ബി.ജെ.പി അനുഭാവിയെ വി.സിയാക്കാന്‍ ഗവര്‍ണര്‍ , കാലിക്കറ്റ് സര്‍വകലാശാലയിലും കാവിവല്‍ക്കരണത്തിന് നീക്കം
സ്വന്തം ലേഖകന്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലും കാവിവല്‍ക്കരണത്തിന് നീക്കം. ബി.ജെ.പി അനുഭാവിയെ ഗവര്‍ണറുടെ സഹായത്തോടെ വി.സിയാക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നോമിനിയുടെ പേര് നേരത്തെ നല്‍കിയിട്ടും ആര്‍.എസ്.എസ് അജന്‍ഡ നടപ്പാക്കുന്നതിനായി വി.സി നിയമനം ഗവര്‍ണര്‍ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. സംസ്ഥാന സര്‍ക്കാര്‍ നോമിനിയായ പ്രൊഫ. കെ.എം സീതിയുടെ നിയമനം വൈകിപ്പിച്ച് അദ്ദേഹത്തെ പ്രായാധിക്യത്തിന്റെ പേരില്‍ അയോഗ്യനാക്കി ബി.ജെ.പി നോമിനിയായ സി.എ ജയപ്രകാശിനെ തല്‍സ്ഥാനത്ത് അവരോധിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി സെര്‍ച്ച് കമ്മിറ്റിയിലെ യു.ജി.സി പ്രതിനിധി ഡോ.ജഗദീഷ് കുമാര്‍ ജയപ്രകാശിന് മുന്‍ഗണന നല്‍കിക്കൊണ്ടുള്ള പാനല്‍ സമര്‍പ്പിച്ചു.
60 വയസില്‍ താഴെയുള്ളവര്‍ക്കെ വി.സിയാകാന്‍ യോഗ്യതയുള്ളൂ എന്നിരിക്കേ 60 വയസ് പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള പ്രൊഫ. സീതിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ ഒന്നാമതായി നല്‍കിയതാണ് വിനയായത്. ഈ അവസരം മുതലെടുത്താണ് ബി.ജെ.പി നോമിനിക്കുവേണ്ടി ഗവര്‍ണര്‍ നിയമനം വൈകിപ്പിക്കുന്നത്. മെയ് 28നകം നിയമനം നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം നിരാകരിച്ച് ബി.ജെ.പി താല്‍പര്യത്തിന് വഴങ്ങി നിയമനം വൈകിപ്പിക്കുകയാണെന്നാണ് വിവരം. സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനം കഴിഞ്ഞ നവംബറില്‍ നല്‍കേണ്ടതിനുപകരം ആറുമാസത്തോളം നീട്ടിക്കൊണ്ടുപോയി മെയ് അവസാനത്തില്‍ 60 വയസ് പൂര്‍ത്തീകരിക്കുന്ന പ്രൊഫ. കെ.എം സീതിയെ വി.സിയാക്കാന്‍ പാനലില്‍ മുന്‍ഗണന നല്‍കിയതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഈ നീക്കത്തിലൂടെ ബി.ജെ.പിക്ക് അവസരം ഒരുക്കിക്കൊടുത്ത സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
പ്രായാധിക്യത്തിന്റെ പേരില്‍ പ്രൊഫ. സീതിയുടെ നോമിനേഷന്‍ തള്ളപ്പെടുന്നതോടെ ബി.ജെ.പി നോമിനിക്ക് നറുക്കുവീണില്ലെങ്കില്‍ പിന്നീട് സാധ്യത സംസ്ഥാന സര്‍ക്കാരിന്റെ മറ്റു നോമിനികളായ അരവിന്ദാക്ഷന്‍, ജയരാജന്‍ എന്നിവരില്‍ ഒരാള്‍ക്കായിരിക്കും. സെര്‍ച്ച് കമ്മിറ്റിയിലെ സര്‍വകലാശാലാ പ്രതിനിധിയായ ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സമര്‍പ്പിച്ച പാനലില്‍ സര്‍ക്കാര്‍ നോമിനിയായി ഡോ. കെ.എം സീതിയുടെ പേരിന് മുന്‍ഗണന നല്‍കിയിട്ടുണ്ടെങ്കിലും പ്രായാധിക്യത്തിന്റെ പേരില്‍ ഇത് തള്ളിയാല്‍ അരവിന്ദാക്ഷനോ ജയരാജനോ അവസരം നല്‍കാമെന്ന കണക്കുകൂട്ടലായിരുന്നു സി.പി.എമ്മിന്. എന്നാല്‍, ഈ നീക്കത്തെ തകിടംമറിച്ച് ബി.ജെ.പി നോമിനിക്കുവേണ്ടി ഗവര്‍ണര്‍ കരുനീക്കിയതോടെ സി.പി.എം വെട്ടിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."