സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കായികക്ഷമതക്ക് മുന്‍തൂക്കം നല്‍കും: മന്ത്രി എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കായിക ക്ഷമതക്ക് മുന്‍ തൂക്കം നല്‍കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തുമെന്ന് കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കായിക ക്ഷമതയുള്ള സമൂഹമാണ് വികസനത്തിന്റെ അടിത്തറ.
ആരോഗ്യമുള്ള സമൂഹം കെട്ടിപടുക്കണമെങ്കില്‍ കായിക ക്ഷമതയ്ക്ക് പ്രാമുഖ്യം നല്‍കണമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും കളിസ്ഥലം ഉറപ്പു വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തെക്കുംകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴു വയസ് മുതല്‍ 21 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം ഉറപ്പുവരുത്തുന്ന കായിക ദീപം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
പുന്നംപറമ്പ് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സി.വി സുനില്‍ കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുജാത ശ്രിനിവാസന്‍, ഇ.എന്‍ ശശി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ സുരേന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബീന ജോണ്‍സണ്‍, കെ.എം രാജന്‍, രാജീവന്‍ തടത്തില്‍, കോച്ച് ജോഷി റാഫേല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."