ഐ.എസ്: ആശങ്കവേണ്ട
ഭീകരര്‍ക്ക് മതമോ വര്‍ഗമോ ഇല്ല :
പ്രധാനമന്ത്രി
നയ്‌റോബി: തീവ്രവാദത്തിനു അതിരുകളോ മതമോ വര്‍ഗമോ മൂല്യങ്ങളോ ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നയ്‌റോബി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, അക്രമവും വിദ്വേഷവും പഠിപ്പിക്കുന്നവര്‍ സമൂഹത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നും തീവ്രനിലപാടുകള്‍ക്കെതിരേ യുവാക്കള്‍ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം കെനിയന്‍ സന്ദര്‍ശനത്തിനിടെ വ്യക്തമാക്കി. നാലു രാഷ്ട്രങ്ങളിലെ ആഫ്രിക്കന്‍ സന്ദര്‍ശനം പ്രധാനമന്ത്രി കെനിയയില്‍ പൂര്‍ത്തിയാക്കി. ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്നതിനെയും അവരെ രാഷ്ട്രീയ ആയുധമാക്കുന്നതിനെയും മോദി കുറ്റപ്പെടുത്തി.
കാണാതായവര്‍ ഐ.എസില്‍ ചേര്‍ന്നതിന് സ്ഥിരീകരണമില്ല: കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: കേരളത്തിലെ കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് കാണാതായ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതിന് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. അതേസമയം ഇവരെ കാണാതായതു സംബന്ധിച്ചും ലഭ്യമായ മറ്റു വിവരങ്ങള്‍ സംബന്ധിച്ചും വിശദമായ പരിശോധനകള്‍ നടത്തി വരികയാണെന്നും അദേഹം അറിയിച്ചു.
തെളിവില്ല: എ.ഡി.ജി.പി
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നു കാണാതായ മലയാളികള്‍ ഐ.എസില്‍ ചേര്‍ന്നതിനു സ്ഥിരീകരണമില്ല. ഇതുസംബന്ധിച്ചു തെളിവു ലഭിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി ആര്‍. ശ്രീലേഖ വ്യക്തമാക്കി. ഇവര്‍ ഇപ്പോള്‍ എവിടെയുണ്ടണ്ട് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതേയുള്ളൂ. വിദേശത്ത് അവര്‍ എവിടെയാണ് ഉള്ളത് എന്നതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നും ശ്രീലേഖ പറഞ്ഞു. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട് മൂന്ന് മാസത്തിലൊരിക്കല്‍ നടക്കുന്ന സംസ്ഥാന പോലിസ് മേധാവികളുടെ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു എ.ഡി.ജി.പി. വിഷയം വളരെ വൈകാരികമായതായതിനാല്‍ ഇതിനെക്കുറിച്ച് ഇപ്പോള്‍ വ്യക്തമായി ഒന്നും പറയാനാവില്ല. അതിനിടെ മുംബൈയില്‍ നിന്ന് ഐ.എസ് ബന്ധമാരോപിച്ച് തൃക്കരിപ്പൂര്‍ സ്വദേശി ഫിറോസിനെ പിടികൂടിയെന്ന വാര്‍ത്ത അവര്‍ നിഷേധിച്ചു.
സാമുദായിക ധ്രുവീകരണനീക്കം ശരിയല്ല: ആന്റണി
തിരുവനന്തപുരം: ഐ.എസ് വാര്‍ത്തകളുടെ പേരില്‍ സാമുദായിക ധ്രുവീകരണവും മുസ്‌ലിം സമുദായത്തിനെതിരേ പ്രചാരണം നടത്താനുമുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി. കേരളത്തിലെ മുസ്‌ലിംകളും ഐ.എസിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അവരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ആന്റണി പറഞ്ഞു.
കാണാതായവരെല്ലാം ഐ.എസില്‍ ചേര്‍ന്നതായി സ്ഥിരീകരിച്ചിട്ടില്ല. ചിലര്‍ ഐ.എസില്‍ ചേര്‍ന്നിട്ടുണ്ടാകാം. എന്നാല്‍ എല്ലാവരും അങ്ങനെയാണെന്നു കരുതാനാകില്ല. സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ കൂടി പരിഗണിച്ച് വേണം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്താനെന്നും ആന്റണി പറഞ്ഞു.
കേരളത്തില്‍ മുസ്‌ലിംവിരുദ്ധ വികാരമുണ്ടാക്കാന്‍ ശ്രമം: മുഖ്യമന്ത്രി
തിരുവനന്തപുരം: മലയാളികളെ കാണാതായ സംഭവത്തിന്റെ പേരില്‍ മുസ്‌ലിംവിരുദ്ധ വികാരം ഇളക്കിവിടാന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇവര്‍ മുസ്‌ലിംകളെയാകെ പുകമറയില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. ഭീകവാദത്തിന് മതം അടിസ്ഥാനമല്ലെന്നും മുതലെടുപ്പിനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഒ. രാജഗോപാല്‍, പി.ടി തോമസ്, എം. രാജഗോപാല്‍ എന്നിവരുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മലയാളികളുടെ ഐ.എസ് ബന്ധവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു. 21 പേരെയാണ് കാണാതായിരിക്കുന്നത്. കാസര്‍കോട് പടന്നയില്‍നിന്ന് കാണാതായ 17 പേരില്‍ എട്ടു യുവാക്കളും ആറു സ്ത്രീകളും മൂന്നു കുട്ടികളുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട്ടുനിന്നു നാലു പേരെയാണ് കാണാതായത്. ഇവര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയെന്നാണ് വാര്‍ത്തകളിലൂടെ അറിയുന്നത്. കാസര്‍കോട് സ്വദേശി ഫിറോസിനെ മുംബൈയില്‍വച്ച് അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. തീവ്രവാദത്തിനും ഭീകരവാദത്തിനും മതമില്ല. ഇത്തരം ദേശവിരുദ്ധ നിലപാടെടുക്കുന്നവരെ ഒറ്റപ്പെടുത്തും. വിഷയത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് ശക്തമായ നടപടിയെടുക്കും. കാണാതായവര്‍ വ്യത്യസ്ത ആവശ്യങ്ങള്‍ പറഞ്ഞു വീട്ടില്‍നിന്നു പോയെന്നാണ് വിവരം. എന്നാല്‍, ഇവര്‍ ഐ.എസില്‍ ചേര്‍ന്നതാണോ എന്നതിനു സ്ഥിരീകരണമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്. മുസ്‌ലിംകളെയാകെ സംശയത്തിന്റെ നിഴലിലാക്കുന്ന അവസ്ഥയുണ്ടാകരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."