ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റാകും
#യു.എച്ച് സിദ്ദീഖ്
ആലപ്പുഴ: സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷയായി ഒളിംപ്യന്‍ മേഴ്സിക്കുട്ടന്‍ എത്തുന്നു. ടി.പി ദാസനെ ഒഴിവാക്കി മേഴ്സിക്കുട്ടനെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി നിയമിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. കായിക രംഗത്ത് നിന്ന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിനെ നിയമിക്കണമെന്ന കായിക മന്ത്രി ഇ.പി ജയരാജന്റെ താല്പര്യമാണ് നിലവില്‍ വൈസ് പ്രസിഡന്റായ മേഴ്സിക്കുട്ടന്‍ അധ്യക്ഷ സ്ഥാനത്തേക്ക് വഴി തുറന്നത്.
മേഴ്സിക്കുട്ടനെ സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് ഒഴിവാക്കാന്‍ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമം നടത്തിയിരുന്നു. ടി.പി ദാസന് ഒരു അവസരം കൂടി നല്‍കണമെന്ന ആവശ്യവും ശക്തമാക്കിയിരുന്നു. എന്നാല്‍, മന്ത്രി ഇ.പി ജയരാജനും സ്പോര്‍ട്സ് കൗണ്‍സില്‍ ചുമതലയുള്ള കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന് മാസ്റ്ററും കായിക താരം തന്നെ അധ്യക്ഷ സ്ഥാനത്ത് എത്തണമെന്ന നിലപാട് കടുപ്പിച്ചതോടെ ടി.പി ദാസനെ ഒഴിവാക്കി മേഴ്സിക്കുട്ടന്‍ നറുക്ക് വീഴുകയായിരുന്നു. വൈസ് പ്രസിഡന്റായി കണ്ണൂരില്‍ നിന്നുള്ള ഒ.കെ ബിനീഷിനെ നിയോഗിക്കാനാണ് സി.പി.എം തീരുമാനം. പുതിയ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡിലേക്കുള്ള അംഗങ്ങളെയും നിശ്ചയിച്ചിട്ടുണ്ട്. മദ്യ വ്യവസായിയും കേരള ഒളിംപിക് അസോസിയേഷന് പ്രസിഡന്റുമായ സുനില്‍ കുമാര്‍, ഐ.എം വിജയന്, എം.ആര് രഞ്ജിത്ത്, കെ.എം ബീനാമോള്‍, കെ.സി ലേഖ, കപില്‍ദേവ്, എസ്. രാജീവ് എന്നിവരെയാണ് നിശ്ചയിച്ചിട്ടുള്ളത്.
വിവാദങ്ങള്‍ ഒഴിവാക്കി കായിക രംഗത്ത് നിന്നുള്ളവര്‍ തന്നെ സ്പോര്‍ട്സ് കൗണ്‍സില്‍ ഭരിക്കട്ടെയെന്ന മന്ത്രിയുടെ താല്പര്യത്തിന് പാര്‍ട്ടി വഴങ്ങിയതോടെയാണ് നിലവിലെ ബോര്‍ഡില്‍ ഉള്ള അഴിമതിക്കാര്‍ ഉള്‍പ്പെടെ വിവാദ നായകരെ ഒഴിവാക്കിയത്. പുതിയ ഭാരവാഹികളുടെ നിയമനം പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."