ഒരു അഭിനന്ദനത്തില്‍ പലതുമിരിക്കുന്നു
ഒരു അഭിനന്ദനത്തില്‍ എന്തിരിക്കുന്നു എന്നു വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍ രാഷ്ട്രീയത്തിലായാല്‍ അതില്‍ എന്തെങ്കിലുമൊക്കെ കാണും, പ്രത്യേകിച്ച് പ്രതിപക്ഷ എം.എല്‍.എ ഭരണപക്ഷത്തെ അഭിനന്ദിക്കുമ്പോള്‍. മറ്റാര്‍ക്കും അതു തിരിച്ചറിയാനായില്ലെങ്കിലും പി.സി ജോര്‍ജിനു മനസിലാകും.
കേരള കോണ്‍ഗ്രസ് (എം) അംഗം ഡോ. എന്‍. ജയരാജ് ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍ വേണ്ടത്ര പ്രതിപക്ഷ സ്വരമില്ലെന്ന് ചിലര്‍ക്കൊരു സംശയം. ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ നടപ്പാകുകയാണെങ്കില്‍ നല്ലതാണെന്ന് ജയരാജ്. കാഞ്ഞിരപ്പള്ളി റോഡിന് പണമനുവദിച്ചതിന് മന്ത്രിയെ ജയരാജ് അഭിനന്ദിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനു നല്ല സമയമാണെന്നു പറഞ്ഞായിരുന്നു ജോര്‍ജിന്റെ തുടക്കം. ഇപ്പുറത്ത് കോണ്‍ഗ്രസ് ശിഥിലമായിരിക്കുന്നു.
യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്‌ലിം ലീഗ് മാത്രമാണ് പ്രതിപക്ഷമെന്നു പറയാവുന്നത്. മൂന്നാംകക്ഷി ഏതുസമയം വേണമെങ്കിലും പിണറായിയുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കാത്തിരിക്കുകയാണ്. ജയരാജിന്റെ പ്രസംഗം അതാണ് കാണിക്കുന്നതെന്നും ജോര്‍ജ്. കേരള കോണ്‍ഗ്രസില്‍ നിന്ന് ആരും മറുത്തൊന്നും പറഞ്ഞതുമില്ല.
ഐസക്കിന്റെ ബജറ്റ് താരതമ്യേന ഭേദപ്പെട്ടതാണെന്നാണ് ജോര്‍ജിന്റെ പക്ഷം. എന്നാല്‍ നിറയെ സ്വപ്നങ്ങളാണെന്ന അഭിപ്രായവുമുണ്ട്. സ്വപ്നത്തിന്റെ കാര്യത്തില്‍ ജോര്‍ജിനോടൊപ്പമായിരുന്നു പ്രതിപക്ഷം. നടക്കാത്ത സ്വപ്നങ്ങള്‍ കുത്തിനിറച്ച ബജറ്റാണിതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷാംഗങ്ങളെല്ലാം പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ സഭയില്‍ നാലാമത്തെ നയപ്രഖ്യാപനം കേള്‍ക്കേണ്ടിവന്ന ഗതികേടിലാണ് സഭയെന്ന് വി.ഡി സതീശന്‍. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും നന്ദിപ്രമേയത്തിനുള്ള മറുപടിയിലും ധവളപത്രത്തിലുമൊക്കെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ബജറ്റിലുമുള്ളത്. ബജറ്റ് കണക്കുകളിലെ ചില പൊരുത്തക്കേടുകളും സതീശന്‍ ചൂണ്ടിക്കാട്ടി. സി.ദിവാകരന് ഈ ബജറ്റ് റെഡ് ബജറ്റ് ആണ്. അതിനൊരു റെഡ്‌സല്യൂട്ടും ദിവാകരന്റെ വകയായുണ്ട്. ബജറ്റില്‍ തുടങ്ങി ഗുജറാത്ത് കടന്ന് ദിവാകരന്‍ ദേശീയരാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍, അങ്ങയെപ്പോലെ ഒരു പ്രഗത്ഭവ്യക്തിത്വത്തെ എന്തുകൊണ്ട് ഭരണപക്ഷം തിരിച്ചറിയാതെ പോയതെന്ന് പി.ടി തോമസിനു സംശയം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ് രേഖകളും പുതിയ ബജറ്റ് രേഖകളും ഏറെക്കുറെ സമാനമാണെന്ന് ഡോ. എം.കെ.