കൊട്ടാരക്കര ക്ഷേത്രത്തില്‍ ഇനി പ്ലാസ്റ്റിക് കയറ്റില്ല
കൊല്ലം: കൊട്ടാരക്കര ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്നതിന് തീരുമാനിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത ക്ഷേത്ര ഭാരവാഹികളെ ജില്ലാ കലക്ടര്‍ ഡോ. മിത്ര .റ്റി അഭിനന്ദിച്ചു. ജില്ലാ ശുചിത്വ മിഷന് കോഓര്‍ഡിനേറ്റര്‍ ജി കൃഷ്ണകുമാര്‍ ക്ഷേത്ര ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ക്ഷേത്രത്തില്‍ പൂര്‍ണമായും ഹരിതചട്ടം പാലിക്കാന്‍ തീരുമാനമായത്. ഉണ്ണിയപ്പം ഉള്‍പ്പെടെയുള്ള പ്രസാദ വിതരണത്തിന് പ്ലാസ്റ്റിക് ടിന്നുകളും കവറുകളും ഒഴിവാക്കി, ഇതിനായി വാഴയില, പേപ്പര്‍ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കും. ക്ഷേത്ര പരിസരത്ത് പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് കുപ്പിവെളളം, ഡിസ്പോസിബിള്‍ സാമഗ്രികളായ പ്ലാസ്റ്റിക്കിലും പേപ്പറിലും നിര്‍മ്മിച്ച കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശിക്കും. വ്യാപാരികള്‍ ഇതുമായി സഹകരിക്കണമെന്ന് ഉപദേശക സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ഉത്സവം ഉള്‍പ്പെടെയുളള പ്രചാരണങ്ങള്‍ക്ക് ഫ്ളക്സ് ബോര്‍ഡുകള്‍ ഒഴിവാക്കും. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കും ഉപദേശക സമിതി അംഗങ്ങള്‍ക്കും ഹരിതചട്ടങ്ങള്‍ സംബന്ധിച്ച് ജില്ലാ ശുചിത്വ മിഷന് പരിശീലനം നല്‍കും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ് ഗോപകുമാര്‍, സെക്രട്ടറി ഡി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ. ആര് കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ റ്റി രാധാകൃഷ്ണപിള്ള, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ എ സുരേഷ്കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."