പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു
ആലപ്പുഴ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ വിജയത്തിലേക്ക്. ഈ അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളില്‍ 1.85 ലക്ഷം കുട്ടികള്‍ പുതുതായി ചേര്‍ന്നതായി വിദ്യാഭ്യാസവകുപ്പ് സ്ഥിരീകരിച്ചു. കുട്ടികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 6.3% വര്‍ധനവും എയ്ഡഡ് വിദ്യാലയങ്ങളില്‍ 5.3% വര്‍ധനവും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 8% കുറവും കണ്ടെത്താന്‍ കഴിഞ്ഞു.
സമഗ്ര ശിക്ഷാ അഭിയാന്‍ ബി.ആര്‍.സി തലത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നില്‍. സംസ്ഥാന ബജറ്റില്‍ പൊതുവിദ്യാഭ്യാസത്തിനായി 2500 കോടിയിലധികം രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. കുട്ടികളുടെ പഠനിലവാരം ഉയര്‍ത്താനുള്ള വിവിധങ്ങളായ പദ്ധതികള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. രക്ഷകര്‍തൃപരിശീലനം, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി തലത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക്ക് എന്നിവ ഉദാഹരണം. സ്‌കൂള്‍ വളപ്പിനെ പാഠപുസ്തകമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ ഉദ്യാനം തെരഞ്ഞെടുത്ത സ്‌കൂളുകളില്‍ നിര്‍മ്മിച്ചു. ഈ അധ്യയനവര്‍ഷം എല്ലാ സ്‌കൂളുകളിലും ഉദ്യാനം പൂര്‍ത്തിയാക്കും.
കുട്ടികളുടെ സര്‍വ്വോത്മുഖമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുള്ള ടാലന്റ് ലാബ്, കലാസാംസ്‌ക്കാരിക പാര്‍ക്ക്, ഓരോ പഞ്ചായത്തിലും പിന്നോക്ക വിഭാഗത്തിലെ പ്രതിഭകളായ കുട്ടികളെ കുട്ടികള്‍ക്ക് വിവിധയിനങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി പ്രതിഭാകേന്ദ്രങ്ങള്‍ എന്നിവ ആരംഭിച്ചു. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയുള്ള പരിശീലനം, ഹലോ ഇംഗ്ലീഷ്' പദ്ധതി, മീഠീ ഹിന്ദി പദ്ധതി, ഗണിതവിജയം എന്നിവ നിലവില്‍ നടന്നുവരുന്നുണ്ട്. കുട്ടികള്‍ക്കുള്ള സൗജന്യപാഠപുസ്തകങ്ങളും യൂണീഫോമും അവധിക്കാലത്തു തന്നെ വിതരണം ചെയ്തു.
അവധിക്കാലത്ത് എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി തലങ്ങളിലെ മുഴുവന്‍ അധ്യാപകര്‍ക്കും വിഷയാടിസ്ഥാനത്തിലും ഐ.റ്റിയിലും വിദഗ്ധപരിശീലന നല്‍കി. ഇങ്ങനെ അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് വിദ്യാഭ്യാസവകുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."