ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും
പട്ന: ബി.ജെ.പി വിമതനും ചലച്ചിത്ര നടനും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ വീണ്ടും ബിഹാറില്‍ മത്സരിക്കും. ഇത്തവണ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കാനെത്തുന്നത്. രണ്ടു തവണ വിജയിച്ച പട്ന സാഹിബില്നിന്നു തന്നെയായിരിക്കും അദ്ദേഹം ഇത്തവണയും ജനവിധി തേടുകയെന്നാണ് വിവരം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം സീറ്റ് വിവരം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിട്ടില്ല.
ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കുമെതിരേ നിരന്തരം വിമര്‍ശനമുന്നയിക്കുന്ന ശത്രുഘ്നന്‍ സിന്‍ഹയെ പാര്‍ട്ടി നേതൃത്വം തുടര്‍ച്ചയായി അവഗണിച്ചുവരികയായിരുന്നു. ഇതിനിടയില്‍ കേന്ദ്രത്തിനെതിരേ കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജി സംഘടിപ്പിച്ച പ്രതിപക്ഷ റാലിയില്‍ മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹക്കൊപ്പം ശത്രുഘ്നന്‍ സിന്‍ഹയും വേദി പങ്കിട്ടത് ബി.ജെ.പി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
ഇതേതുടര്‍ന്ന് അദ്ദേഹത്തിനു വേണമെങ്കില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവയ്ക്കാമെന്ന് ബിഹാറിലെ ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഓര്‍മിപ്പിച്ചിരുന്നു. താന്‍ പ്രതിനിധീകരിക്കുന്ന പട്ന സാഹിബ് മണ്ഡലത്തില്‍ നിന്നു തന്നെ ഇത്തവണയും മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഈ മണ്ഡലത്തില്‍ കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പേര് പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കുകയും ശത്രുഘ്നനെ ബോധപൂര്‍വം അവഗണിക്കുകയും ചെയ്യുകയായിരുന്നു.
ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവുമായി അടുത്ത ബന്ധം സ്ഥാപിച്ച ശത്രുഘ്നന്‍, കഴിഞ്ഞ ദിവസം തേജസ്വി യാദവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന വിവരം പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."