മുനീര്‍. ചില സത്യങ്ങള്‍ മറച്ചുവയ്ക്കാനാവില്ല. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്ത പല കാര്യങ്ങളും ഈ ബജറ്റിലും ആവര്‍ത്തിക്കുന്നുണ്ടെന്നും മുനീര്‍. സാമ്പത്തികമാന്ദ്യമുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വിളിച്ചുപറഞ്ഞാല്‍ പിന്നെ സംസ്ഥാനത്തേക്ക് നിക്ഷേപകര്‍ വരുമോ എന്ന് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ക്കു സംശയം. ഊഹങ്ങളുടെ പുറത്തു തയാറാക്കിയ ബജറ്റാണിതെന്നും തങ്ങള്‍. ധവളപത്രത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്തെ മൊത്ത ആഭ്യന്തരഉല്‍പാദന കണക്കുകള്‍ ഐസക് മറച്ചുവച്ചെന്ന് വി.ടി.ബല്‍റാം. ധനമന്ത്രി സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും ബല്‍റാമിന്റെ ആരോപണം. ഭരണപക്ഷത്തുള്ളവര്‍ എപ്പോഴും ഉദ്ധരിക്കുന്നത് ഗീത, ബൈബിള്‍ വചനങ്ങളോ ജവഹര്‍ലാല്‍ നെഹ്‌റുവിനെയോ ആണെന്ന് ശാഫി പറമ്പില്‍. ഇടക്കെങ്കിലും മാര്‍ക്‌സിനെയും എംഗല്‍സിനെയും ഉദ്ധരിക്കണം. അവരെ നാട്ടുകാര്‍ മറന്നുപോകാതിരിക്കാനാണിത്. അവരുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടി ഓഫിസുകളില്‍ കാണാനിടയില്ലെന്നും ശാഫി.
തന്റെ പഴയ പാര്‍ട്ടിയായ ആര്‍.എസ്.പി സഭയില്‍ നിന്ന് അപ്രത്യക്ഷമായതില്‍ കോവൂര്‍ കുഞ്ഞുമോന് സങ്കടവും അതിലേറെ സന്തോഷവുമുണ്ട്. കേരള രാഷ്ട്രീയത്തില്‍ ആര്‍.എസ്.പി പൂര്‍ണമായി ഇല്ലാതായി. പാര്‍ട്ടി ഇപ്പോള്‍ ഗതികിട്ടാപ്രേതം പോലെ അലയുകയാണെന്നും കുഞ്ഞുമോന്‍. ടി.വി.രാജേഷ് അത്യാവേശത്തോടെയാണ് ബജറ്റിനെയും സര്‍ക്കാരിനെയും പുകഴ്ത്തിയത്. ഇടതുപക്ഷത്തിന്റെ അപാരമായ ജനപക്ഷരാഷ്ട്രീയം ബജറ്റില്‍ പ്രതിഫലിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തിലുള്ള ബജറ്റ് പ്രഖ്യാപനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുന്നതായി രാജേഷ്. നല്ല താളാത്മകമായ തമിഴില്‍ എസ്.രാജേന്ദ്രന്‍ നടത്തിയത് ഉഗ്രന്‍ പ്രസംഗം.
കസ്തൂരിരംഗന്‍ ശുപാര്‍ശകളും നട്ടുവളര്‍ത്തിയ വൃക്ഷങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ മലയോരജനത നേരിടുന്ന തടസങ്ങളുമൊക്കെ രാജേന്ദ്രന്റെ പ്രസംഗത്തില്‍ നിറഞ്ഞു. എന്നാല്‍ സഭയ്ക്ക് 'ഒന്നുമേ പുരിഞ്ഞില്ലെ'ന്ന പ്രതീതി. രാജേന്ദ്രന്‍ സംസാരിച്ചപ്പോള്‍ സഭ പൂര്‍ണമായി ശ്രദ്ധിച്ചെങ്കിലും പ്രതികരണമൊന്നും ഉണ്ടായില്ല. നെല്‍വയല്‍, നീര്‍ത്തടം നികത്തല്‍ ഭേദഗതി റദ്ദാക്കിയില്‍ നിന്ന് മനസ്സിലാകുന്നത് സര്‍ക്കാരിന് ഭാവിയെക്കുറിച്ചു ചിന്തയുണ്ടെന്നാണെന്ന് യു. പ്രതിഭാഹരി. രോഗികളെ പിഴിയുന്ന സ്വകാര്യ ആശുപത്രികളില്‍ നിന്ന് 'ഹാര്‍ട്ട് ടാക്‌സ് ' ഈടാക്കി പാവപ്പെട്ടവരെ ഹൃദയചികിത്സയ്ക്കു സഹായിക്കാന്‍ പദ്ധതിയുണ്ടാക്കണമെന്നു പ്രതിഭയുടെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."