അനാഥാലയങ്ങള്‍ക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍ നീക്കം
മഞ്ചേരി: ലോക്ക്ഡൗണിന്റെ മറവില്‍ അനാഥാലയങ്ങള്‍ക്ക് പൂട്ടിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം.
സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളെയും നിരവധി വിദ്യാര്‍ഥികളെയും ദോഷകരമായി ബാധിക്കുന്ന ഉത്തരവുമായി സാമൂഹ്യനീതി വകുപ്പ്. അനാഥാലയങ്ങളിലെ കുട്ടികളുടെ പഠനം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(സി.ഡബ്ല്യു.സി)യുടെ പരിശോധനക്ക് വിധേയമായി മാത്രമാകണമെന്നാണ് പുതിയ നിര്‍ദേശം. കഴിഞ്ഞ 23നാണ് അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഉത്തരവ് ഇറങ്ങിയത്.
അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാര്‍ഥികളുടെ പഠനത്തിനുമെതിരേ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സൂചനയാണ് പുതിയ ഉത്തരവ്.
നേരത്തെ കേന്ദ്ര സര്‍ക്കാറും തമിഴ്‌നാട് സര്‍ക്കാറും തമ്മിലുള്ള ഒരു കേസില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള നിരീക്ഷണത്തിന്റെ മറപിടിച്ചാണ് അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം നിലവില്‍ അനാഥാലയങ്ങളില്‍ പഠിച്ച് കൊണ്ടിരിക്കുന്നവരും പ്രവേശനത്തിന് ശ്രമിക്കുന്നവരും സി.ഡബ്ല്യു.സിയുടെ പരിശോധനയ്ക്ക് വിധേയമാകണം.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവധി നല്‍കിയ സ്ഥാപനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ബന്ധുവീടുകളിലേക്കും മറ്റും തിരിച്ചിരുന്നു.
സംസ്ഥാനത്ത് 20000 കുട്ടികളാണ് അനാഥാലയങ്ങളില്‍ കഴിയുന്നതെന്നും ലോക്ക്ഡൗണിനെ തുടര്‍ന്ന് 16980 വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിയെന്നും ഉത്തരവിലുണ്ട്. ഇത് തെറ്റായി വ്യാഖ്യാനിച്ച് അനാഥാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്ക് പ്രയാസമില്ലന്ന പ്രചാരണം കൂടി സര്‍ക്കാര്‍ ലക്ഷ്യമിടുകയാണെന്ന സൂചനയാണ് ലഭിക്കുന്നത്.
അനാഥാലയങ്ങളില്‍ നിന്ന് വീട്ടിലേക്ക് പോയ കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാകണമെങ്കില്‍ പുതിയ ഉത്തരവ് പ്രകാരം കുട്ടികളെ സംബന്ധിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് രക്ഷിതാക്കള്‍ അപേക്ഷ നല്‍കണം.
വീടുകളിലെത്തി പഠനം നടത്തി ഇവര്‍ അനുമതി നല്‍കിയാല്‍ മാത്രമെ അനാഥാലയങ്ങളിലേക്ക് തിരിച്ച് പോകാനാകൂ എന്നതാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."