തെരുവ് വിളക്കില്‍ 'കത്തി' തൊടുപുഴ നഗരസഭാ കൗണ്‍സില്‍
തൊടുപുഴ: മിനി മധു മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനമേറ്റതിന് ശേഷം നടന്ന ആദ്യ നഗരസഭാ കൗണ്‍സില്‍ യോഗം തെരുവ് വിളക്കിന്റെ പേരില്‍ ആളിക്കത്തി. വാര്‍ഡുകളില്‍ തെരുവു വിളക്ക് കത്താത്തതിലുള്ള പ്രതിഷേധമാണ് കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി ഉയര്‍ത്തിയത്.
ബി.ജെ.പി കൗണ്‍സിലര്‍ രേണുക രാജശേഖരനാണ് പ്രതിഷേധവുമായി ആദ്യം എഴുന്നേറ്റത്. വാര്‍ഡിലെ നാല്‍പ്പതോളം തെരുവു വിളക്കുകള്‍ കത്താതായിട്ട് നാളുകളായെന്നും പുതിയ ചെയര്‍പേഴ്‌സന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും കൗണ്‍സിലര്‍ പറഞ്ഞു. ആദ്യ കൗണ്‍സിലിന് മുമ്പ് നന്നാക്കാം എന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്നും ആദ്യ ദിവസമായതിനാല്‍ പ്രതിഷേധിക്കുന്നില്ലെന്നും രേണുക കൗണ്‍സിലിനെ അറിയിച്ചു.
പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ ഗതി മാറ്റുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് വിവിധ കൗണ്‍സിലര്‍മാര്‍ തങ്ങളുടെ വാര്‍ഡുകളില്‍ തെരുവിളക്കുകള്‍ കത്തുന്നില്ലെന്ന പരാതിയുമായി എഴുന്നേറ്റു. തെരുവ് വിളക്കുകളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ കോണ്‍ട്രാക്ടര്‍മാരാണെന്ന് സിപിഎമ്മിലെ ആര്‍ ഹരി പറഞ്ഞു. കോണ്‍ട്രാക്ടര്‍മാര്‍ കൗണ്‍സിലര്‍മാരെ മണ്ടന്മാരാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തെരുവു വിളക്കുകള്‍ മൂന്ന് വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ നടത്താന്‍ 25 ലക്ഷം രൂപയ്ക്കാണ് കരാര്‍ കൊടുത്തത്. എന്നാല്‍ കാരറുകാരന്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്ന് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. അതിനാല്‍ ഓരോ വാര്‍ഡിലും തെരുവു വിളക്കുകള്‍ ശരിയാക്കിയതായി അറിയിച്ചതിന് ശേഷം പണം കൈമാറാവു എന്നും നിര്‍ദ്ദേശമുണ്ടായി.
35 വാര്‍ഡുകളിലേയും തെരുവ് വിളക്കുകള്‍ ശരിയാംവണ്ണം കത്തിയതിന് ശേഷം കൗണ്‍സിലര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കരാറുകാരന്റെ ബാക്കി പണം നല്‍കുകയുള്ളുവെന്ന് അസി. എഞ്ചിനീയര്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു.തോട് ശുദ്ധീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ കൗണ്‍സിലര്‍ എം.കെ ഷാഹുല്‍ ഹമീദും അസി. എഞ്ചിനീയറും തമ്മില്‍ ഏറ്റുമുട്ടി. കൃത്യമായി അളവെടുക്കാതെയാണ് എ.ഇ ബില്ല് മാറിക്കൊടുത്തതെന്ന് ഷാഹുല്‍ ഹമീദ് ആരോപിച്ചു.
വാര്‍ഡുകളില്‍ അളവെടുക്കുമ്പോള്‍ അതാത് കൗണ്‍സിലര്‍മാരെ വിവരം അറിയിക്കേണ്ടത് സാമാന്യ മര്യാദയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മുനിസിപ്പല്‍ ചട്ടവും നിയമവും അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് എ.ഇ മറുപടി നല്‍കി. 48 കിലോ വാട്ട് ഉല്‍പ്പാദന ശേഷിയുള്ള മുനിസിപ്പല്‍ ഓഫീസിലെ സോളാര്‍ പ്ലാന്റ് നോക്കുകുത്തിയായെന്നും കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. കൗണ്‍സിലര്‍മാരായ എ.എം ഹാരിദ്, അഡ്വ സി.കെ. ജാഫര്‍, ജെസി ആന്റണി, സുമാമോള്‍ സ്റ്റീഫന്‍, രാജീവ് പുഷ്പാംഗദന്‍, കെ.കെ ഷിംനാസ് തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."