ഒരേയൊരു വീരന്‍
രണ്ടുമൂന്നു പതിറ്റാണ്ട് മുന്‍പാണ്. തിരുവനന്തപുരത്ത് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം നടക്കുന്നു. ആദ്യദിവസത്തെ ആതിഥേയര്‍ മാതൃഭൂമിയാണ്. മസ്‌കറ്റ് ഹോട്ടലിലാണെന്നു തോന്നുന്നു. അത്താഴത്തിനു മുന്‍പ് ലളിതമായ ഒരു ചടങ്ങ്. മാതൃഭൂമി എം.ഡി വീരേന്ദ്രകുമാര്‍ സംസാരിക്കുമെന്ന് അനൗണ്‍സ് ചെയ്തു. ഏതു ചടങ്ങും വാഗ്വിലാസം കൊണ്ട് കൈയിലെടുക്കുന്ന വീരേന്ദ്രകുമാര്‍ കുലുങ്ങിക്കുലുങ്ങിവന്ന് ഉച്ചഭാഷിണിക്കു മുന്നിലെത്തി.
'സുഹൃത്തുക്കളെ, ഞാന്‍ വെറുമൊരു എം.ഡി. മാനേജിങ് ഡയരക്ടര്‍മാര്‍ നാട്ടില്‍ ഒരുപാടുണ്ട്. നമുക്കു പക്ഷേ, ഒരേയൊരു എം.ടിയേയുള്ളൂ. അദ്ദേഹത്തിനു മുന്‍പ് ഞാന്‍ സംസാരിക്കുന്നതു ധിക്കാരമാണ്. ബഹുമാനപുരസ്സരം എം.ടി വാസുദേവന്‍ നായരെ ക്ഷണിക്കുന്നു'.
പൊതുവെ പിശുക്കരായ മാധ്യമപ്രവര്‍ത്തകര്‍ മനസറിഞ്ഞു കൈയടിച്ചു. സത്യത്തില്‍ അന്ന് എം.ടി അവിടെ അതിഥിയായല്ല എത്തിയിരുന്നത്. മാതൃഭൂമിയുടെ പീരിയോഡിക്കല്‍സ് എഡിറ്ററെന്ന നിലയില്‍ വന്നതാണ്. എന്നിട്ടും ആ സ്ഥാപനത്തിന്റെ മാനേജിങ് എഡിറ്റര്‍ എം.ടിയെ ആദരിച്ചു. മലയാളത്തിന്റെ പുണ്യം എം.ടിയെ വീരേന്ദ്രകുമാര്‍ ആദരിച്ചപ്പോള്‍ ആദരിക്കപ്പെട്ടത് വീരേന്ദ്രകുമാര്‍ തന്നെയായിരുന്നു. വീരന്‍ കാല്‍നൂറ്റാണ്ട് മുന്‍പ് കാണിച്ച ഈ വലിയ ഔചിത്യബോധം എന്നെ ഏറെ സ്വാധീനിച്ചു.
വീരേന്ദ്രകുമാറിനെ പരിചയപ്പെടുന്നത് ആഴ്ചവട്ടത്ത് എന്റെ മൂത്തമ്മയുടെ വീട്ടില്‍വച്ചാണ്. മൂത്തമ്മയുടെ മകന്‍ എന്‍.സി മോയിന്‍കുട്ടി അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി മെംബറും കോര്‍പറേഷന്‍ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഒക്കെയായിരുന്നു. പാര്‍ട്ടി ബന്ധത്തേക്കാള്‍ ശക്തമായ ആത്മബന്ധമുണ്ടായിരുന്നു അവര്‍ തമ്മില്‍.
പരിചയപ്പെട്ടപ്പോള്‍, അദ്ദേഹം പങ്കെടുത്ത ഒരു ചടങ്ങില്‍ ഞാന്‍ ചലച്ചിത്ര നടന്‍ പ്രേംനസീറിനെക്കുറിച്ചു സംസാരിച്ച കാര്യം എടുത്തുപറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഉദ്ഘാടനം ചെയ്ത ഒരു ചടങ്ങില്‍ ഞാന്‍ സംസാരിച്ചിരുന്നു. അന്നുപക്ഷേ, അദ്ദേഹത്തെ പരിചയപ്പെടാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഒട്ടേറെ പ്രസംഗകരുള്ള ചടങ്ങിലെ എന്റെ കൊച്ചുസംസാരം ശ്രദ്ധിക്കുകയും അതിനെപ്പറ്റി ഓര്‍ത്തുപറയുകയും ചെയ്തിരിക്കുന്നു! അതൊരു വലിയ കാര്യമായിത്തോന്നി.
