സാമൂഹ്യക്ഷേമ പദ്ധതികളില്‍ ക്രമക്കേടെന്ന് സി.എ.ജി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പദ്ധതികളില്‍ വന്‍ക്രമക്കേട് നടന്നതായി സി.എ.ജി. ക്ഷേമപെന്‍ഷനുകള്‍ ലഭിച്ചവരില്‍ 12 ശതമാനം പേര്‍ ഇതിന് അര്‍ഹത ഇല്ലാത്തവരാണെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.
എ.പി.എല്‍ വിഭാഗത്തില്‍പെട്ടവര്‍ പോലും ലിസ്റ്റില്‍ കടന്നുകൂടിയിട്ടുണ്ടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ കണ്ടെത്തി. പ്രധാനമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള അഞ്ചു പെന്‍ഷന്‍ പദ്ധതികളിലാണ് അനര്‍ഹര്‍ കടന്നുകൂടിയത്. 2014-15ല്‍ 2043 കോടി പെന്‍ഷന്‍ വിതരണത്തിനു വേണ്ടി വകയിരുത്തുകയും വര്‍ഷാവസാനത്തോടെ 27.64 ലക്ഷം ഗുണഭോക്താക്കളെ ഈ പദ്ധതിക്കു കീഴില്‍ കൊണ്ടുവരികയും ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പദ്ധതിയില്‍ വിഹിതം പറ്റുന്നവര്‍ ഇരട്ടിയാകുകയും വാര്‍ഷിക വകയിരുത്തല്‍ മൂന്നിരട്ടിയാകുകയും ചെയ്തു. മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ ഇളവുകാരണമാണ് എ.പി.എല്‍ വിഭാഗക്കാരും ലിസ്റ്റില്‍ കടന്നുകൂടിയത്. മറ്റുപല സാമൂഹ്യസുരക്ഷാ പെന്‍ഷനുകളിലും അവശവിഭാഗങ്ങളും ഇടത്തരം ഗ്രൂപ്പുകളും പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതായും അനര്‍ഹര്‍ കടന്നുകൂടയതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
25 ഗ്രാമപഞ്ചായത്തുകളിലെയും ഏഴു മുനിസിപ്പാലിറ്റിയിലേയും 46 ശതമാനത്തോളം പേര്‍ പെന്‍ഷന്‍പദ്ധതിയായ ആശ്രയയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പലരും ഒന്നിലധികം പെന്‍ഷന്‍ പദ്ധതികളില്‍ അംഗങ്ങളായതായും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കേന്ദ്ര പദ്ധതിക്കു വിരുദ്ധമായി പെന്‍ഷന്‍ വിതരണം നടത്തി. ആയതിനാല്‍ അവര്‍ക്കു കിട്ടേണ്ട അര്‍ഹതപ്പെട്ട തുക ലഭിച്ചിരുന്നില്ല. 2014 ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷിക കുടുംബ വരുമാന പരിധി മൂന്നു ലക്ഷത്തില്‍ നിന്ന് ഒരു ലക്ഷമായി കുറച്ചിരുന്നു. എന്നാല്‍ പല ഗ്രാമ പഞ്ചായത്തുകളും ഇതു പുനപരിശോധന നടത്താതെ മൂന്നുലക്ഷം രൂപ വരുമാനമുള്ളവര്‍ക്കും പെന്‍ഷന്‍ നല്‍കി.
ആറു വര്‍ഷം മുന്‍പുള്ള റേഷന്‍കാര്‍ഡിനെ ആധാരമാക്കിയും വെരിഫൈയിങ് ഓഫിസര്‍ തള്ളിയ അപേക്ഷകര്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ പെന്‍ഷന്‍ അനുവദിച്ചു. സി.എ.ജി പരിശോധിച്ച 12 ഗ്രാമ പഞ്ചായത്തുകളില്‍ 73 കേസുകളിലായി 15.32 ലക്ഷം രൂപ ഇരട്ടവിതരണം കണ്ടെത്തി. പദ്ധതിയുടെ ഭരണ നിര്‍വഹണ ചെലവ് മൂന്നുശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നു മാര്‍ഗരേഖയില്‍ വിവക്ഷിക്കുന്നുണ്ടെങ്കിലും മണിഓര്‍ഡര്‍ കമ്മിഷന്‍ ചെലവ് വിതരണം ചെയ്ത തുകയുടെ അഞ്ചു ശതമാനമാണ്.
