മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു
കൊട്ടാരക്കര: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തി. മൈലം തെക്കേക്കര ഊന്നങ്കല്ലില്‍ മുക്കില്‍ കലാഭവനില്‍ ജ്യോതിലക്ഷ്മി(45)യാണ് മരിച്ചത്. സംഭവത്തിനുശേഷം ഭര്‍ത്താവ് ശ്രീധരന്‍(48) കൊട്ടാരക്കര പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
വിഷം ഉള്ളില്‍ ചെന്നതായുള്ള സംശയത്തെ തുടര്‍ന്നു ശ്രീധരനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് ശ്രീധരന്‍ ഓട്ടോറിക്ഷയില്‍ പൊലിസ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിച്ചത്. പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഇതു സ്ഥിരീകരിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ ശ്രീധരനും ഭാര്യയും കശുവണ്ടി, തൊഴിലുറപ്പ് തൊഴിലാളിയുമായ ജ്യോതിലക്ഷ്മിയും ഒന്നിച്ചു മദ്യപിക്കാറുണ്ടായിരുന്നു. മദ്യപിച്ചശേഷം കലഹവും പതിവാണ്. ഇവരുടെ ഒന്‍പതു വയസുകാരി മകള്‍ ശ്രീലേഖ ഈ സമയങ്ങളില്‍ അയല്‍വീടുകളിലോ പൊതുനിരത്തിലോ അഭയംപ്രാപിക്കുകയാണ് പതിവ്.
ഞായറാഴ്ച വൈകിട്ട് ആറരയോടെ ഇരുവരും തമ്മില്‍ കലഹമാരംഭിക്കുകയും ഇതിനിടയില്‍ കശുവണ്ടി തല്ലുന്ന കൊട്ടുവടികൊണ്ടു ശ്രീധരന്‍ ഭാര്യയെ പലതവണ നെഞ്ചിലും വയറ്റിലും അടിക്കുകയും ചവിട്ടുകയുമായിരുന്നു. പുലര്‍ച്ചെ ഒന്നോടെയാണ് ഭാര്യ മരിച്ചതായി ഇയാള്‍ക്കു ബോധ്യപ്പെട്ടത്.
തുടര്‍ന്ന് അയല്‍വാസിയുടെ ഓട്ടോറിക്ഷയില്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ ഉറങ്ങിക്കിടക്കുന്ന മകള്‍ക്കൊപ്പമാണ് ജ്യോതിലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു രാവിലെ എട്ടോടെയാണ് താന്‍ വിഷം കഴിച്ചതായി ശ്രീധരന്‍ പൊലിസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിവാഹിതയായ ശ്രീകലയാണ് ഈ ദമ്പതികളുടെ മൂത്തമകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."