മോയിന്‍കുട്ടിയുടെ ജ്യേഷ്ഠന്‍ എന്ന പരിഗണനയായിരുന്നു കുറേകാലം. അതിനിടയില്‍ കെ.കെ അബു സാഹിബിനൊപ്പം വീരേന്ദ്രകുമാറിന്റെ വയനാട്ടിലെ വീട്ടില്‍ പോയിരുന്നു. അബു സാഹിബ് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന ഉടനെയായിരുന്നു അത്. അന്നദ്ദേഹം വളരെ നല്ല മൂഡിലായിരുന്നു. അവര്‍ തമ്മില്‍ ആഴത്തിലുള്ള ഹൃദയബന്ധമുണ്ടായിരുന്നെന്നു ബോധ്യമായി. കെ.കെയുടെ ദൗര്‍ബല്യമായിരുന്നു രാംമനോഹര്‍ ലോഹ്യ. 'ലോഹ്യ വന്ന വീടാണിത്'. വീടെത്തും മുന്‍പുതന്നെ അബു സാഹിബ് ആവേശത്തോടെ പറഞ്ഞു. മുസ്‌ലിം ലീഗില്‍ ചേര്‍ന്ന ശേഷവും ലോഹ്യയോടുള്ള ആദരവ് തെല്ലും കുറഞ്ഞിരുന്നില്ല.
തമാശയായി വീരന്‍ പറഞ്ഞു: 'സി.എച്ച് ഒരു ഉദ്ഘാടനത്തിനു വന്നപ്പോള്‍ ഇവിടെ വന്നിരുന്നു. ഞാന്‍ പുറത്തേയ്ക്കു വന്നില്ല. അബു സാഹിബിനെ ലീഗാക്കിയുള്ള വരവായിരുന്നു. എന്നെയും ലീഗാക്കുമോയെന്നു ഭയന്നാണു പുറത്തുവരാതിരുന്നത്'. അബു സാഹിബിനെ തമാശയാക്കി പറഞ്ഞതാണ്. സി.എച്ച് വന്നതും ഒരുമിച്ചു ഭക്ഷണം കഴിച്ചതുമൊക്കെ പിന്നീട് വിസ്തരിച്ചു പറഞ്ഞു. സി.എച്ച് മരിച്ചശേഷം ഏതാണ്ട് എല്ലാ വര്‍ഷവും ഒട്ടേറെ അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. സി.എച്ചിനെക്കുറിച്ചു വാതോരാതെ സംസാരിക്കും. മതസൗഹാര്‍ദ ചിന്തയില്‍ സമാനമനസ്‌കരായിരുന്നുവെന്ന് അദ്ദേഹം പറയാറുണ്ട്. സി.എച്ച് പുരസ്‌കാരം ലഭിച്ച ചടങ്ങിലും വികാരാവേശത്തോടെ നടത്തിയ പ്രസംഗവും മറക്കാനാവില്ല.
മഹിളാ ചന്ദ്രിക വാര്‍ഷികാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് വീരേന്ദ്രകുമാര്‍ പറഞ്ഞതോര്‍ക്കുന്നു; 'ഗൃഹലക്ഷ്മിയെ ഒന്നു കാര്യമായി ഞെട്ടിക്കാന്‍ മഹിളാ ചന്ദ്രികയ്ക്കു കഴിഞ്ഞു. അതുകൊണ്ട് പുതിയ ഷീറ്റ് ഫെഡ് പ്രസ് വാങ്ങി, പുതിയ പത്രാധിപരെ വച്ചു, പുതിയ സ്റ്റൈല്‍ സ്വീകരിച്ചു'. പിന്നീട് കാണുമ്പോഴൊക്കെ ഇതേക്കുറിച്ചാണു സംസാരം. പീരിയോഡിക്കല്‍സ് എഡിറ്ററായിരുന്ന ഞാന്‍ പത്രാധിപരായി നിയമിതനായപ്പോള്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.
