കുറ്റിക്കുളം തുറന്നുകൊടുത്തു
ആലങ്ങാട്: കൊങ്ങോര്‍പ്പിള്ളിയില്‍ നവീകരിച്ച കുറ്റിക്കുളം തുറന്നുകൊടുത്തു. വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എ.യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ചാണ് കുറ്റിക്കുളങ്ങര ബാലമുരളി പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് സമീപം ജീര്‍ണാവസ്ഥയിലായിരുന്ന കുളം നവീകരിച്ചത്.
ആലങ്ങാട് പഞ്ചായത്തിലെ കൊങ്ങോര്‍പ്പിള്ളി പ്രദേശത്തെ പ്രധാന നീരുറവയായിരുന്നു കുറ്റിക്കുളം. എന്നാല്‍ അടുത്തകാലത്തായി ആരും ഉപയോഗിക്കാതെയാണ് പായല്മൂടി മലിനപ്പെട്ടത്. ഇതിലെ വെള്ളം വറ്റിത്തുടങ്ങിയതോടെ പ്രദേശത്തെ കിണറുകളിലും വെള്ളമില്ലാതെയായി. തുടര്‍ന്ന് പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചാണ് കുളം നവീകരിക്കാന്‍ തീരുമാനമെടുത്തത്. ചെളിയും പാലയുംമാറ്റി കുളത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ചു. അരിക് കരിങ്കല്‍ഭിത്തികെട്ടി സംരക്ഷിച്ചു. പടവുകളും കുളത്തിന്റെ ചുറ്റുവശയും ടൈല്‍വിരിച്ച് നാടപ്പാതയുമുണ്ടാക്കി മനോഹരമാക്കിയിട്ടുണ്ട്.
നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുറ്റിക്കുളങ്ങര ക്ഷേത്രാങ്കണത്തില്‍ നടന്ന പൊതുസമ്മേളനവും വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയസിങ്ങ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."