വിജയസാധ്യതയുള്ള സീറ്റുകള്‍ നല്‍കിയത് യു.ഡി.എഫ്: ഇത്തവണയും മതിയായ പ്രാതിനിധ്യം ലഭിക്കാതെ മുസ്‌ലിം സമുദായം
കോഴിക്കോട്: 17ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഇരു മുന്നണികളുടെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജനസംഖ്യാനുപാതികമായി മുസ്‌ലിം വിഭാഗത്തിന് മതിയായ പരിഗണന ലഭിച്ചില്ല. അതേസമയം ക്രിസ്ത്യന്‍ വിഭാഗത്തിന് കൂടുതല്‍ പരിഗണന ലഭിക്കുകയും ചെയ്തു.
26.56 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിം സമുദായത്തിന് ഇരുമുന്നണികളും നാലു വീതം സ്ഥാനാര്‍ഥികളെ നല്‍കിയപ്പോള്‍ 18.38 ശതമാനം ജനസംഖ്യയുള്ള ക്രിസ്ത്യന്‍ വിഭാഗത്തിന് എല്‍.ഡി.എഫ് നാലും യു.ഡി.എഫ് അഞ്ചും സ്ഥാനാര്‍ഥികളെ നല്‍കി.
എല്‍.ഡി.എഫും യു.ഡി.എഫും മുസ്‌ലിം വിഭാഗത്തിന് തുല്യമായ പരിഗണനയാണ് നല്‍കിയതെങ്കിലും ജയസാധ്യതയുള്ള സീറ്റില്‍ മുസ്‌ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് ഇത്തവണയും യു.ഡി.എഫാണ്.
കോണ്‍ഗ്രസും മുസ്‌ലിം ലീഗും രണ്ടു വീതം സ്ഥാനാര്‍ഥികളെ മുസ്‌ലിം സമുദായത്തില്‍ നിന്ന് കണ്ടെത്തി. ഇതില്‍ മലപ്പുറം, പൊന്നാനി, വയനാട് സീറ്റുകള്‍ യു.ഡി.എഫിന്റെ ഉറച്ച മണ്ഡലങ്ങളാണ്. മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍, വയനാട്ടില്‍ അഡ്വ. ടി. സിദ്ദീഖ് എന്നിവരാണ് മത്സരിക്കുന്നത്. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനും വിജയസാധ്യതയുള്ള സീറ്റിലാണ് മത്സരിക്കുന്നത്.
നാലു സീറ്റുകളാണ് മുസ്‌ലിം സമുദായത്തിന് എല്‍.ഡി.എഫും നല്‍കിയത്. ആലപ്പുഴയില്‍ എ.എം ആരിഫ്, പൊന്നാനിയില്‍ പി.വി അന്‍വര്‍, മലപ്പുറത്ത് വി.പി സാനു എന്നിവരാണ് സി.പി.എം സ്ഥാനാര്‍ഥികള്‍.
വയനാട്ടില്‍ സി.പി.ഐയുടെ പി.പി സുനീറുമാണ് മത്സരിക്കുന്നത്. ഇതില്‍ ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളില്‍ സി.പി.എമ്മിനും വയനാട്ടില്‍ സി.പി.ഐക്കും പ്രതീക്ഷ കുറവാണ്.
എല്‍.ഡി.എഫ് നാലു സീറ്റുകളാണ് ഇത്തവണ ക്രൈസ്തവ വിഭാഗത്തിനു നല്‍കിയത്. ജോയ്‌സ് ജോര്‍ജ്- ഇടുക്കി, വീണാ ജോര്‍ജ്- പത്തനംതിട്ട, രാജാജി മാത്യു തോമസ്- തൃശൂര്‍, ഇന്നസെന്റ്-ചാലക്കുടി എന്നിവരെയാണ് ഇത്തവണ എല്‍.ഡി.എഫ് തീരുമാനിച്ച ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍.
2014ല്‍ ഈ മണ്ഡലങ്ങള്‍ക്കൊപ്പം തിരുവനന്തപുരത്ത് സി.പി.ഐയുടെ ബെന്നറ്റ് എബ്രഹാമിനെയും എല്‍.ഡി.എഫ് മത്സരിപ്പിച്ചിരുന്നു.
ഇത്തവണ യു.ഡി.എഫ് ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
ഇതില്‍ കോട്ടയം കേരള കോണ്‍ഗ്രസി(എം)ന്റെ സീറ്റാണ്. ചാലക്കുടിയില്‍ ബെന്നി ബഹനാനും എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും പത്തനംതിട്ടയില്‍ ആന്റോ ആന്റണിയും കോട്ടയത്ത് തോമസ് ചാഴിക്കാടനുമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്നത്.
2014ല്‍ എല്‍.ഡി.എഫ് അഞ്ച് സീറ്റുകള്‍ ക്രൈസ്തവ വിഭാഗത്തിനും മൂന്നു സീറ്റുകള്‍ മുസ്‌ലിം വിഭാഗത്തിനും നല്‍കിയിരുന്നു. ഇതില്‍ സി.പി.എമ്മിന്റെ എ.എന്‍ ഷംസീര്‍, പി.കെ സൈനബ, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ യഥാക്രമം വടകര, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിലായി തോറ്റു. എന്നാല്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള രണ്ട് എം.പിമാരെ എല്‍.ഡി.എഫിനു വിജയിപ്പിക്കാനായി.
യു.ഡി.എഫ് അഞ്ചു സീറ്റ് ക്രൈസ്തവ വിഭാഗത്തിനും നാലു സീറ്റുകള്‍ മുസ്‌ലിം വിഭാഗത്തിനും നല്‍കിയിരുന്നു. കോണ്‍ഗ്രസ് മുസ്‌ലിം വിഭാഗത്തിന് നീക്കിവച്ച രണ്ടു സീറ്റുകളില്‍ വയനാട്ടില്‍ എം.ഐ ഷാനവാസ് ജയിക്കുകയും കാസര്‍കോട്ട് ടി. സിദ്ദീഖ് പരാജയപ്പെടുകയുമായിരുന്നു. മുസ്‌ലിം ലീഗ് രണ്ടു സീറ്റിലും വിജയിച്ചു.
ക്രിസ്ത്യന്‍ വിഭാഗത്തിലെ മൂന്ന് എം.പിമാരെ യു.ഡി.എഫിന് വിജയിപ്പിക്കാനായി. മുത്വലാഖ്, ശരീഅത്ത് പോലുള്ള വിഷയങ്ങള്‍ ലോക്‌സഭയലെത്തിയ സാഹചര്യത്തില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മതിയായ പരിഗണന ലഭിക്കാത്തതില്‍ മുസ്‌ലിം സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."