ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ്
കൊട്ടാരക്കര: ഐ.പി.എസ് ഓഫിസര്‍ ചമഞ്ഞ് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട , കോട്ടയം, എറണാകുളം ജില്ലകളില്‍ വര്‍ഷങ്ങളായി തട്ടിപ്പ് നടത്തി വന്ന യുവാവിനെ മോഷണവിരുദ്ധ സ്‌ക്വാഡ് പിടികൂടി. ത്യക്കണ്ണമംഗലില്‍ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന പത്തനാപുരം പനമ്പറ്റ ചന്ദ്രഭവനില്‍ രാജേഷ് ചന്ദ്രനാ (39)ണ് പിടിയിലായത്.
കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് രണ്ടര ലക്ഷം രുപയുടെ തട്ടിപ്പു നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ വലയിലായത്. തെക്കന്‍ ജില്ലകളിലെ വിവിധ പൊലിസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ ഇരുപതോളം തട്ടിപ്പു കേസുകള്‍ ഉള്ളതായി പൊലിസ് പറഞ്ഞു.
പൂയപ്പള്ളി, പുത്തൂര്‍, കൊടുമണ്‍, കോന്നി, ആറന്‍മുള, മൂവാറ്റുപുഴ, തൊടുപുഴ, കോട്ടയം, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
2010 ല്‍ പുനലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഇയാളെ പിടികൂടിയിരുന്നു. പല കേസുകളിലായി നാലര വര്‍ഷത്തോളം ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
സുധീഷ് നമ്പ്യാര്‍ ഐ.പി.എസ് എന്ന പേരിലും സി.ബി.ഐ ഡയറക്ടര്‍ ഹരികൃഷ്ണന്‍ ഐ.പി.എസ് എന്ന പേരിലും വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. ഈ ഐ.ഡി കാര്‍ഡുകള്‍ പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
ഗള്‍ഫിലേക്ക് വിസ നല്‍കാമെന്നും സൈന്യത്തില്‍ ജോലി വാഗ്ദാനം നല്‍കിയും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം വാങ്ങാമെന്ന് തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്. ദേവസ്വം മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ട ആളാണെന്ന് പറഞ്ഞായിരുന്നു ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയത്. തൊഴിലുറപ്പു തൊഴിലാളികള്‍ മുതല്‍ സമ്പന്നന്‍മാര്‍ വരെ ഇയാളുടെ വലയില്‍ വീണിട്ടുണ്ട്.
ഏഴു വര്‍ഷം സൈന്യത്തില്‍ ജോലി ചെയ്തിരുന്ന ഇയാളെ പിന്നീട് കുറ്റക്യത്യങ്ങളുടെ പേരില്‍ പിരിച്ചു വിടുകയായിരുന്നു. കബളിപ്പിച്ചു കിട്ടുന്ന പണം ഇയാള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചിരുന്നതായി പൊലിസ് പറഞ്ഞു.
കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവി എസ്.സുരേന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മോഷണ വിരുദ്ധ സംഘം കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റിലെ ഒരു വീട്ടില്‍ നിന്നും ഇയാളെ പിടികൂടിയത്. കൊട്ടാരക്കര പ്രിന്‍സിപ്പല്‍ എസ്.ഐ ശിവപ്രകാശ്, മോഷണ വിരുദ്ധ സംഘാംഗങ്ങളായ എസ്.ഐ ബിനോജ്, എ.എസ്.ഐമാരായ ഷാജഹാന്‍ എ.സി, ശിവശങ്കരപിള്ള, എസ്.സി.പി.ഒമാരായ അജയകുമാര്‍, ആഷിര്‍ കോഹൂര്‍, രാധാക്യഷ്ണപിള്ള, സുനില്‍ കുമാര്‍, ദേവപാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."