എം.പി ഫണ്ട്; വികസന പ്രവര്‍ത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്
ചടയമംഗലം: എന്‍.കെ പ്രേമചന്ദ്രന് എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങളിലെ ഗുരുതരമായ കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെ.പി.സി.സി സെക്രട്ടറി എം.എം നസീര്‍ ആവശ്യപ്പെട്ടു. ചടയമംഗലം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.പി ഫണ്ടിന്റെ ഭരണാനുമതി നല്‍കുന്നതിനും പ്രവര്‍ത്തി നടപ്പാക്കുന്നതിനും അതീവ ഗുരുതരമായ വീഴ്ചയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. എം.പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കേണ്ട ചടയമംഗലം നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശുപാര്‍ശകള്‍ 2016 മേയില്‍ എം.പി സമര്‍പ്പിച്ചിട്ട് പോലും നാളിതുവരെ ഭരണാനുമതി നല്‍കിയിട്ടില്ല. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിലെ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ കര്‍ശന നിലപാട് സ്വീകരിക്കുവാനും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
എന്‍.കെ പ്രേമചന്ദ്രന് എം.പി പങ്കെടുത്ത യോഗത്തില്‍ ചിതറ മുരളി അധ്യക്ഷത വഹിച്ചു. മഠത്തില്‍ മോഹനന് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ സബീര്‍ മാറ്റപ്പിള്ളി, ചന്ദ്രബോസ്, കൊല്ലായ് സുരേഷ്, നളിനാക്ഷന്, ഇല്ല്യാസ് റാവുത്തര്‍, വട്ടപ്പാറ നാസമുദ്ദീന്, ഭുവനചന്ദ്ര കുറുപ്പ്, സിബി, പ്രദീപ്, നാസര്‍ നിലമേല്‍, എം.എ റാഫി, മഞ്ഞപ്പാറ സലീം തുടങ്ങിയവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."