കൊവിഡില്‍ ഇന്നുമാത്രം ഗള്‍ഫില്‍ പൊലിഞ്ഞത് ഏഴ് മലയാളി ജീവനുകള്‍: വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 152 ആയി
ജിദ്ദ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഏഴു പ്രവാസികള്‍ കൂടി മരിച്ചു. സഊദിയില്‍ നാലും യു.എ.ഇയില്‍ മൂന്നുപേരുമാണ് മരിച്ചത്. ഇതോടെ കൊവിഡില്‍ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 152 ആയി. തിരൂര്‍ തൃക്കണ്ടിയൂര്‍ കൊടാലില്‍ അബ്ദൂല്‍കരീം (48) ദുബൈയിലും, മലപ്പുറം എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി (50) അബൂദബിയിലും മരിച്ചു.
ദുബൈയില്‍ കൊവിഡ് ലക്ഷണങ്ങളോടെ ക്വറന്റൈനില്‍ കഴിഞ്ഞിരുന്ന കണ്ണൂര്‍ കതിരൂര്‍ ആറാംമൈല്‍ സ്വദേശി ഷാനിദാണ് (32) യു.എ.ഇയില്‍ മരിച്ച മൂന്നാമത്തെയാള്‍. തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍ (64), കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി.പി അബ്ദുല്‍ ഖാദര്‍ (55), മലപ്പുറം ചട്ടിപ്പറമ്പ് പുള്ളിയില്‍ ഉമ്മര്‍ (49), മലപ്പുറം കാളികാവ് ഐലാശ്ശേരി അസൈനാര്‍പടിയിലെ ആനപ്പട്ടത്ത് മുഹമ്മദലി (49) എന്നിവരാണ് സഊദിയിലെ റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളില്‍ മരണപ്പെട്ടത്.
യു.എ.ഇയില്‍ മരിച്ച തലശേരി ആറാംമൈല്‍ സ്വദേശി ഷാനിദ് ബര്‍ദുബൈയിലെ ഒരു ഹോട്ടലിലാണ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നത്. കൊവിഡ് ലക്ഷണങ്ങളോടെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചു എന്നാണ് നാട്ടില്‍ വിവരം ലഭിച്ചത്. എന്നാല്‍, ന്യൂമോണിയ ഉള്‍പ്പെടെ കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്ന യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ലെന്ന് ദുബൈയിലെ സുഹൃത്തുക്കള്‍ വിശദീകരിച്ചു.
ദുബൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ അബ്ദുല്‍കരീം ഒരുമാസത്തോളമായി ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: സലീന. മക്കള്‍: സഹല്‍, സുഹ ഫാത്തിമ, സിദ്‌റ.
അബൂദബിയില്‍ ഹൗസ് ഡ്രൈവറായിരുന്നു മരിച്ച മൊയ്തുട്ടി. ആഴ്ചകളായി അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റംല. മക്കള്‍: സഫ്‌വാന്‍, സുഹൈല്‍, സഹ്‌ല. മാതാവ്: ഐഷ. സഹോദരങ്ങള്‍: സെയ്താലി (അജ്മാന്‍), ബഷീര്‍, സുബൈര്‍, നബീസ, സഫിയ, ഫൗസിയ. റിയാദില്‍ മരിച്ച ഇരിങ്ങാലക്കുട കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍(64) കൊവിഡ് ബാധയെ തുടര്‍ന്ന് ബദിയയിലെ കിങ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശനിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. രാജ്യത്ത് 24 മണിക്കൂര്‍ കര്‍ഫ്യു പ്രാബല്യത്തില്‍ ഉള്ളതിനാല്‍ റിയാദിലുള്ള മകന്‍ ഷൗക്കത്തിന് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് നാലു ദിവസം മുമ്പ് മരിച്ച വിവരം അറിയുന്നത്. 12 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ മലസിലെ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. സന്ദര്‍ശക വിസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മകള്‍ ഷബ്‌ന. മൃതദേഹം കിംഗ് സല്‍മാന്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.
കോഴിക്കോട് പെരുമണ്ണ തെക്കേപാടത്ത് വി.പി അബ്ദുല്‍ ഖാദര്‍ (55 )അല്‍ കോബാറില്‍ താമസ സ്ഥലത്താണ് മരിച്ചത്. നാല് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ചികിത്സ നടത്തിയെങ്കിലും മറ്റു രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനാ ഫലം പുറത്തു വന്നപ്പോള്‍ പോസിറ്റീവായിരുന്നു. പതിനഞ്ചു വര്‍ഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സുഹറ, മക്കള്‍: അജാസ്, റാഷിദ്, ജസ്‌ന, മുബഷിറ, മരുമക്കള്‍ ഷമീര്‍, ഷാഫി, ഷഹന.
മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49) ആണ് മരണപ്പെട്ട മറ്റൊരു മലയാളി. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്നലെയാണ് മരിച്ചത്. കാളികാവ് ഐലാശ്ശേരി അസൈനാര്‍പടിയിലെ ആനപ്പട്ടത്ത് മുഹമ്മദലി (49) ആണ് മരിച്ചത്. ജാമിഅ കിംഗ് അബദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. റുവൈസിലെ കാര്‍ മൊത്തക്കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. 20 വര്‍ഷമായി ജിദ്ദയിലായിരുന്ന ഇദ്ദേഹം ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. പിതാവ്: ഉണ്ണി മൂസ്സ, മാതാവ്: ഫാത്തിമ, ഭാര്യ: സീനത്ത്, മക്കള്‍: ജംഷീര്‍ (ജിദ്ദ), ബാദുഷ, നിഷ്‌വ.
ഗള്‍ഫില്‍ മൊത്തം രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്നിരിക്കെ, ആശങ്ക ശക്തമായിരിക്കുകയാണ്. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് രാജ്യങ്ങള്‍. നാലായിരത്തിലേറെ പേര്‍ക്ക് ഇന്നലെയും രോഗവിമുക്തി ലഭിച്ചിരുന്നു. ഇതോടെ മൊത്തം രോഗം ഭേദപ്പെട്ടവരുടെ എണ്ണം ലക്ഷം കടന്നു. ദുബൈക്കും സഊദിക്കും പിന്നാലെ ഒമാന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളിലും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനാണ് നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."