സഊദിയിലും യു.എ.ഇയിലുമായി എട്ടു മലയാളികള്‍ കൂടി മരിച്ചു
റിയാദ്: കൊവിഡ് ബാധിച്ച് സഊദിയിലും യു.എ.ഇയിലുമായി എട്ടു മലയാളികള്‍ കൂടി മരിച്ചു. സഊദിയില്‍ ആറ് പേരും യു.എ.ഇയില്‍ രണ്ടു പേരുമാണ് മരിച്ചത്.
തൃശൂര്‍ ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍ (64), കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി.പി അബ്ദുല്‍ ഖാദര്‍ (55), മലപ്പുറം ചട്ടിപ്പറമ്പ് പുള്ളിയില്‍ ഉമ്മര്‍ (49), മലപ്പുറം തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി (49), തലശ്ശേരി സ്വദേശി പി. നാസിം (56), വഴിക്കടവ് വെട്ടുക്കത്തിക്കോട്ടയിലെ പരേതനായ പുതിയത്ത് ഹൈദ്രുവിന്റെ മകന്‍ മുഹമ്മദ് എന്ന കുഞ്ഞു (52) എന്നിവരാണ് സഊദിയില്‍ മരിച്ചത്. തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി കൊടാലില്‍ അബ്ദുല്‍കരീം (48), എടപ്പാള്‍ ഐലക്കാട് സ്വദേശി കുണ്ടുപറമ്പില്‍ മൊയ്തുട്ടി (50) എന്നിവര്‍ യു.എ.ഇയിലെ ദുബൈ, അബൂദബി എന്നിവിടങ്ങളിലുമാണ് മരിച്ചത്.
സഊദിയിലെ റിയാദില്‍ മരിച്ച ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂര്‍ സ്വദേശി കൊരമുട്ടിപ്പറമ്പില്‍ ബഷീര്‍ (64) കൊവിഡ് ബാധയെ തുടര്‍ന്ന് ബദിയയിലെ കിങ് സല്‍മാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു മരണം. എന്നാല്‍, രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ കാരണം റിയാദിലുള്ള മകന്‍ ഷൗക്കത്തിന് ആശുപത്രിയിലെത്താന്‍ കഴിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിതാവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് നാലു ദിവസം മുന്‍പ് മരിച്ച വിവരം അറിയുന്നത്. 12 വര്‍ഷമായി റിയാദിലുള്ള ബഷീര്‍ മലസിലെ ബൂഫിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഷൗക്കത്തിനെ കൂടാതെ ഷബ്‌ന എന്ന മകള്‍ കൂടിയുണ്ട്. സന്ദര്‍ശക വിസയിലെത്തിയ ഭാര്യ നസീറ റിയാദിലുണ്ട്. മാള സുന്നി സെന്റര്‍ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് മരിച്ച ബഷീര്‍.
കോഴിക്കോട് പെരുമണ്ണ തെക്കേ പാടത്ത് വി.പി അബ്ദുല്‍ ഖാദര്‍ അല്‍ കോബാറില്‍ താമസ സ്ഥലത്ത് വച്ചാണ് മരണപ്പെട്ടത്. നാല് ദിവസം മുന്‍പ് പനിയെ തുടര്‍ന്ന് സ്വകാര്യ മെഡിക്കല്‍ സെന്റെറില്‍ പ്രവേശിപ്പിച്ചു ചികിത്സ നടത്തിയെങ്കിലും മറ്റു രോഗലക്ഷണമൊന്നുമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനാ ഫലം പുറത്തു വന്നപ്പോള്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയായിരുന്നു.
