ഗര്‍വാള്‍ പിടിക്കാന്‍ യുവ ഖണ്ഡൂരിയുമായി കോണ്‍ഗ്രസ്: ഉത്തരാഖണ്ഡില്‍ ഉള്ളുപിടഞ്ഞ് ബി.ജെ.പി
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബി.ജെ.പിയുടെ അഭിമാനമണ്ഡലമായ ഗര്‍വാള്‍ പിടിക്കാന്‍ മനീഷ് ഖണ്ഡൂരിയുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ ബി.ജെ.പിയുടെ ഏറ്റവും ശക്തനായ നേതാവിന്റെ മകനെത്തന്നെയാണ് കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരേ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി മേജര്‍ ജനറല്‍ ബി.സി ഖണ്ഡൂരിയുടെ മകനാണ് മനീഷ് ഖണ്ഡൂരി. ഗര്‍വാളില്‍ മനീഷിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. നിലവിലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്രറാവത്ത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ നാടായ ഗര്‍വാള്‍ കൈവിട്ടുപോകുന്നതു പോലുള്ളൊരു തിരിച്ചടി സംസ്ഥാനത്ത് ബി.ജെ.പിക്ക് വേറെ കിട്ടാനില്ല.
മനീഷ് മത്സരിക്കുന്നുവെന്നത് മാത്രമല്ല, നിലവില്‍ ബി.ജെ.പി എം.പിയാണെങ്കിലും ബി.സി ഖണ്ഡൂരി ബി.ജെ.പിക്കായി സംസ്ഥാനത്ത് പ്രചാരണത്തിനിറങ്ങുന്നില്ലെന്നത് കൂടിയാണ് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ചു സീറ്റുകളും നേടിയത് ബി.ജെ.പിയാണ്.
55.93 ശതമാനമായിരുന്നു വോട്ട്. കോണ്‍ഗ്രസിന് 34.4 ശതമാനം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. ബി.എസ്.പിയും എസ്.പിയുമാണ് സംസ്ഥാനത്തെ മറ്റു രണ്ടു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടികള്‍. ബി.എസ്.പിക്ക് 4.78 ശതമാനവും എസ്.പിക്ക് 0.4 ശതമാനവുമായിരുന്നു വോട്ടുവിഹിതം.
ദിവസങ്ങള്‍ക്കു മുന്‍പ് ഡെഹ്‌റാഡൂണില്‍ നടന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് മനീഷിനു കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. കോണ്‍ഗ്രസിന്റെ മണ്ഡലമായ ഗര്‍വാള്‍ 1977ലാണ് ബി.ജെ.പി പിടിച്ചെടുക്കുന്നത്. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സത്പാല്‍ മഹാരാജായിരുന്നു ജയിച്ചത്. സത്പാല്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു.
1998, 1999, 2004, 2014 തെരഞ്ഞെടുപ്പുകളില്‍ ബി.സി ഖണ്ഡൂരിയാണ് ഗര്‍വാളില്‍ ജയിച്ചത്. വീണ്ടും മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ ത്രിവേന്ദ്ര റാവത്ത് ഖണ്ഡൂരിയെ ഡല്‍ഹിയില്‍ വന്നു കണ്ടെങ്കിലും അദ്ദേഹം അതു നിരസിച്ചു. അതിനാല്‍ അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലിനെ മത്സരിപ്പിക്കാനാണ് ബി.ജെ.പി പദ്ധതി. എന്നാല്‍ ജനസമ്മതിയില്‍ 84കാരനായ ബി.സി ഖണ്ഡൂരിയുടെ ഏഴയലത്തു പോലും ഡോവലിന്റെ മകനെത്തില്ലെന്ന് ബി.ജെ.പി നേതാക്കള്‍ വരെ സമ്മതിക്കുന്നുണ്ട്.
കോണ്‍ഗ്രസില്‍ ചേരാനുള്ള മനീഷിന്റെ തീരുമാനം ബി.ജെ.പിയെ ഞെട്ടിക്കുന്നതായിരുന്നു. തടയാന്‍ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിച്ചെങ്കിലും നടന്നില്ല. മകനു വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന ഉറപ്പ് ബി.സി ഖണ്ഡൂരിയില്‍ നിന്ന് വാങ്ങാന്‍ മാത്രമാണ് ബി.ജെ.പിക്കായത്. അതോടൊപ്പം ബി.ജെ.പിക്കു വേണ്ടിയും അദ്ദേഹം പ്രചാരണത്തിനിറങ്ങില്ല.
പിതാവിന്റെ കൂടി അനുഗ്രഹത്തോടെയാണ് താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നാണ് മനീഷ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."