സല്‍മാനുല്‍ ഫാരിസിന്റെ ധീരതക്ക് അഭിനന്ദനപ്രവാഹം
കൂറ്റനാട്: പതിമൂന്നുകാരന്റെ ധീരതക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം. കഴിഞ്ഞ മാസം മെയ് 29ന് നിളാ നദിയില്‍ കുളിച്ചു കൊണ്ടിരിക്കെ അബദ്ധത്തില്‍ ഒഴുക്കില്‍ പെട്ട് മുങ്ങിത്താഴ്ന്ന രണ്ടു ജീവനുകള്‍ക്ക് രക്ഷകനായത് ഈ കൊച്ചു ബാലന്‍. അതി സാഹസികമായാണ് സല്‍മാനുല്‍ ഫാരിസ് അവരെ രക്ഷപ്പെടുത്തിയത്.
മഴപെയ്ത് അടിയൊഴുക്ക് വര്‍ദ്ധിച്ച പുഴയിലേക്ക് തനിച്ച് പോകരുതെന്ന വീട്ടുകാരുടെ വിലക്ക് മറികടന്ന് പുഴയിലേക്ക് കുളിക്കാന്‍ പോയതാണ് കുട്ടികള്‍. അതുകൊണ്ടുതന്നെ കഴിഞ്ഞമാസം 29നു നടന്ന സംഭവം വീട്ടുകാരും നാട്ടുകാരും അറിയാന്‍ ഏറെ സമയമെടുത്തു.
സ്വന്തം സഹോദരി ആറാം ക്ലാസുകാരി സാദിയയും ബന്ധുവും അയല്‍വാസിയുമായ ഒമ്പതാം ക്ലാസുകാരി അല്‍ഫ ജാസിയയുമാണ് മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരികെ നീന്തിക്കയറിയത്. വീട്ടില്‍ അറിഞ്ഞാല്‍ ഉമ്മ വഴക്കു പറയുമെന്നു ഭയന്ന് മൂവരും വിവരം രഹസ്യമാക്കി വെച്ചു.
തന്റെ ജീവന്‍ തിരികെ സമ്മാനിച്ച സല്‍മാനുല്‍ ഫാരിസിന്റെ ധീരതക്ക് എങ്ങിനെയെങ്കിലും നന്ദി പ്രകടിപ്പിക്കണമെന്ന് ഒമ്പതാം ക്ലാസുകാരി അല്‍ഫ ജാസിയക്ക് തോന്നി. അവള്‍ കുറച്ചു ചോക്കളേറ്റ് വാങ്ങി സല്‍മാന് കൊണ്ടു കൊടുത്തപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നതു പോലും. പിന്നീട് അല്‍ഫ തന്നെയാണ് തന്റെ ക്ലാസ് ടീച്ചര്‍ വഴി സ്‌കൂളിലറിയുന്നതും.
തൃത്താല ഡോ.കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മൂവരും. സ്‌കൂള്‍ അധികൃതര്‍ വഴി പി.ടി.എ.യും, പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും, തൃത്താല പൊലീസും, സല്‍മാനുല്‍ ഫാരിസിന്റെ ധീരത അറിഞ്ഞുതുടങ്ങി. രാഷ്ട പതിയുടെ ധീരതക്കുള്ള അവാര്‍ഡിന് ഈ വര്‍ഷം തന്നെ സല്‍മാനുല്‍ ഫാരിസിന്റെ പേര് നിര്‍ദേശിക്കുമെന്നും അതിനുള്ള എല്ലാ നടപടിക്രമവും സ്വീകരിക്കുമെന്നും എസ്.ഐ കാളിദാസന്‍ പറഞ്ഞു. അവനെ വീട്ടിലെത്തി അനുമോദിച്ചു കൊണ്ടിരിക്കുകയാണ് നാട്ടുകാര്‍.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി.ഹിളര്‍, തൃത്താല പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ അനുമോദിക്കാന്‍ വീട്ടിലെത്തി. തൃത്താല, കണ്ണന്നൂര്‍ പുളിച്ചാറം വീട്ടില്‍ അബ്ദുസലീമിന്റെയും ഫൗസിയയുടെയും മകനാണ് സല്‍മാനുല്‍ ഫാരിസ്. തൃത്താല ഡോ. കെ.ബി.മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിയാണ് സല്‍മാനുല്‍ ഫാരിസ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."