ഗതകാല പ്രൗഢിയുമായി പുനലൂര്‍ തൂക്കുപാലം
പുനലൂര്‍: ജില്ലയിലെ പ്രമുഖ മലയോര പട്ടണമായ പുനലൂരിനെ പുരാവസ്തു സ്മാരകപ്പട്ടികയില്‍ പ്രമുഖസ്ഥാനത്തു പ്രതിഷ്ടിക്കുകയാണ് പുനലൂര്‍ തൂക്കുപാലം. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമാണിത്. 1871ല്‍ ബ്രിട്ടീഷ് സാങ്കേതിക വിദഗ്ദന്‍ ആല്‍ബെര്‍ട് ഹെന്‍ട്രിയുടെ മേല്‍നോട്ടത്തില്‍ രൂപകല്‍പ്പനയും നിര്‍മാണവുമാരംഭിച്ച് 1877 ല്‍ പണിപൂര്‍ത്തിയാക്കിയതാണ് പാലം. 1880ല്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. തെക്കേഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ സംരംഭമായിരുന്നു ഇത്.
കല്ലടയാറിന്റെ ഇരുകരകളിലുമായി വളര്‍ന്നുവന്ന പുനലൂര്‍ പട്ടണത്തിന്റെ ചരിത്രനാള്‍വഴിയില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്ന തൂക്കുപാലത്തിന്റെ നിര്‍മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിലും സഹായകരമായി. പൊതുവേ നീരൊഴുക്കും അടിയൊഴുക്കും വളരെ കൂടുതലുള്ള നദിയാണ്, ശാന്തമായി ഒഴുകുന്നതായി തോന്നിപ്പിക്കുന്ന കല്ലട. അതുകൊണ്ടുതന്നെ നിരവധി തൂണുകളിലുറപ്പിക്കുന്നതരം സാധാരണ പാലം കുറേയധികം ശ്രമങ്ങള്‍ക്ക് ശേഷവും സാധ്യമല്ലാതായ സാഹചര്യത്തിലാണ് തൂക്ക് പാലമെന്ന ആശയമുടലെടുത്തത്. ഒപ്പം, കിഴക്കന്‍ മലനിരകളില്‍ നിന്നും പട്ടണത്തിലേക്കെത്താന്‍ സാധ്യതയുള്ള വന്യമൃഗ ഭീക്ഷണിയും കാരണമായിരുന്നു.
കരയോടടുത്തുതന്നെയുള്ള രണ്ടു വലിയ കമാന ആകൃതിയിലുള്ള തൂണുകളെ പരസ്പരം ബന്ധിപ്പിക്കുന്ന വിധത്തില്‍ ഇരുവശത്തുമായി രണ്ട് കൂറ്റന്‍ ചങ്ങലകളാല്‍ തൂക്കിയിട്ടിരിക്കുകയാണ് ഇതിന്റെ പ്രധാന ഭാഗം. ഈ ചങ്ങലകള്‍ പൂര്‍ണമായും കരഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന നാലു കിണറുകള്‍ക്കുള്ളിലിറക്കി ശക്തിപെടുത്തുകയും ഒപ്പം മധ്യഭാഗത്തെ കരഭാഗവുമായി സമാനരീതിയില്‍ ബന്ധിപ്പിക്കുകയും ചെയ്തിരിക്കുന്നു. ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പ് ചട്ടക്കൂടുകളിലുറപ്പിച്ച തേക്ക് തടി പാളങ്ങള്‍ കൊണ്ടുള്ള പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു വാഹനഗതാഗതമുള്‍പ്പടെ ഉണ്ടായിരുന്നതെന്നത് കൗതുകകരമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."