ഇന്ത്യ ഫൈനലില്‍
ബിരാത്നഗര്‍: സാഫ് വനിതാ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ് സെമിഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ അഞ്ചാം തവണയും ഫൈനലില്‍ കടന്നു. ഇന്ദുമതി കതിരേശന്റെ ഇരട്ടഗോള്‍ ബലത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം. സാഫ് കപ്പില്‍ നാല് തവണയും ചാംപ്യന്മാരായ ഇന്ത്യ ഇക്കുറിയും കിരീടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. സമിഫൈനലില് മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീമിന് ഫൈനലില്‍ കരുത്തരായ നേപ്പാളാണ് എതിരാളികള്‍. ശ്രീലങ്കയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നേപ്പാള്‍ ഫൈനലിലെത്തിയത്. ഇന്ത്യ നാല് തവണ സാഫ് കപ്പ് ഫൈനല്‍ കളിച്ചപ്പോള്‍ മൂന്ന് പ്രാവശ്യവും നേപ്പാള്‍ തന്നെയായിരുന്നു എതിരാളികള്‍.
18ാം മിനുട്ടില്‍ ദാലിമയാണ് ഇന്ത്യന്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. സഞ്ജു എടുത്ത കോര്‍ണറില്‍ നിന്നാണ് ആദ്യ ഗോളിന്റെ പിറവി. 23ാം മിനുട്ടില്‍ ഇന്ദുമതിയിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേടി. ഈ ഗോളിന് വഴിയൊരുക്കിയതും സഞ്ജുവായിരുന്നു. ആദ്യപകുതിക്ക് മുന്‍പ് തന്നെ ഇന്ത്യ തങ്ങളുടെ മൂന്നാം ഗോളും കണ്ടെത്തി. ഒരു അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഇന്ദുമതിയാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. ഇന്ദുമതിയുടെ മത്സരത്തിലെ രണ്ടാം ഗോളായിരുന്നു ഇത്. മൂന്ന് ഗോളിന്റെ ലീഡുമായി കളംവിട്ട ഇന്ത്യ രണ്ടാം പകുതിയിലും ആക്രമിച്ച് കളിച്ചെങ്കിലും പ്രതിരോധം ശക്തമാക്കിയ ബംഗ്ലാദേശ് ഇന്ത്യന്‍ മുന്നേറ്റം തടഞ്ഞു. രണ്ടാം പകുതിയുടെ ഇന്‍ജുറി സമയത്ത് ഇന്ത്യ മത്സരത്തിലെ നാലാം ഗോള്‍ നേടി. 92ാം മിനുട്ടില്‍ മനീഷയാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്. നാല് ഗോളുകളുമായി ഇന്ദുമതി കതിരേശനാണ് ടൂര്‍ണമെന്റിലെ ഗോള്‍വേട്ട പട്ടികയില്‍ മുന്പിലുള്ളത്. മൂന്ന് ഗോളുകളുമായി നേപ്പാളിന്റെ സബിത ബണ്ഡാരി തൊട്ടുപിന്നിലുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ മാല്‍ഡീവ്സിനെ ആറ് ഗോളുകള്‍ക്കും ശ്രീലങ്കയെ അഞ്ച് ഗോളുകള്‍ക്കും തകര്‍ത്ത ഇന്ത്യ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."