തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശ മേഖലയില്‍ 56.25 കോടി ചിലവില്‍ 50 പുലിമുട്ടുകള്‍ നിര്‍മിക്കും
ഹരിപ്പാട്: കടലാക്രമണം രൂക്ഷമായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ മേഖലയില്‍ 56.25 കോടി ചെലവില്‍ 50 പുലിമുട്ടുകള്‍ നിര്‍മിക്കാന്‍ പദ്ധതി. കടലാക്രമണ പ്രതിരോധത്തിനു മുന്‍തൂക്കം നല്‍കി കിഫ്ബിയുടെ സഹായത്തോടെയാകും പദ്ധതി യാഥാര്‍ഥ്യമാക്കുകയെന്ന് മന്ത്രി മാത്യു ടി.തോമസ് നിയമസഭയെ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ച സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
14.95 കോടി ചെലവഴിച്ചു തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയില്‍ 1.5 കിലോമീറ്റര്‍ നീളത്തില്‍ 13 പുലിമുട്ടുകള്‍ നിര്‍മിക്കാനും 20.20 കോടി രൂപ ചെലവില്‍ ആറാട്ടുപുഴ പഞ്ചായത്തില്‍ വട്ടച്ചാലില്‍ 1.8 കിലോമീറ്റര്‍ നീളത്തില്‍ 16 പുലിമുട്ടുകള്‍ നിര്‍മിക്കാനും 21.10 കോടി രൂപ ചെലവില്‍ ആറാട്ടുപുഴ ജംഗ്ഷനില്‍ 1.2 കിലോമീറ്റര്‍ നീളത്തില്‍ 21 പുലിമുട്ടുകള്‍ നിര്‍മിക്കാനുമുള്ള പദ്ധതികളാണു സമര്‍പ്പിച്ചിട്ടുള്ളത്. ഇവയ്ക്കു വേണ്ട അനുമതി ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
20.7 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ കടല്‍ഭിത്തി കെട്ടി സംരക്ഷിച്ചിരുന്നെങ്കിലും വലിയഴീക്കല്‍, പെരുമ്പള്ളി, നല്ലാണിക്കല്‍, വട്ടച്ചാല്‍, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പാനൂര്‍, പല്ലന എന്നീ ഭാഗങ്ങളില്‍ കടലാക്രമണം മൂലം വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതു പരിഹരിക്കുന്നതിനായാണു പദ്ധതി തയാറാക്കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
കടല്‍ക്ഷോഭം രൂക്ഷമാകുകയും ആലപ്പുഴ പ്രദേശങ്ങളില്‍ പാറയുടെ ദൗര്‍ലഭ്യം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മൂവാറ്റുപുഴ വാലി പ്രോജക്ടില്‍ ലഭ്യമായ പാറ ഉപയോഗിച്ചു വട്ടച്ചാല്‍, പെരുമ്പള്ളി, ആറാട്ടുപുഴ, നല്ലാണിക്കല്‍ എന്നീ പ്രദേശങ്ങളില്‍ 400 മീറ്റര്‍ നീളത്തില്‍ അടിയന്തര സംരക്ഷണ പ്രവൃത്തികള്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. തൃക്കുന്നപ്പുഴയില്‍ 50 മീറ്റര്‍ നീളത്തില്‍ അടിയന്തര സംരക്ഷണ പ്രവൃത്തികളും നടത്തുന്നുണ്ട്.
പാറയുടെ ക്ഷാമത്തിനു പരിഹാരമായി ആറാട്ടുപുഴയില്‍ 200 മീറ്റര്‍ നീളത്തില്‍ ജിയോ സിന്തറ്റിക് ട്യൂബുകള്‍ ഉപയോഗിച്ചുള്ള തീരസംരക്ഷണത്തിന് കെ ഐ ഐ ഡി സിയുമായി സഹകരിച്ചു നടപടിയെടുത്തിട്ടുണ്ട്. തകര്‍ന്ന ഭാഗങ്ങളിലുള്ള കടല്‍ ഭിത്തികളുടെ പുനരുദ്ധാരണത്തിനായുള്ള എസ്റ്റിമേറ്റും തയാറാക്കുന്നുണ്ട്. ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടല്‍ഭിത്തിയും തീരദേശ റോഡും വീടുകളും കടലിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്നതിനാല്‍ ശാശ്വത പരിഹാരത്തിനു പുലിമുട്ടുകളുടെ നിര്‍മാണമാണ് ഏറ്റവും യോജ്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."