ട്രെയിന്‍ എന്‍ജിന്‍ അപകടം: റെയില്‍വേ അന്വേഷണം തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷണ്ടിങ്ങിനിടെ കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എന്‍ജിന്‍ തോട്ടിലേക്കു മറിഞ്ഞ സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥ സംഘം അന്വേഷണം തുടങ്ങി. ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സംഘമാണ് ഇന്നലെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങിയത്. അസിസ്റ്റന്റ് എന്‍ജിനിയര്‍ (നോര്‍ത്ത്) സാഗര്‍ ചൗധരി, അസിസ്റ്റന്റ് ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍ (മംഗളൂരു) നാഗേഷ്‌കുമാര്‍ മീണ, ഏരിയാ ഓഫിസര്‍ (മംഗളൂരു) അനിത്ത് പ്രകാശാണ് എന്നിവരാണ് ഇന്നലെ കണ്ണൂര്‍ റെയില്‍വേ എന്‍ജിനിയറിങ് ഓഫിസില്‍ നിന്നു ജീവനക്കാരില്‍ നിന്നു തെളിവെടുത്തത്.
അപകടം വരുത്തിയ ട്രെയിന്‍ എന്‍ജിന്‍ ലോക്കോ പൈലറ്റ് ഇ. ജയേഷ്, ഷണ്ടിങ് മാസ്റ്റര്‍മാരായ ഭാഗ്യനാഥ്, വിജയന്‍, ഷംന, സ്റ്റേഷന്‍ മാനേജര്‍ എം.കെ ഷൈലേന്ദ്രന്‍, സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍മാരായ പി.കെ അജിത്ത് കുമാര്‍, ദീപക് കുമാര്‍, റെയില്‍വേ സാങ്കേതിക വിഭാഗം ജീവനക്കാര്‍ എന്നിവരില്‍ നിന്നാണു അന്വേഷണസംഘം തെളിവെടുത്തത്. ഇന്നലെ രാവിലെ 10.30ന് തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം ആറര വരെ നീണ്ടു. സംഘം ഈയാഴ്ച തന്നെ ഡിവിഷണല്‍ റെയില്‍വേ മാനജേര്‍ റിപ്പോര്‍ട്ട് നല്‍കും.
കഴിഞ്ഞ അഞ്ചിനു പുലര്‍ച്ചെ 4.40ഓടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ പന്നേന്‍പാറ ഇരട്ടക്കണ്ണന്‍ പാലം ഷണ്ടിങ് യാര്‍ഡിലുണ്ടായ അപകടത്തില്‍ ഷണ്ടിങ് മാസ്റ്റര്‍ ജയേഷിന്റെ കാലിനു പരുക്കേറ്റിരുന്നു. അപകടത്തെ തുടര്‍ന്നു ഇയാളെ റെയില്‍വേ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഷണ്ടിങ്ങിനിടെ ഡെഡ് എന്‍ഡിലെ കോണ്‍ക്രീറ്റ് ബാരിക്കേഡ് തകര്‍ത്ത് എന്‍ജിന്‍ തോട്ടിലേക്കു വീഴുകയായിരുന്നു. എന്‍ജിന്റെ കൂടെ ഘടിപ്പിച്ച ബോഗികളിലൊന്നും പാളംതെറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."