സര്‍ക്കാര്‍ ഭൂമി ജുവലറിക്ക് നല്‍കിയ കരാര്‍ റദ്ദ് ചെയ്തു
തിരുവനന്തപുരം: എറണാകുളം കടവന്ത്രയിലുള്ള കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സിഡ്‌കോ ഭീമ ജുവലറിക്ക് 80 വര്‍ഷത്തേക്ക് ചട്ടം ലംഘിച്ച് പാട്ടത്തിനു നല്‍കിയ കരാര്‍ സര്‍ക്കാര്‍ റദ്ദാക്കിയതായി വ്യവസായമന്ത്രി ഇ.പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. വി.എസ് അച്യുതാനന്ദന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. 500 കോടി വിലമതിക്കുന്ന 5.13 ഏക്കര്‍ ഭൂമി വെറും 15 കോടി രൂപ മുന്‍കൂര്‍ വാങ്ങി ഭീമ ജുവലറിക്ക് 80 വര്‍ഷത്തേക്ക് കൈമാറാന്‍ സിഡ്‌കോ മുന്‍ എം.ഡി സജി ബഷീറിന്റെ നേതൃത്വത്തിലാണ് തീരുമാനമെടുത്തത്.
ഒട്ടേറെ വിജിലന്‍സ് അന്വേഷണം നേരിടുന്ന സജി ബഷീര്‍ നടത്തിയ ഈ ഇടപാട് ശ്രദ്ധയില്‍പെട്ട വ്യവസായമന്ത്രി ഫയല്‍ വിളിച്ചുവരുത്തുകയും പരിശോധിക്കുകയും ചെയ്തിരുന്നു. ഇവിടെ വ്യവസായ കേന്ദ്രം തുടങ്ങാന്‍ സിഡ്‌കോ ടെന്‍ഡര്‍ വിളിച്ചിരുന്നു. എന്നാല്‍ ടെന്‍ഡറില്‍ ഭീമജുവലറിയും ഇവരുടെ പരസ്യങ്ങള്‍ ചെയ്യുന്ന ഗ്രീന്‍ ടി.വിയും മാത്രമാണ് പങ്കെടുത്തിരുന്നത്. 80 വര്‍ഷത്തേക്ക് ഇവര്‍ക്ക് നല്‍കുകയും ചെയ്തു. മാത്രമല്ല 80 വര്‍ഷത്തേക്ക് ഭൂമി ലഭിക്കുന്നതിന് ഭീമ മുന്‍കൂര്‍ അടയ്‌ക്കേണ്ട തുകയായ 15 കോടി 10 വര്‍ഷം കൊണ്ട് അടച്ചാല്‍ മതി. കൂടാതെ വാടകയിനത്തില്‍ 80 വര്‍ഷത്തേക്ക് അടയ്‌ക്കേണ്ട തുക 98 കോടിയായും നിജപ്പെടുത്തി. 80 വര്‍ഷം കൊണ്ട് ഭൂമി വിലയില്‍ വരുന്ന വര്‍ധന പോലും കണക്കാക്കാതെയാണ് ഈ തുകകള്‍ നിശ്ചയിച്ചിരുന്നത്. ഇടപാടിന്റെ ഭാഗമായി ഭീമ 50 ലക്ഷം സിഡ്‌കോയില്‍ അടയ്ക്കുകയും ചെയ്തു.
മുന്‍ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ അറിയിക്കാതെയായിരുന്നു സിഡ്‌കോ എം.ഡിയായിരുന്ന സജി ബഷീര്‍ കരാര്‍ ഒപ്പിട്ടത്. ഇതില്‍ അഴിമതി നടന്നുവെന്ന് സജി ബഷീറിന് പകരം വന്ന എം.ഡി സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. കണ്ണായസ്ഥലത്താണ് കടവന്ത്രയിലെ സര്‍ക്കാര്‍ ഭൂമി കിടക്കുന്നത്. ഈ ഭൂമിയില്‍ ബഹുനിലമന്ദിരങ്ങള്‍ നിര്‍മിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്കും ഫ്‌ളാറ്റുകളായും ആവശ്യക്കാര്‍ക്ക് കൈമാറുക എന്നതായിരുന്നു പദ്ധതി. നിര്‍മാണം ഭീമ പൂര്‍ത്തീകരിക്കണം. ഇവിടെ നിന്ന് 80 വര്‍ഷത്തേക്ക് ലഭിക്കുന്ന വരുമാനം ഭീമയ്ക്ക് സ്വന്തം. ഏകദേശ കണക്കനുസരിച്ച് 3000 കോടി വരും ഇത്. 80 വര്‍ഷം കൊണ്ട് സിഡ്‌കോയ്ക്ക് കിട്ടുന്നതാകട്ടെ 113 കോടി മാത്രം.
35 വര്‍ഷത്തേക്ക് ഭൂമി കൈമാറുമെന്നാണ് ടെന്‍ഡറില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഭീമയ്ക്ക് ഭൂമി നല്‍കിയത് 80 വര്‍ഷത്തേക്ക്. ഭൂമിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കണമെന്നാണ് ടെന്‍ഡറിലെ വ്യവസ്ഥ.എന്നാല്‍ കരാറില്‍ ഇത് 10 വര്‍ഷമാണ് . ഇങ്ങനെ നിരവധി ക്രമക്കേടുകളാണ് നടന്നിരുന്നത്. സിഡ്‌കോ എം.ഡിയായിരുന്ന സജി ബഷീറും എറണാകുളം എം.ജി റോഡിലെ ഭീമ ജുവല്‍സ് മാനേജിങ് പാര്‍ട്ട്ണര്‍ ബിന്ദു മാധവും തമ്മിലാണ് ഭൂമി കൈമാറ്റ കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
ഭീമയില്‍ നിന്നു വാങ്ങിയ 50 ലക്ഷം തിരിച്ചു നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി ഇ.പി ജയരാജന്‍ നിയസഭയില്‍ പറഞ്ഞു. കൂടാതെ വ്യവസായ വകുപ്പിനോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ വിജിലന്‍സ് അന്വേഷണത്തിന് വിടുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."