ആക്രമണത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐയെന്ന്
കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ആക്രമിക്കപ്പെട്ട സംഭവത്തെ ചൊല്ലി സി.പി.ഐ സി.പി.എം ബന്ധം ഉലയുന്നു. വിഷുത്തലേന്ന് അര്‍ധരാത്രിയിലാണ് എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.എം ഷാഫിയും കുടുംബവും ആക്രമിക്കപ്പെട്ടത്.
വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ ക്കാരടങ്ങിയ സംഘം ഷാഫിയെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയായിരുന്നുവത്രെ.
എന്നാല്‍ പടക്കം പൊട്ടിച്ച പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ പഞ്ചായത്ത് പ്രസിഡന്റിന്റ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ഡി.വൈ.എഫ് ഐയുടെ ആരോപണം. വിഷയത്തില്‍ സി.പി.എം നേതൃത്വം പ്രതികരിച്ചിട്ടില്ലെങ്കില്‍ കൂടി സി.പി.ഐ പ്രശ്‌നത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതാവും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വല്‍സരാജ് കൊടുങ്ങല്ലൂരിലെത്തി പ്രതിഷേധം പ്രകടിപ്പിച്ചത് സംഭവത്തിലുള്ള പാര്‍ട്ടി നിലപാടാണ് വ്യക്തമാക്കുന്നത്. ഇതിനെല്ലാമുപരി സാമൂഹ്യ മാധ്യമങ്ങളില്‍ സി.പി.എം സി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ യുദ്ധമാണ് നടക്കുന്നത്.
മുന്നണി മര്യാദകളെല്ലാം തന്നെ ലംഘിച്ചുകൊണ്ടുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ പലപ്പോഴും അതിരു കടക്കുന്നുണ്ട്. എടവിലങ്ങ് പഞ്ചായത്ത് ഭരണസമിതിയിലും നാളുകളായി ഭിന്നത പ്രകടമാണ്. പഞ്ചായത്ത് ഓഫിസ് വളപ്പില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിനായി മരം മുറിച്ചതിനെ ചൊല്ലിയുണ്ടായ വിവാദത്തില്‍ സി.പി.എം കൈ കഴുകിമാറിനിന്നത് സി.പി.ഐയെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. സംസ്ഥാന തലത്തില്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് മൂര്‍ഛിക്കുന്നതിനിടയില്‍ താഴെത്തട്ടിലുണ്ടായ കൈയ്യാങ്കളി പ്രവര്‍ത്തകര്‍ക്കിടയില്‍ ശത്രുത സൃഷ്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."