പതിനഞ്ചു വര്‍ഷമായി സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സുഹറ, മക്കള്‍: അജാസ്, റാഷിദ്, ജസ്‌ന, മുബഷിറ, മരുമക്കള്‍: ഷമീര്‍, ഷാഫി, ഷഹന. മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂര്‍ പുള്ളിയില്‍ കുഞ്ഞാലിയുടെ മകന്‍ ഉമ്മര്‍, തുവ്വൂര്‍ ഐലാശ്ശേരി അസൈനാര്‍പടി സ്വദേശി ആനപ്പട്ടത്ത് മുഹമ്മദലി എന്നിവര്‍ ജിദ്ദയിലാണ് മരണപ്പെട്ടത്. ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരിക്കെയാണ് ഉമ്മറിന്റെ മരണം. മാതാവ്: പുള്ളിയില്‍ ആയിഷ (ആലത്തൂര്‍പടി). ഭാര്യ: ഉമ്മുഷമീമ പഴമള്ളൂര്‍. മക്കള്‍: മുഹമ്മദ് ബിന്‍ഷാദ് (ജെംസ് കോളജ്, രാമപുരം), മുന്‍സില (ഐ.കെ.ടി ഹൈസ്‌കൂള്‍, ചെറുക്കുളമ്പ്), അന്‍ഷില (എ.കെ.എം സ്‌കൂള്‍, കോട്ടൂര്‍), നജ്‌ല (ഗ്രെയ്‌സ് വാലി സ്‌കൂള്‍, മരവട്ടം). സഹോദരങ്ങള്‍: ഉണ്ണീന്‍കുട്ടി, ജാബിര്‍ അലി, അക്ബര്‍ അലി, ഷമീറലി, അമീറലി, ആമിന, ഖദീജ, സൈഫുന്നീസ. മരിച്ച തുവ്വൂര്‍ സ്വദേശി മുഹമ്മദലി ജിദ്ദ റുവൈസിലെ കാര്‍ ഷോറൂമിലെ ജീവനക്കാരനായിരുന്നു.
ജിദ്ദയില്‍ മരിച്ച വഴിക്കടവ് സ്വദേശി മുഹമ്മദ് സനാഇയ്യയില്‍ ടിഷ്യു പേപ്പര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കൊവിഡ് പോസിറ്റീവ് ആയതോടെ കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ഭാര്യ: നബീസ. മക്കള്‍: സക്കീര്‍ ഹുസൈന്‍ (കുവൈത്ത്) മുഹമ്മദ് ഷമീല്‍, സഹീന. മാതാവ്: ആയിശുമ്മ
റിയാദില്‍ മരിച്ച തലശ്ശേരി മൂഴിക്കര ജുമാമസ്ജിദിനു സമീപത്തെ കുഞ്ഞിപ്പറമ്പത്ത് വീട്ടില്‍ പി. നാസിമിനെ ബത്തയിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ കഴിഞ്ഞ 22നാണ് പ്രവേശിപ്പിച്ചത്. റിയാദില്‍ റെഡിമെയ്ഡ് കട നടത്തിവരികയായിരുന്നു. ഉസ്മാന്റെയും മാഞ്ഞയുടെയും മകനാണ്. ഭാര്യ: റുഖ്‌സാന. മക്കള്‍: ഡോ. മുസ്ഫിര്‍ (കോഴിക്കോട് മെഡിക്കല്‍ കോളജ്), സന, നെസൂറ. സഹോദരങ്ങള്‍: ഹനീഫ (പാറാല്‍), സിറാജ്, ഫൈസല്‍, നൂറുദ്ദീന്‍, നൗഷാദ്, ഉഫൈദ.
ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച സ്വകാര്യ കമ്പനി ജീവനക്കാരനായ അബ്ദുല്‍കരീം ഒരുമാസത്തോളമായി ദുബൈ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഭാര്യ: സലീന. മക്കള്‍: സഹല്‍, സുഹ ഫാത്തിമ, സിദ്‌റ.
അബൂദബിയിലെ ഉം അല്‍ നാറില്‍ ഹൗസ് ഡ്രൈവറായിരുന്നു മരിച്ച മൊയ്തുട്ടി. ആഴ്ചകളായി അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റംല. മക്കള്‍: സഫ്‌വാന്‍, സുഹൈല്‍, സഹ്‌ല. മാതാവ്: ഐഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."