ബാങ്ക് വായ്പയെടുക്കാമെന്ന് ഉറപ്പ് നല്കി ഒന്നര ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
ചാവക്കാട്: ബാങ്ക് വായ്പയെടുക്കാമെന്ന് ഉറപ്പ് നല്കി ഒന്നര ലക്ഷം തട്ടിയയാള്‍ അറസ്റ്റില്‍. ഒല്ലൂക്കര ഉള്ളാപ്പിള്ളില്‍ വീട്ടില്‍ സജുവിനെയാണ് (44) ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. എടക്കഴിയൂര്‍ വെട്ടിലകായില് ശ്രീവിദ്യയുടെ പരാതിയിലാണ് പൊലിസ് നടപടിയെടുത്തത്.
ബാങ്കില്‍ നിന്ന് ഹൗസിങ് ലോണ്‍ ശരിയാക്കി നല്കാന് സഹായിക്കാമെന്നേറ്റ് ഒന്നര ലക്ഷം രൂപ പരാതിക്കാരിയില്‍നിന്ന് തട്ടിയെടുത്തെന്നാണ് ഇയാള്‍ക്കെതിരേയുള്ള കേസ്.
കഴിഞ്ഞ ഡിസംബറിലാണ് ഒരാഴ്ചകൊണ്ട് ചാവക്കാട്ടെ ബാങ്കില്‍നിന്ന് 35 ലക്ഷം രൂപയുടെ ഹൗസിങ് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് ഉറപ്പുനല്‍കി ഇയാള്‍ പരാതിക്കാരിയില്‍നിന്ന് പണം കൈപ്പറ്റിയത്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ലോണിന്റെ കാര്യത്തില്‍ തീരുമാനമാവാതെ വന്നപ്പോള്‍ പണം തിരികെ ചോദിച്ചു. എന്നാല്‍ പ്രതി പണം തിരികെ നല്കാന് ഇയ്യാള് തയ്യാറായില്ല.
ഇതിനെ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്. ഗള്‍ഫിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പണം തട്ടിയ കേസില്‍ തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ ഇയാള്‍ക്കും ഭാര്യക്കുമെതിരേ രണ്ട് കേസുള്ളതായി പൊലിസ് പറഞ്ഞു.
ബാങ്കില്‍നിന്ന് വായ്പയെടുത്ത് നല്‍കാമെന്നേറ്റ് പണം തട്ടിയെന്ന കേസില്‍ ഇയാള്‍ക്കെതിരേ വേറെയും പരാതികള്‍ സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.
ഇയാളുടെ തട്ടിപ്പിന് പ്രധാനമായും ഇരയാകുന്നത് സ്ത്രീകളാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."