ഉപേക്ഷിച്ച ഭര്‍ത്താവിന്റെ പേരില്‍ റേഷന്‍കാര്‍ഡ്: തിരുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
പാലക്കാട്: ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന്റെ പേരിലുള്ള റേഷന്‍കാര്‍ഡ് കാരണം വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ പോയ അഗതിയായ വീട്ടമ്മയുടെ റേഷന്‍കാര്‍ഡ് ഉചിതമായി തിരുത്തി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശകമ്മിഷന്‍.
പാലക്കാട് ചെര്‍പ്പുളശേരി ഷൗക്കത്താജി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ.ഇന്ദിരക്ക് ലൈഫ് പദ്ധതിയില്‍ വീട് നല്‍കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ തനിക്കുള്ള വിവേചനാധികാരം മാനുഷികമായി പ്രകടിപ്പിക്കണമെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഇന്ദിര വാടക വീട്ടില്‍ താമസിച്ച് അന്യവീടുകളില്‍ ജോലി ചെയ്ത് ജീവിക്കുകയാണ്. 2017 ലാണ് ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയത്. കമ്മിഷന്‍ പാലക്കാട് ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ലൈഫ്മിഷന്‍ പദ്ധതി പ്രകാരം സ്വന്തമായി റേഷന്‍കാര്‍ഡുള്ളവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും പരാതിക്കാരിയുടെ പേരില്‍ റേഷന്‍കാര്‍ഡില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, 1948167753 നമ്പറായി തനിക്ക് ഫോട്ടോ പതിച്ച റേഷന്‍കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും കാര്‍ഡ് ഉടമയുടെ സ്ഥാനത്ത് ഉപേക്ഷിച്ച് പോയ ഭര്‍ത്താവിന്റെ പേരാണെന്നും പരാതിക്കാരി അറിയിച്ചു. സമാന അപേക്ഷ സമര്‍പ്പിച്ച മറ്റ് ചിലരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും താന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വില്ലേജ് ഓഫിസര്‍ നേരിട്ട് വന്ന് സത്യാവസ്ഥ ബോധ്യപ്പെട്ടതാണെന്നും പരാതിക്കാരി അറിയിച്ചു.
ഉപേക്ഷിച്ചുപോയ ഭര്‍ത്താവിന്റെ പേര് എങ്ങനെ കുടുംബനാഥന്റെ സ്ഥാനത്ത് നിലനിര്‍ത്തിയെന്ന് പരിശോധിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കുട്ടികളോടൊത്ത് അഗതിയെ പോലെ ജീവിക്കുകയാണ് പരാതിക്കാരി. പരാതിക്കാരിയുടെ പേരില്‍ തന്നെ റേഷന്‍കാര്‍ഡ് വേണമെന്നാണ് മാനദണ്ഡം. ഇന്ത്യയൊട്ടാകെ കുടുംബനാഥകളുടെ പേരില്‍ രണ്ട് വര്‍ഷം മുമ്പ് റേഷന്‍കാര്‍ഡ് നിലവില്‍ വന്നു. അതുകൊണ്ടു തന്നെ ഭര്‍ത്താവിന്റെ പേരില്‍ റേഷന്‍കാര്‍ഡുണ്ടായത് ഒരു ന്യൂനതയായി കണക്കാക്കണമെന്ന് കമ്മിഷന്‍ വിലയിരുത്തി.
മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത് സ്വാധീന ശക്തിയുള്ള അനര്‍ഹരെ സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒഴിവാക്കാനാണെന്ന് കമ്മിഷന്‍ ചൂണ്ടികാണിച്ചു. സ്വന്തമായി വീടും തൊഴിലുമില്ലാത്ത അഗതികളെ പടിയടച്ച് അകറ്റാനല്ല നിയമമുണ്ടാക്കിയത്. ലൈഫ് പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ റേഷന്‍കാര്‍ഡില്ലാത്തത് അപാകതയായി കണക്കാക്കേണ്ടതില്ല.റേഷന്‍കാര്‍ഡ് തിരുത്താന്‍ പരാതിക്കാരി താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് അപേക്ഷ നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."