സുമലതയിലൂടെ മാണ്ഡ്യപിടിക്കാന്‍ ബി.ജെ.പി: താരം സ്വതന്ത്രയായി പത്രിക നല്‍കി
ബംഗളുരു: കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലേക്കാണ് പലരുടെയും ശ്രദ്ധ. മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന ചലച്ചിത്ര താരം സുമലതയാണ് മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി. മത്സരിക്കുന്നതിനായി അവര്‍ പത്രികയും സമര്‍പ്പിച്ചു. തൂവാനത്തുമ്പികള്‍, നിറക്കൂട്ട്, ന്യൂഡല്‍ഹി തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായികയായ സുമലത അന്തരിച്ച കോണ്‍ഗ്രസ് എം.പി അംബരീഷിന്റെ ഭാര്യയായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമായിരുന്നു മാണ്ഡ്യ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സുമലതയുടെ പ്രഖ്യാപനമുണ്ടായത്.
അംബരീഷിന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ സീറ്റില്‍ മത്സരിക്കണമെന്ന താരത്തിന്റെ ആഗ്രഹത്തെ കോണ്‍ഗ്രസ് നിഷ്‌ക്കരുണം തള്ളിയതോടെയാണ് അവഗണനക്കെതിരേ പ്രതിഷേധവുമായി സുമലത ഭര്‍ത്താവിന്റെ സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
ഇതോടെ ബി.ജെ.പിയും പിന്തുണയുമായെത്തി. സ്ഥാനമോഹത്തിനപ്പുറത്ത് ആദര്‍ശത്തിനൊന്നും വില കല്‍പ്പിക്കാത്ത താരം സ്ഥാനാര്‍ഥിയായതോടെ പിന്തുണയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു ആരാധകരും കൂടെകൂടിയിട്ടുണ്ട്. ആരാധകരുടെ അകമ്പടിയോടെയാണ് സുമലത പത്രിക സമര്‍പ്പിച്ചത്.
അതിനുപുറമേ അംബരീഷ് ആരാധകരും കര്‍ഷക സംഘടനാ നേതാക്കളും കന്നഡ സൂപ്പര്‍ താരങ്ങളായ യഷ്, ദര്‍ശന്‍ എന്നിവരും സുമലതയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
അതേ സമയം സുമലതയും എതിര്‍ സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിയും അഭിനയിച്ച സിനിമകള്‍ തിരഞ്ഞെടുപ്പ് കഴിയുംവരേ പ്രദര്‍ശിപ്പിക്കരുതെന്ന് മുഖ്യ വരണാധികാരി ദൂര്‍ദര്‍ശനോട് ആവശ്യപ്പെട്ടു. അംബരീഷിന്റെ പാരമ്പര്യം നില നിര്‍ത്താനാണ് സുമലത ജനവിധി തേടുന്നത്.
'മാണ്ഡ്യയില്‍ ഞാന്‍ നേരില്‍ക്കണ്ട ജനങ്ങളെല്ലാം അംബരീഷില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസത്തെക്കുറിച്ച് പറഞ്ഞു. ആ വിശ്വാസം അവര്‍ക്ക് എന്നോടുമുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മയും പാരമ്പര്യവും നിലനിര്‍ത്താനാണ് എന്റെ ഈ പോരാട്ടം. എന്റെ തീരുമാനം ആരെയെങ്കിലും വേദനിപ്പിക്കുന്നുവെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.' എന്നാണ് സുമലത പറയുന്നത്.
മാണ്ഡ്യ സീറ്റ് ജെഡിഎസിന് നല്‍കിയതോടെയാണ് കോണ്‍ഗ്രസുമായി സുമലത തെറ്റിപ്പിരിഞ്ഞത്. അതോടെ അവര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ലഭിച്ചിരുന്നു. മാണ്ഡ്യക്ക് പകരം മറ്റേതെങ്കിലും സീറ്റ് സുമലതയ്ക്ക് നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ഒന്നുമുണ്ടായില്ല. ഇപ്പോള്‍ താരത്തോടൊപ്പമുള്ള ആരാധക വൃന്ദത്തെക്കണ്ട് കോണ്‍ഗ്രസ് നേതൃത്വവും ഞെട്ടിയിരിക്കുകയാണ്. അതൊക്കെ വോട്ടായി മാറിയാല്‍ ഈ സീറ്റു തന്നെ കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണിപ്പോള്‍ കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."