ബംഗാളില്‍ 38 സീറ്റുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കൊല്‍ക്കത്ത: കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെ പശ്ചിമ ബംഗാളിലെ 38 ലോക്സഭാ സീറ്റുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ നാലിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 24 മണിക്കൂറിനകം കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചില്ലെങ്കില്‍ ഇവിടെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ഇടതുമുന്നണി അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരത്തിന് മുന്‍പായി കോണ്‍ഗ്രസില്‍ നിന്ന് മറുപടി ലഭിച്ചേക്കുമെന്നാണ് വിശ്വാസമെന്ന് ഇടതുമുന്നണി ചെയര്മാന് ബിമന്‍ ബോസ് വ്യക്തമാക്കി. 2014ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച നാലു സീറ്റുകളില്‍ തങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിനു നല്കിയ സമയത്തിനുള്ളില്‍ അവര്‍ പ്രതികരിച്ചിട്ടില്ലെങ്കില്‍ ഈ സീറ്റുകളില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ബി.ജെ.പിക്കെതിരേയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടാണ് അവരുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ സി.പി.എം ജയിച്ച രണ്ട് മണ്ഡലങ്ങള്‍ ഉള്‍പെടെ 11 ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇടതുമുന്നണി 25 സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിരുന്നു. ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്ത് സഖ്യചര്‍ച്ച തുടങ്ങിയിരുന്നെങ്കിലും അതു പരാജയപ്പെട്ടതോടെയാണ് സ്വന്തം വഴികളിലേക്കു നീങ്ങാന്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."