കേരളത്തിലെ ആദ്യ അറേബ്യന്‍-പേര്‍ഷ്യന്‍ മന്ദിരമായ കൊണ്ടോട്ടി ഖുബ്ബ സുബ്രഹ്മണ്യ ക്ഷേത്രമായിരുന്നുവെന്ന് സംഘ്പരിവാര്‍
അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കേരളത്തില്‍ ആദ്യമായി അറേബ്യന്‍-പേര്‍ഷ്യന്‍ വാസ്തുശില്‍പ ചാതുരിയില്‍ നിര്‍മിച്ച ചരിത്രപ്രസിദ്ധമായ കൊണ്ടോട്ടി ഖുബ്ബ സുബ്രഹ്മണ്യക്ഷേത്രമായിരുന്നുവെന്ന് വ്യാജപ്രചാരണവുമായി സംഘ്പരിവാര്‍ രംഗത്ത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പേരിലുളള ഫെയ്‌സ് ബുക്ക് അകൗണ്ട് വഴിയാണ് സംഘ്പരിവാറിന്റെ വ്യാജ പ്രചരണം. കൊണ്ടോട്ടി ഖുബ്ബയുടെ ചിത്രത്തോടൊപ്പം ഇത് മലപ്പുറം ജില്ലയിലെ പഴയങ്ങാടി പള്ളിയാണെന്നും ഒരു കാലത്ത് സുബ്രഹ്മണ്യക്ഷേത്രമായിരുന്നുവെന്നുമാണ് പ്രചരിപ്പിക്കുന്നത്. അജിത് ഡോവലിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഈ അക്കൗണ്ട് നാല് ലക്ഷത്തിലേറെ പേരാണ് ലൈക്ക് ചെയ്തത്. വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് സംഘ് പരിവാര്‍ ഉപയോഗിക്കുന്നത്. ഖുബ്ബയ്ക്ക് വിളിപാട് അകലെയാണ് ഏറനാട്ടിലെ ചരിത്രപ്രസിദ്ധമായി പഴയങ്ങാടി പള്ളി സ്ഥിതിചെയ്യുന്നത്.
കേരളത്തിലെ ഇസ്‌ലാമിക-പേര്‍ഷ്യന്‍ വാസ്തുവിദ്യയില്‍ നിര്‍മിക്കപ്പെട്ട ആദ്യ സ്മാരകമാണ് കൊണ്ടോട്ടി തങ്ങന്മാരുടെ പൂര്‍വികനായ മുഹമ്മദ് ഷാ തങ്ങളുടെ ഖബറിനോടനുബന്ധിച്ച് നിര്‍മിച്ച കൊണ്ടോട്ടിഖുബ്ബ. മുംബൈയിലെ കില്‍താനി(കല്യാണി)ല്‍ നിന്നെത്തിയവരാണ് കൊണ്ടോട്ടി തങ്ങന്മാര്‍.
കൊണ്ടോട്ടിയിലെ വലിയ ഭൂസ്വത്തിനുടമയായ കീടക്കാട്ട് പുത്തന്‍പീടിയേക്കല്‍ കുഞ്ഞറുമുട്ടി മൂപ്പനാണ് ഇന്ന് കാണുന്ന തക്കിയാവും പള്ളിയും സ്ഥിതി ചെയ്യുന്ന സ്ഥലം ദാനം ചെയ്തത്. പിന്നീട് മൂപ്പന്‍ അദ്ദേഹത്തിന്റെ കാര്യസ്ഥനായി. മുഹമ്മദ് ഷാ തങ്ങളുടെ മരണശേഷം രണ്ടാമത്തെ പിന്‍ഗാമിയായിരുന്ന മുഹമ്മദ് ഇഷ്തിയാഖ് ഷാ ഒന്നാമന്റെ കാലത്താണ് 1814ല്‍ കൊണ്ടോട്ടി ഖുബ്ബ നിര്‍മിച്ചത്.
ഖുബ്ബയോട് കൂടിയ സമരചതുരാകൃതിയിലുളള കെട്ടിടത്തിന്റെ ഓരോ ഭാഗവും ഏഴ് ആര്‍ച്ചുകളോട് കൂടിയ ജാളികളാല്‍ അലങ്കരിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 30 അടിയോളം ഉയരമുളള വാസ്തു ശില്‍പത്തിന്റെ നിര്‍മാണ രീതിയും വാസ്തുക്കളും കേരളീയമല്ല.
കൊത്തിമിനുക്കിയ കരിങ്കല്ലില്‍ മധുരക്കാരായ ശില്‍പ്പികളാണ് ഖുബ്ബപണിതത്. ചുണ്ണാമ്പും ശര്‍ക്കരയുമാണ് കരിങ്കല്ല് ചേര്‍ത്ത് വയ്ക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
അരിമ്പ്ര സ്വദേശിനിയായ ഒരുവനിതയും കീടക്കാട്ട് പുത്തന്‍ പീടിയേക്കല്‍ മുഹമ്മദ് എന്നയാളുമാണ് നിര്‍മാണത്തിനാവശ്യമായ ചെലവ് ഭൂരിഭാഗവും വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."