബാധിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
കുഷ്ഠരോഗികള്‍, വിധവകള്‍, അനാഥര്‍, ജീവിത പ്രതിസന്ധികളില്‍ അകപ്പെട്ടവര്‍ എന്നിവരെ പദ്ധതിയുടെ ഭാഗമായി സഹായിച്ചിരുന്നു. എന്നാല്‍, സംഘ്പരിവാര്‍ സംഘടനകള്‍ ഈ പദ്ധതിയെ തുടക്കംമുതല്‍ മതപരിവര്‍ത്തനത്തിനുള്ള സ്ഥാപനമെന്ന നിലയിലാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നത്. അനാഥക്കുട്ടികളെ ആശാഗൃഹം, സഭയുടെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവ വഴി സംരക്ഷിച്ചിരുന്നു.
കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ കുഴല്‍ക്കിണര്‍, ജൈവ ജലശുദ്ധീകരണ സംവിധാനം വിതരണംചെയ്യല്‍, മലമുകളില്‍ താമസിക്കുന്നവര്‍ക്ക് ജലം പൈപ്പുകളിലൂടെ എത്തിച്ചുനല്‍കല്‍, വെള്ളപ്പൊക്കം മൂലം മാലിന്യംനിറയുന്ന കിണറുകള്‍ വൃത്തിയാക്കി നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
മലയോരമേഖലകളിലാണ് പദ്ധതിക്കായി ബിലീവേഴ്‌സ് ചര്‍ച്ച് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ആദിവാസി, പിന്നോക്ക മേഖലകളില്‍ ശ്രദ്ധയൂന്നി 2016 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ബ്രിഡ്ജ് ഓഫ് ഹോപ്പിലെ ജീവനക്കാര്‍ ലോക്ക് ഡൗണുണ്ടാക്കിയ സാമ്പത്തിക തകര്‍ച്ചാ കാലത്ത് എങ്ങനെ പുതിയ ജീവിതമാര്‍ഗം കണ്ടെത്തുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ്. അതേസമയം, വിവിധ ക്രൈസ്തവ സഭകളാണ് പദ്ധതിയുടെ അന്ത്യത്തിന് കാരണമെന്ന് ജീവനക്കാര്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."