വാക്കേറ്റത്തിനിടയില്‍ സെയില്സ്മാന് കുഴഞ്ഞു വീണ് മരിച്ചു
ചവറ: കടയുടമയും വാന്‍ സെയില്‍സ്മാനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടയില്‍ സെയില്സ്മാന് കുഴഞ്ഞ് വീണ് മരിച്ചു. കരുനാഗപ്പള്ളി മാരാരിതോട്ടം ചെറുവേലില്‍ തെക്കതില്‍ സോമശേഖരന്‍ പിള്ള ( 62 ) ആണ് മരിച്ചത്. വെള്ളിഴായ്ച്ച വൈകിട്ടായിരുന്നു സംഭവം. ഒരു പ്രമുഖ ബിസ്ക്കറ്റ് കമ്പനിയുടെ സാധനങ്ങളുമായി ചവറ ശങ്കരമംഗലം പെട്രോള്‍ പമ്പിന് സമീപമുള്ള ഹോട്ടലും ബേക്കറിയുമായി പ്രവര്‍ത്തിച്ച് വരുന്ന മണ്ണൂര്‍ എന്ന സ്ഥാപനത്തില്‍ ബേക്കറി സാധനങ്ങളുമായി എത്തിയതായിരുന്നു ഇയാള്‍. സാധനങ്ങള്‍ കടയിലിറക്കിയതിനു ശേഷം ഹോട്ടല്‍ ഉടമയായ രാജന് പിള്ളയോട് പണം ചോദിച്ചതോടെയാണ് വാക്കേറ്റമുണ്ടായതെന്ന് പൊലിസ് പറയുന്നു. അസഭ്യം പറഞ്ഞു കൊണ്ട് പണം നല്‍കാതെ രാജന് പിള്ള കമ്പിയുമായി സോമശേഖരന്‍ പിള്ളയെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ കുഴഞ്ഞ് വീഴുകയായിരുന്നുവെന്ന് വാന്‍ ഡ്രൈവര്‍ മരുന്നൂര് കുളങ്ങര സ്വദേശി രാഹുല്‍ പൊലിസിന് നല്കിയ മൊഴിയില്‍ പറയുന്നു. കടത്തിണ്ണയില്‍ കുഴഞ്ഞു വീണ സോമശേഖരന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ കടയുടമയും തൊഴിലാളികളും തയ്യാറായില്ലത്രേ.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. രാജന് പിള്ളയ്ക്കെതിരെ അന്വേഷണം നടക്കുന്നു. ഭാര്യ: സതീദേവി. മക്കള്‍: സ്മിത, സവിത. മരുമക്കള്‍: സുരേഷ്, ശ്രീപാലന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."