സി.എ.ജി പരിശോധിച്ച 31 സ്ഥലങ്ങളില്‍ 2010-11മുതല്‍ 2014-15വരെ 16.71 കോടി മണിഓര്‍ഡര്‍ കമ്മിഷനായി ചെലവായി. 2015 ഫെബ്രുവരി മുതല്‍ ഗുണഭോക്താക്കളുടെ സേവിങ് അക്കൗണ്ടുകളിലേക്കു നേരിട്ടു പണം ക്രെഡിറ്റ് ചെയ്യുന്ന നടപടി വന്നിട്ടും ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ സമയത്ത് പണം ഇട്ടില്ല. 2015 നവംബര്‍ 19വരെ വിതരണത്തിനായി ബാങ്കിനു കൊടുത്ത 373.22 കോടിയില്‍ 117.57 കോടി ഇപ്പോഴും വിതരണം ചെയ്യാതെ ബാങ്ക് അക്കൗണ്ടില്‍ കിടക്കുന്നു. അതുപോലെ പോസ്റ്റ് ഓഫിസുകളില്‍ വിതരണത്തിനു കൊടുത്ത 925.92 കോടിയില്‍ പോസ്റ്റല്‍ അധികാരികള്‍ക്ക് ക്രെഡിറ്റ് ചെയ്യാന്‍ പറ്റാത്ത 24.27 കോടി പഞ്ചായത്ത് ഡയറക്ടര്‍ക്ക് തിരിച്ചയച്ചുവെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ക്രമാനുഗതമല്ലാത്ത തവണകളായി സര്‍ക്കാര്‍ പെന്‍ഷന്‍തുക കൈമാറുന്നത് ധനസഹായത്തിന്റെ അടിസ്ഥാന ഉദ്ദേശത്തിനു വിരുദ്ധമാണെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ പെന്‍ഷന്‍ പണം കൈമാറുമ്പോള്‍ ഏതു കാലയളവിലേക്കാണ് വിതരണം ചെയ്യേണ്ടതെന്ന് തദ്ദേശ സ്ഥാപനങ്ങളോട് നിര്‍ദേശിക്കാത്തതുകാരണം ഫണ്ട് ലാപ്‌സാകുന്നു. ചില തദ്ദേശസ്ഥാപനങ്ങളില്‍ 2013 സെപ്റ്റംബര്‍ മുതല്‍ 2014 ഏപ്രില്‍ വരെയുള്ള തുക ഇപ്പോഴും നല്‍കാനുണ്ട്.
പെന്‍ഷന്‍ വാങ്ങുന്ന ഉപഭേക്താവിന് പാസ്ബുക്ക് വിതരണം ചെയ്തിരിക്കണമെന്ന ചട്ടവും ലംഘിച്ചു. തിരുവനന്തപുരം കോര്‍പറേഷനും പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയും ഒഴികെ ഒരിടത്തും തിരിച്ചറിയല്‍ കാര്‍ഡോ പെന്‍ഷന്‍കാര്‍ഡോ വിതരണം ചെയ്തിട്ടില്ല. ഇതു കാരണം അനര്‍ഹരുടെ എണ്ണം കൂടി.
കൂടാതെ ഗുണഭോക്താക്കള്‍ ഇപ്പോഴും നിലവിലുണ്ടെന്നും അര്‍ഹതാ മാനദണ്ഡം പാലിക്കപ്പെടുന്നോ എന്ന് ഉറപ്പാക്കാനുള്ള ഒരു സംവിധാനവും നിലവിലില്ല. ആയതിനാല്‍ മരിച്ചുപോയവര്‍ക്കുവരെ പെന്‍ഷന്‍ ഇപ്പോഴും വിതരണം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."