'സുപ്രഭാതം' തുടങ്ങുന്ന വിവരമറിയിച്ചിരുന്നു. എല്ലാ സഹായസഹകരണവും വാഗ്ദാനം ചെയ്തു. ചാലപ്പുറത്തെ വീട്ടില്‍ ഒരിക്കല്‍ കണ്ടപ്പോള്‍ 'ബുദ്ധന്റെ ചിരി' പുസ്തകം ഒപ്പിട്ടു തന്നു. വീരേന്ദ്രകുമാറിനു വല്ലാത്ത ഒരു ചൈതന്യമുണ്ടായിരുന്നു. ഏതു ചടങ്ങും ആവാഹിച്ചെടുക്കാനുള്ള ഒരു മാന്ത്രികശക്തി എടുത്തുപറയാതെ വയ്യ. രാഷ്ട്രീയക്കാര്‍ അക്ഷരങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുമ്പോള്‍ അക്ഷരങ്ങള്‍ വാരിപ്പുണരാന്‍ വെമ്പല്‍കൊണ്ടു ഈ സോഷ്യലിസ്റ്റ്.
മാതൃഭൂമിക്ക് വീരേന്ദ്രകുമാര്‍ ഉണ്ടാക്കിയ പുരോഗതി ചെറുതല്ല. എഴുത്തിന്റെയും എഴുത്തുകാരുടെയും മൂല്യം ഇത്രയേറെ മനസിലാക്കിയ പത്രമുതലാളിമാര്‍ അത്യപൂര്‍വമാണ്. ഇത്രയേറെ ലേഖനങ്ങള്‍ എഴുതിയ മറ്റൊരു പത്ര ഉടമ ഉണ്ടാവില്ല. ഭാഷയ്ക്കു മികച്ച സംഭാവനകളായി അദ്ദേഹത്തിന്റെ രണ്ടു ഡസനോളം പുസ്തകങ്ങള്‍ എടുത്തുകാണിക്കാനാവും. രാഷ്ട്രീയവും എഴുത്തും രണ്ടും സര്‍ഗാത്മക പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറയുമായിരുന്നു. പരന്ന വായനയും ആഴത്തിലുള്ള എഴുത്തും പ്രോജ്ജ്വലമായ പ്രഭാഷണവും വീരേന്ദ്രകുമാറിനു രാഷ്ട്രീയനേതാവ് എന്നതിനപ്പുറം സാംസ്‌കാരികനായകത്വം നല്‍കി.
വസ്ത്രധാരണത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുമെന്നു തോന്നുമെങ്കിലും സത്യത്തില്‍ അതൊന്നും ശ്രദ്ധിക്കാറേയില്ല. കിട്ടുന്ന മുണ്ടും ഷര്‍ട്ടും എടുത്തിട്ടു പോകും. സുന്ദരംസാമി എന്ന ഒരാളായിരുന്നു നന്ദനു മുന്‍പ് വീരേന്ദ്രകുമാറിന്റെ സെക്രട്ടറി. യാത്രയ്ക്കിറങ്ങുമ്പോള്‍ കീശയില്‍ പൈസ ഉണ്ടാവില്ല, പഴ്‌സ് ഉണ്ടാവില്ല. പലപ്പോഴും കാറില്‍ കയറിക്കഴിഞ്ഞ ശേഷമായിരിക്കും സാമി പൈസ കീശയില്‍ വച്ചുകൊടുക്കുക. സാമിയുടെ വിയോഗശേഷം നന്ദനാണു സെക്രട്ടറി. നന്ദനില്ലാതെ ഒരു നിമിഷംപോലും മുന്നോട്ടുപോകില്ലെന്ന അവസ്ഥയിലായിരുന്നു അദ്ദേഹം.
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സൗമ്യസാന്നിധ്യം വിരേന്ദ്രകുമാര്‍ ഇനി മലയാളമനസില്‍ നിത്യസാന്നിധ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."