ഹാതിം അഷ്‌റഫിനെ ആദരിച്ചു
ദോഹ: ഗുജറാത്തില്‍ നടന്ന ഇന്റര്‍സ്‌കൂള്‍ സ്‌പോര്‍ട്‌സ് ആന്റ് ഗെയിംസില്‍ മികച്ച നേട്ടം കരസ്ഥമാക്കിയ ദോഹ എം.ഇ.എസ് ഇന്ത്യന്‍സ്‌കൂള്‍ വിദ്യാര്‍ത്ഥി എം.കെ ഹാതിം അഷ്‌റഫിനെ കൊടിയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറം ആദരിച്ചു.
ഖത്തറിലെ ഇന്ത്യന്‍സ്‌കൂളുകളെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന അഖിലേന്ത്യാ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ മൂന്നുതവണ പങ്കെടുത്ത് പോയന്റുകള്‍ കരസ്ഥമാക്കിയ ഹാതിം മൂന്നാം ക്ലാസ്സ് മുതല്‍ എം.ഇ.എസ് സ്‌കൂളിലെ വ്യക്തിഗത ചാമ്പ്യനാണ്. ഖത്തറിലെ അറബിക് സ്‌കൂളുകള്‍ പങ്കെടുക്കുന്ന സ്‌കൂള്‍സ് ഒളിമ്പിക്‌സ് പ്രോഗ്രാമില്‍ നിരവധി ഇനങ്ങളില്‍ തുടര്‍ച്ചയായി സമ്മാനങ്ങള്‍ നേടിയ ഹാതിമിന്റെ കഴിവ് കണ്ടറിഞ്ഞാണ് വക്ര സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ അംഗമാക്കിയത്. ഈജിപ്തുകാരനായ റിദയും സുഡാനിയായ മുസ്തഫയുമാണ് ക്ലബ്ബില്‍ പരിശീലനം നല്‍കുന്നത്.
ഖത്തറിലെ സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെ പൊതുവേദിയായ ഇന്റര്‍ക്ലബ്ബ് കോമ്പറ്റീഷനിലും പലതവണ സമ്മാനങ്ങള്‍ നടിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണ സി.ബി.എസ്.സി. ഇന്റര്‍സ്‌കൂള്‍ മീറ്റില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ എം.ഇ.എസ്.സ്‌കൂളിനെ സഹായിച്ചത് ഹാതിമിന്റെ മികച്ച പ്രകടനമാണ്. 50,100 മീറ്റര്‍ സ്പ്രിന്റും 200 മീറ്റര്‍ റിലേയുമാണ് ഹാതിമിന്റെ ഇനങ്ങള്‍. തുടര്‍പഠനത്തിന് നാട്ടിലേക്ക് പോകുന്ന ഹാതിമിന് വക്ര ക്ലബ്ബ് അവരുടെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ദോഹയിലേക്ക് വരാനുള്ള അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഖത്തര്‍ പെട്രോളിയം ജീവനക്കാരനും കൊടിയത്തൂര്‍ സ്വദേശിയുമായ എം.കെ.അഷ്‌റഫിന്റെ മകനായ ഹാതിമിന് സര്‍വ്വിസ് ഫോറത്തിന്റെ ഉപഹാരം പ്രസിഡണ്ട് പി.അബ്ദുല്‍ അസീസ് സമ്മാനിച്ചു. ഫോറത്തിന്റെ പി.ആര്‍.ടീം അംഗങ്ങളായ സി.കെ.റഫീഖ് , എം.എ. അസീസ്, വി.വി.ഷഫീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്‌പോര്‍ട്‌സിലെ മികച്ച പ്രകടനത്തിന് എം.ഇ.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി എം.കെ. ഹാതിം അഷ്‌റഫിന് കൊടിയത്തൂര്‍ ഏരിയ സര്‍വ്വീസ് ഫോറത്തിന്റെ ഉപഹാരം പി.അബ്ദുല്‍ അസീസ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."